ചങ്ങനാശ്ശേരി: സമൂഹത്തിലെ ഭിന്നശേഷിക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരുതലിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തണലായി പ്രവർത്തിക്കുന്ന ഇത്തിത്താനം ആശാഭവൻ സുവര്‍ണ ജൂബിലി നിറവിൽ.
സമൂഹത്തില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടിരുന്ന ബുദ്ധിമാന്ദ്യം സംഭവിച്ച നൂറുകണക്കിനു കുട്ടികള്‍ക്കാണ് ആശാഭവന് കരുതലിന്റെ സാന്ത്വനമായി മാറിയത്.
ചങ്ങനാശേരിയിലാണ് ഭിന്നശേഷിക്കാരായ രണ്ടു കുട്ടികളുമായി ആശാഭവന് ആദ്യം തുടക്കം കുറിച്ചത്. തുടര്‍ന്ന് പാറേല്പ്പള്ളിക്കു സമീപം വാടകക്കെട്ടിടത്തിലും ഒരുവര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീടാണ് ഈ സ്ഥാപനം ഇത്തിത്താനം ഏനാചിറക്ക് അടുത്തേക്കു മാറ്റിയത്. സുവര്‍ണ ജൂബിലി നിറവിലുള്ള ആശാഭവന് നൂറുകണക്കിനു ഭിന്നശേഷിക്കാരെ കരുതലിലൂടെ കൈപിടിച്ച് സമൂഹ്യ മുഖ്യധാരയില്‍ എത്തിച്ചതിന്റെ ആത്മനിര്‍വൃതിയിലാണ്.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യരക്ഷാധികാരിയും അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍ ഡയറക്ടറും സിസ്റ്റര്‍ പ്രശാന്തി സിഎംസി പ്രിന്‍സിപ്പലുമായുള്ള സമിതിയാണ് ഇത്തിത്താനം ആശാഭവന്റെ നിര്‍വഹണ ചുമതയിലുള്ളത്.
സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആശാഭവന് സൊസൈറ്റിയുടെ പ്രസിഡന്റ് അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലാണ്.
ആശാഭവന്റെ സുവര്‍ണ ജൂബിലി ഉദ്ഘാടനം നാളെ രാവിലെ 11ന് ചീരഞ്ചിറ ജിമ്മി പടനിലം സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
മാര്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 19-ാം ശതാബ്ദി സ്മാരകമായി ഈ സ്ഥാപനം 1972 നവംബര്‍ 22നാണ് ചങ്ങനാശേരി അതിരൂപതയുടെ നേരിട്ടുള്ള ഉത്തരവാദി ത്വത്തിൽ ഇത്തിത്താനത്ത് തുടക്കം കുറിക്കപ്പെട്ടത്. അന്നത്തെ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ആന്റണി പടിയറയുടെ അനുഗ്രഹാശിസുകളോടെ സഹായമെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലാണ് ഈ സ്ഥാപനത്തിന് ശില പാകിയത്.
ആ കാലയളവില്‍ ചെത്തിപ്പുഴ സിഎംഐ ആശ്രമത്തിലെ സോഷ്യല്‍ വര്‍ക്കിന്റെ ചുമതലയുണ്ടായിരുന്ന ഫാ. തോമസ് ഫെലിക്സ് തന്റെ ഭവന സന്ദര്‍ശനത്തിനിടയില്‍ കണ്ടുമുട്ടിയ ഏതാനും ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംബന്ധിച്ച് സഹായമെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഇത്തരമൊരു സ്ഥാപനത്തെക്കുറിച്ച് ആലോചനകൾ നടത്തിയത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കാന്‍ ആശാഭവന് എന്നും മുന്‍പന്തിയിലുണ്ട്. ഒരു ബാന്‍ഡ് മാസ്റ്ററുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ബാന്‍ഡ് പരിശീലനം നല്കി വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ബാന്‍ഡ്മേളം അവതരിപ്പിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ കലാകായിക മത്സരങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
1990 ല്‍ മദ്രാസിലും 94ല്‍ ഹൈദരാബാദിലും 1998ല്‍ ചണ്ടിഗഡിലും 2002 ല്‍ ഡല്‍ഹിലും നടന്ന സെപ്ഷ്യല്‍ ഒളിമ്പിക്സ് നാഷണല്‍ മീറ്റില്‍ ആശാഭവനിലെ കുട്ടികള്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2012ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഏഷ്യാ പസഫിക് സെപ്ഷ്യല്‍ ഒളിമ്പിക്സില്‍ ഈ സ്കൂളിലെ അഞ്ജു ജോസഫ് സ്വര്‍ണം നേടിയിരുന്നു. ഇപ്രാവശ്യവും ആശാഭവനിലെ അഞ്ജു ജോസഫും ശ്രീക്കുട്ടനും ദേശീയ സ്പെഷ്യൽ ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group