ബുദ്ധിവൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടി നടന്ന ചടങ്ങില്‍ ഒരു കുഞ്ഞിന്റെ അപ്പന്‍ നടത്തിയ ചെറിയൊരു പ്രസംഗം കേള്‍വിക്കാര്‍ നിറമിഴികളോടെയാണ് കേട്ടത്.
”എല്ലാം പരിപൂര്‍ണ്ണമായി ദൈവം സൃഷ്ടിച്ചിരിക്കുന്നതായി നാം കരുതുന്നു. എന്നിട്ടും എന്റെ മകന്‍ ഷായിക്ക് എന്തുകൊണ്ട് മറ്റു കുഞ്ഞുങ്ങളെപോലെ പഠിക്കാനും, മനസ്സിലാക്കാനും പറ്റുന്നില്ല. ഇതിലെവിടെയാണ് ഞാന്‍ ദൈവത്തെ കാണേണ്ടത്?” ഇതായിരുന്നു ആ അപ്പന്റെ ചോദ്യം.
കേള്‍വിക്കാര്‍ അമ്പരന്നു. അയാള്‍ തുടര്‍ന്നു.”എനിക്ക് തോന്നുന്നു, എന്റെ മകന്‍ ഷായെപ്പോലുള്ള ഒരു കുഞ്ഞിനെ ലോകത്തിലേക്ക് അയയ്ക്കുമ്പോള്‍ അവന്‍ അഭിമുഖീകരിക്കുന്ന വ്യക്തികളിലൂടെ ചില ദൈവിക പരിഗണനകള്‍ രൂപപെടുന്നുണ്ടാവാം. കഴിഞ്ഞ ദിവസം സംഭവിച്ചതിതാണ്. ഞാനും അവനുംകൂടി നടക്കാനിറങ്ങുമ്പോള്‍ പാര്‍ക്കില്‍ കുറെ മുതിര്‍ന്ന കുട്ടികള്‍ കളിക്കുന്നത് കണ്ടു. അപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു. ”അപ്പാ എന്നെ അവര്‍ കൂട്ടുമോ?”
എനിക്കേകദേശം ഉറപ്പായിരുന്നു അവരതിന് തയ്യറാകില്ലെന്ന്. കാരണം അവരൊടൊപ്പം ഓടിച്ചാടി ബുദ്ധിപൂര്‍വ്വം കളിക്കാന്‍ എന്റെ കുഞ്ഞിന് ആകില്ലല്ലോ? എന്നിട്ടും അങ്ങനെയൊരു അവസരം കിട്ടിയിരുന്നെങ്കില്‍ അത് അവന് തെല്ല് ആത്മവിശ്വാസം കൊടുത്തേനെ എന്ന് കരുതി ഞാന്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് മടിയോടെയാണെങ്കിലും കാര്യമവതരിപ്പിച്ചു.കുട്ടികള്‍ ഒന്ന് വട്ടം ചുറ്റി നിന്നു. പിന്നെ അവരിലൊരാള്‍ പറഞ്ഞു: “ശരി. അവന്‍ ഞങ്ങളോട് ചേരട്ടെ. ഞങ്ങള്‍ ഇപ്പോള്‍ കുറച്ച് പിന്നിലാണ്. രണ്ടുപേരുകൂടി ബാറ്റു ചെയ്യാനുണ്ട്. അതിനു ശേഷം ഷായിക്കാണ് ഊഴം.കാര്യങ്ങള്‍ ഷായിയുടെ ടീമിന് സുഖകരമായില്ല. നിര്‍ണായകമായ അടുത്ത ഇന്നിംഗ്‌സിലെ ബാറ്റിങ്ങ് അവന് കൊടുക്കേണ്ട ഒരു ബാദ്ധ്യതയുമില്ല അവര്‍ക്ക്. എന്നിട്ടും കുട്ടികള്‍ കുലീനതയോടെ വാക്ക് പാലിച്ചു.
