ദൈവത്തിന്റെ സ്വപ്നം
ദൈവത്തിന്
ലോകത്തെ കുറിച്ച് ഒരു സ്വപ്നമുണ്ട്. അതില്‍ നിങ്ങള്‍ക്കും ഒരിടമുണ്ട് – ആ സ്വപ്നത്തിലും ആ ലോകത്തിലും. ആ സ്വപ്നം പൂര്‍ണമായി തിരിച്ചറിയുന്നവര്‍ ചുരുക്കമാണെന്നു മാത്രം. ആ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു വിശുദ്ധ അല്‍ഫോന്‍സാ. അന്നക്കുട്ടി എന്ന പെണ്‍കുഞ്ഞില്‍ ദൈവം കണ്ട സ്വപ്നമായിരുന്നു വിശുദ്ധ അല്‍ഫോന്‍സാ. അവള്‍ വിശുദ്ധ സഹനത്തിന്‍റെ മാത്രുകയാകേണ്ടവളാണ്, വിശുദ്ധിയുടെ പരിമളം പരത്തുന്ന സഹന പുഷ്പമാകേണ്ടവള്‍. അതായിരുന്നു ദൈവത്തിന്‍റെ സ്വപ്നം. ആ സ്വപ്നം തകരുമായിരുന്നു ……. അവളുടെ സഹകരണം ഇല്ലായിരുന്നുവെങ്കില്‍, അവളെ കുറിച്ച് മനുഷ്യര്‍ക്കുള്ള സ്വപ്നങ്ങള്‍ക്ക് അവള്‍ വഴങ്ങിയിരുന്നുവെങ്കില്‍. അവരുടെ സ്വപ്നങ്ങളുടെയും പദ്ധതികളുടെയും ക്ഷണികതയും നശ്വരതയും അവള്‍ തിരിച്ചറിഞ്ഞു. അതായിരുന്നു അവളുടെ ജീവിത വിജയം. അന്നക്കുട്ടി അല്‍ഫോന്‍സയാകുവാന്‍ സ്വയം തീരുമാനിച്ചു എന്നത് ദൈവത്തിന്‍റെ വിജയമായിരുന്നു. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുവാനുള്ള ശക്തി ദൈവം അവള്‍ക്ക് നല്‍കുകയും ചെയ്തു.
ദൈവം നമ്മില്‍ ജയിക്കണം. നമ്മെ കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാകണം. അതിനായി ദൈവത്തിന്‍റെ ഹിതം നാം തിരിച്ചറിയണം. അതു സാധിക്കുന്നില്ലെങ്കില്‍ ദൈവത്തിനു നമ്മെ കുറിച്ചുള്ള പദ്ധതികള്‍ പരാജയപ്പെടും. ദൈവഹിതം എങ്ങനെ തിരിച്ചറിയാം എന്ന് പൌലോസ് ശ്ലീഹാ നമുക്ക് പറഞ്ഞു തരുന്നു. “ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന. നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും” (റോമാ 12:1-2).
നമുക്കു വേണ്ടിയുള്ള ദൈവത്തിന്‍റെ സ്വപ്നം എന്താണെന്ന് തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കട്ടെ. ദൈവം നമ്മില്‍ പരാജയപ്പെടുന്നില്ല എന്ന് നമുക്ക് ഉറപ്പാക്കാം. വിശുദ്ധ അല്‍ഫോന്‍സാമ്മ നല്‍കിയ മാത്രുക നമുക്ക് പ്രചോദനവും കരുത്തുമാകട്ടെ.
ഫാ. ജെയിംസ് കുരികിലാംകാട്ട്
തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍, തുമ്പൂര്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group