പതിമൂന്ന് മക്കളുള്ള കുടുംബത്തിലെ പത്താമത്തവളായാണ് 1922 ഒക്ടോബറിൽ ജിയന്ന ബറേത്ത മൊള്ള ജനിച്ചത്. ഇറ്റലിയിലെ അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധയായിരുന്നു വി.ജിയന്ന.
വി.ജിയന്ന ചെറുപ്പത്തിൽത്തന്നെ തന്റെ വിശ്വാസത്തെ പരസ്യമായി സ്വീകരിച്ചു. ഒപ്പം അവളുടെ സ്നേഹനിധികളായ മാതാപിതാക്കളിൽ നിന്ന് കത്തോലിക്കാ-ക്രിസ്ത്യൻ വിദ്യാഭ്യാസവും സ്വീകരിച്ചു. ജീവിതത്തെ ദൈവത്തിന്റെ മനോഹരമായ ദാനമായി കണ്ട് അവൾ വളർന്നു. പ്രാർത്ഥനയുടെ ആവശ്യകതയും പ്രാർത്ഥനയുടെ ഫലങ്ങളും അവൾ അന്നേ കണ്ടെത്തി.
1942 ൽ വി.ജിയന്ന മിലാനിൽ വൈദ്യശാസ്ത്ര പഠനം ആരംഭിച്ചു. യൂണിവേഴ്സിറ്റി പഠനത്തിലും തന്റെ ദൈവവിശ്വാസത്തിലും അവൾ ഉത്സാഹവും കഠിനാധ്വാനിയുമായ ഒരു വിദ്യാർത്ഥിനിയായിരുന്നു. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലെ അംഗമെന്ന നിലയിൽ വയോജനങ്ങൾക്കും ദരിദ്രർക്കും വേണ്ടിയുള്ള സേവനങ്ങളിൽ അവൾ മുഴുകിയിരുന്നു.
1949 ൽ പവിയ സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ബിരുദം നേടി. 1950 ൽ മെസെറോയിൽ ജന്മനാടായ മജന്തയ്ക്ക് സമീപം ശിശുരോഗ ചികിത്സയ്ക്കായി ഒരു മെഡിക്കൽ ഓഫീസും തുറന്നു.
1955 ൽ പിയാത്രോ മൊള്ളയെന്ന വ്യക്തിയെ വിവാഹവും ചെയ്തു. മൂന്ന് കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉണ്ടായിരുന്നത്. നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്ത് ജിയന്നയുടെ ഗർഭാശയത്തിൽ ഒരു മുഴ രൂപപ്പെടുകയും അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്തു. മൂന്ന് കാര്യങ്ങളാണ് ഡോക്ടർ അവളോട് ഉപദേശിച്ചത്. ഒന്ന് വീണ്ടും ഗർഭം ധരിക്കാവുന്ന രീതിയിലുള്ള അബോർഷൻ, രണ്ട് ഗർഭപാത്രം നീക്കം ചെയ്യൽ, അപ്പോഴും കുഞ്ഞ് മരിക്കും. മൂന്ന് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ ഒരുപോലെ അപകടത്തിലാക്കി മുഴ മാത്രം നീക്കം ചെയ്യൽ. മറ്റൊന്നും ആലോചിക്കാതെ മൂന്നാമത്തെ ഓപ്ഷൻ ജിയന്ന തിരഞ്ഞെടുത്തു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിക്കണമെന്ന് അവർ ഡോക്ടർമാരോട് അഭ്യർഥിച്ചു. കുഞ്ഞിനു വേണ്ടി നിരന്തരം പ്രാർത്ഥിച്ചു. അങ്ങനെ 1962 ഏപ്രിൽ 21 ന് ജിയന്ന ഇമ്മാനുവേല മൊള്ള ജനിച്ചു. എന്നാൽ ഒരാഴ്ചയ്ക്കകം അമ്മ, ജിയന്ന ബറേത്ത മൊള്ള മരിച്ചു.
1994 ഏപ്രിൽ 24 ന് വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജിയന്നയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2004 മെയ് 16 നു വിശുദ്ധ പദവിയിലേക്കും ഉയർത്തി. ജിയന്നയുടെ ഭർത്താവിന്റെയും മക്കളുടെയും സാന്നിധ്യത്തിലായിരുന്നു അത്. ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ഏത് ബുദ്ധിമുട്ടുകൾക്കും വിശുദ്ധ ജിയന്നയോട് പ്രാർത്ഥിച്ച് സൗഖ്യം പ്രാപിക്കുന്നവർ ധാരാളമുണ്ട്. ഗർഭവതികളുടെയും അമ്മമാരുടെയും മധ്യസ്ഥയായാണ് വി.ജിയന്ന ബറേത്ത മൊള്ള അറിയപ്പെടുന്നതും.
ഏപ്രിൽ 28 നാണ് വി.ജിയന്നയുടെ തിരുനാൾ സഭ ആഘോഷിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group