പശ്ചിമകൊച്ചിയിൽ നിന്ന് നീതിപീഠത്തിലേക്ക്…

നാടിന് അഭിമാനമായി ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജായി അവരോധിതയാകുന്നു. പശ്ചിമകൊച്ചിയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. ഉന്നതമായ ഈ ഭരണഘടനാപദവിയിലേക്ക് ഒരു വനിതയെ സമ്മാനിക്കാൻ കൊച്ചിക്കു കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്.ഡിസംബർ മാസത്തിൽ നടന്ന മത്സരപ്പരീക്ഷയിലും മാർച്ച്‌ മാസത്തിൽ നടന്ന ഇൻ്റർവ്യൂവിലും പങ്കെടുത്ത് ഒന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ അഡ്വ. സ്മിത, മുണ്ടംവേലി പള്ളിക്കടവിൽ പ്രശസ്തനായ അഭിഭാഷകൻ ജോർജ്ജിൻ്റെയും മറിയാമ്മയുടെയും മകളും പറേമുറി ആൻസലിൻ്റെ ഭാര്യയുമാണ്. ആൻ മേരി ആൻസൽ, ആൻ റെയ്ച്ചൽ ആൻസൽ എന്നിവർ മക്കളാണ്. സഹോദരി ദീപ ജോർജ്.2007ൽ ഉന്നത വിജയത്തോടെ LLB പാസ്സായ അഡ്വ. സ്മിത ജോർജ് പ്രശസ്ത സീനിയർ അഭിഭാഷകൻ കെ. രാംകുമാറിനു കീഴിലാണ് പ്രായോഗിക പരിശീലനം നേടിയത്.”ദുർബലർക്കും അനാഥർക്കും നീതി പാലിച്ചുകൊടുക്കുവിൻ. പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിൻ” (സങ്കീ 82,3).അഡ്വ. സ്മിത ജില്ലാ ജഡ്ജിൻ്റെ പീഠമേറുമ്പോൾ കൊച്ചി രൂപതയിലെ ഞാനടക്കമുള്ള വിശ്വാസീസമൂഹം ഹർഷപുളകിതരാകുകയാണ്. 1994-ൽ മുണ്ടംവേലി ഇടവകയിലെ മുതിർന്ന വിദ്യാർത്ഥികൾക്കായി ഞായറാഴ്ചകളിൽ ഞാൻ നടത്തിയിരുന്ന വേദപാഠ ക്ലാസ്സുകളിലെ സജീവ സാന്നിധ്യമായിരുന്ന സ്മിത എന്ന വിദ്യാർത്ഥിനി ദൈവകൃപയാൽ ഉന്നതികൾ കീഴടക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത്രയ്ക്ക് പ്രകടമായിരുന്നു അവളിലെ വ്യക്തിത്വസമഗ്രതയും വിശ്വാസബോധ്യങ്ങളും രാജ്യസ്നേഹവും കഠിനാധ്വാനവും. രാഷ്ട്രത്തിന് അതിശ്രേഷ്ഠമായ ഈ സേവനം ചെയ്യാൻ അഡ്വ. സ്മിത നിയുക്തയാകുമ്പോൾ സ്മിതയെ അറിയാവുന്ന ഞങ്ങളുടെയെല്ലാവരുടെയും ഹൃദയങ്ങൾ വലിയ ആനന്ദത്താലും ദൈവത്തോടുള്ള നന്ദിയാലും നിറയുകയാണ്: ”ദൈവമേ, നീതിയിലും ന്യായത്തിലും അങ്ങ് സിംഹാസനം ഉറപ്പിച്ചിരിക്കുന്നു” (സങ്കീ 89,14).അഡ്വ. സ്മിത ജോർജിന് ഊഷ്മളമായ അഭിനന്ദനങ്ങളും എല്ലാവിധ മംഗളാശംസകളും നേരുന്നു; പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു… അവളുടെ “കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദനുള്ളിടത്തോളം കാലം സമാധാനം സമൃദ്ധമാകട്ടെ!”

കടപ്പാട് :
ഫാ.ജോഷി മയ്യാറ്റിൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group