ഗ്ലൗസ് ഒക്കെ അണിഞ്ഞ് ബാറ്റൊക്കെയായി നില്‍ക്കുമ്പോള്‍ എന്റെ കുഞ്ഞിന്റെ മുഖം നിങ്ങളൊന്ന് കാണണം! നിങ്ങള്‍ക്ക് ഊഹിക്കാവുന്നതുപോലെ ആദ്യത്തെ ഒന്നുരണ്ടു പ്രാവശ്യം അവന് ആ പന്തിനെ തൊടാന്‍ പോലുമായില്ല. അതിനിടയില്‍ ഞാന്‍ ശ്രദ്ധിച്ചു. ബൗള്‍ ചെയ്യുന്നയാള്‍ സ്റ്റമ്പിനെ അല്ല ലക്ഷ്യം വയ്ക്കുന്നതെന്ന്. അവന് അടിക്കാന്‍ പാകത്തില്‍ ബാറ്റിനെയാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇത്തവണ അതു സംഭവിച്ചു. പന്തുയര്‍ന്നു പൊങ്ങി. ഒരു ശീലം കണക്കെ മുതിര്‍ന്നൊരു കുട്ടി അതു പിടിക്കാന്‍ കുതിച്ചു ചാടിയതാണ്. അവന്റെ കയ്യില്‍ ആ പന്തൊതുങ്ങിയതുമാണ്. പെട്ടെന്നെന്തൊ നിനച്ച് അവന്‍ ആ പന്ത് വഴുതി പോകാന്‍ അനുവദിച്ചു.ഷായി ഓടിത്തുടങ്ങി: കുട്ടികള്‍ കോറസ്സായി വിളിച്ചു തുടങ്ങി. ”ഷായി ഷായി……” നിലത്ത് വീണ പന്ത് ഒരു കുട്ടിയെടുത്തെറിയാനായുമ്പോള്‍ ഷായി ഏകദേശം നടുക്കായിരുന്നു. മുമ്പോട്ടു പോകണമോ, പിറകോട്ടോടണമോയെന്ന് തീരുമാനമെടുക്കാനാവാതെ ഷായി കുഴഞ്ഞു നില്‍ക്കുമ്പോള്‍, അവനെറിഞ്ഞ പന്ത് വിക്കറ്റിനെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പുറത്തേക്ക് പോയി. ഇത്രകൃത്യമായിട്ടെറിയാന്‍
ഈ കുട്ടികള്‍ക്കെങ്ങനെ പറ്റുന്നു.
ഷായി ഓടുകയാണ്……. ഷായി….. ഷായി…. ഓടിതളര്‍ന്ന് എന്റെ കുഞ്ഞിരിക്കുമ്പോള്‍ നിങ്ങളവനെയൊന്ന് കാണണം പടയോട്ടങ്ങള്‍ ജയിച്ച രാജകുമാരനെപോലെ !!!
അയാള്‍ക്ക് കണ്ണുകള്‍ നിറഞ്ഞൊഴുകി: ആ സന്ധ്യയില്‍ എനിക്കൊരു കാര്യം മനസ്സിലായി, ദൈവിക പദ്ധതിയുടെ ഒരു ചെറു തുണ്ട്, അവിടുന്ന് നമ്മളിലോരോരുത്തരുടെയും കൈകളില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന്….
ബൗദ്ധിക വികാസം കുറവുള്ള കുട്ടികളുമായി സൗഹൃദത്തോടെയും സ്‌നേഹത്തോടെയും പെരുമാറുന്നത് അവരുടെ മാതാപിതാക്കളെ എത്രമാത്രം ആനന്ദിപ്പിക്കും എന്ന് തെളിയിക്കുന്നതാണ് ഈ ചെറിയൊരു അനുഭവം. ഏതാനും വര്‍ഷം മുമ്പ് ഇത്തരത്തിലൊരു കുഞ്ഞിന്റെ അപ്പന്‍ വളരെ വേദനയോടെ പറഞ്ഞത് എന്റെ മനസില്‍ ഇന്നും മുഴങ്ങുന്നുണ്ട്. ”പലപ്പോഴും സമൂഹത്തിന്റെ അവഗണയില്‍ മനസ് നീറിയിട്ടുണ്ട്. ദൈവം തന്ന ശിക്ഷയാണ് ഈ കുഞ്ഞ് എന്ന് പരസ്യമായി പറഞ്ഞ ബന്ധുക്കള്‍ പോലുമുണ്ട്. അതിനാല്‍ ബന്ധുവീടുകളില്‍ പോലും പോകാതെ ഒതുങ്ങിക്കഴിഞ്ഞ നാളുകളില്‍ മരണത്തെക്കുറിച്ച് പോലും ഞങ്ങള്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, ദൈവം ഒരു നല്ല വൈദികനിലൂടെ ഞങ്ങളുടെ കുഞ്ഞിനെ ഏറ്റെടുത്തു. അവന് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പഠിപ്പിച്ചു. അവന് മറ്റുളളവരെപ്പോലെ ജോലി ചെയ്യുവാന്‍ കഴിയുമെന്ന് അദ്ദേഹം എന്നെ കാട്ടിത്തന്നു. ഇന്ന് ഞങ്ങള്‍ സന്തുഷ്ടരാണ്. കാരണം അവന്‍ സ്വന്തമായി ജോലി ചെയ്യുന്നു. അവനെ സമൂഹം സ്‌നേഹിക്കുന്നു.” അതിനാല്‍ നമുക്ക് ഇത്തരം കുഞ്ഞുങ്ങളെ കൂടുതല്‍ സ്‌നേഹിക്കാം. അവരോട് സ്‌നേഹപൂര്‍വ്വം പെരുമാറാം. അപ്പോള്‍ ദൈവം അവരിലൂടെ നമ്മുടെ ജീവിതത്തെയും അനുഗ്രഹിക്കും.
(കടപ്പാട്: മനുഷ്യസ്‌നേഹി)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group