സത്യം പറഞ്ഞ ജൂറിക്ക് നല്ല നമസ്ക്കാരം!

ചില നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ, കണ്ടില്ല എന്ന് വിചാരിക്കുന്നത് ശരിയല്ലല്ലോ. സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണ്ണയത്തെപ്പറ്റിത്തന്നെയാണ്! ആദ്യംതന്നെ, പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ! അങ്ങിനെ വേണമല്ലോ തുടങ്ങാൻ!

അവാർഡ് നിർണ്ണയിച്ച ജൂറിയുടെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഗൗരവ ശ്രദ്ധ അർഹിക്കുന്നതാണ്! കഥാ വിഭാഗത്തിൽ ആകെ 39 എൻട്രികളാണത്രെ സമർപ്പിക്കപ്പെട്ടത്. “ജൂറിയുടെ മുന്നിലെത്തിയ എൻട്രികളിൽ ഭൂരിഭാഗവും അവാർഡിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഒന്നുംതന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല” എന്നതും, അതുകൊണ്ടുതന്നെ “മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച കലാ സംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്‌കാരം നൽകാൻ സാധിച്ചിട്ടില്ല” എന്നതും ശ്രദ്ധാർഹമാണ്‌! കൂടാതെ, പ്രഖ്യാപിച്ച അവാർഡുകളുടെ നിർണയത്തിന് “ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടിവന്നു” എന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ കാണുന്നത്!

മലയാളത്തിന്റെയോ മലയാളികളുടെയോ, സമകാലിക ജീവിതത്തിന്റെ കഥയില്ലായ്മയിലേക്കോ കള്ളത്തരത്തിലേക്കോ, അല്പമെങ്കിലും വെളിച്ചം വീശാൻ പര്യാപ്തമാണ് മേല്പറഞ്ഞ നിരീക്ഷണങ്ങൾ! അത്, എന്നെ അൽപ്പവും അത്ഭുതപ്പെടുത്തുന്നില്ല, എന്നാൽ നിരാശപ്പെടുത്തുന്നുണ്ട്. ആ നിരാശ പെട്ടെന്നുണ്ടായ ഒന്നല്ല. നമ്മുടെ സാംസ്‌കാരിക മണ്ഡലത്തെ ബാധിച്ചിരിക്കുന്ന ജീർണ്ണത, കണ്ടുകൊണ്ടിരിക്കുന്നവരിൽ ഒരാൾ എന്ന നിലയിൽ, മനസ്സിനെ ഏറെക്കാലമായി കാർമേഘംപോലെ മൂടിനിൽക്കുന്ന ഒന്നാണത്.

മലയാളി തന്റെ സർഗ്ഗ ചൈതന്യത്തെ ആവിഷ്കരിക്കുന്ന, സാംസ്‌കാരിക രംഗത്തിന്‌ എന്താണ് പറ്റിയത്? എപ്പോഴാണ് നമുക്ക് സത്യം പറയാനുള്ള അർജ്ജവത്വം നഷ്ടപ്പെട്ടതും അർത്ഥസത്യങ്ങളിലും അസത്യങ്ങളിലും അഭിരമിച്ച്, സ്നേഹിക്കാനും ശാസിക്കാനുമുള്ള ശേഷി നഷ്ടമായതും?

ആരൊക്കെയാണ് നമ്മുടെ സമൂഹത്തിലെ ബുദ്ധിജീവിയും സാംസ്കാരിക നായകരും? സമൂഹത്തോട് അവർക്കു എന്ത് സത്യമാണ് പറയാനുള്ളത്? അല്ലെങ്കിൽ, എന്ത് അസത്യമാണ് അവർ മൂടിവയ്ക്കാൻ ശ്രമിക്കുന്നത്? പകരം, എന്ത്യു കള്ളമാണ് അവർ പ്രചരിപ്പിക്കാൻ അത്യധ്വാനം ചെയ്യുന്നത്?

വായനക്കാരന്റെ ചിന്തയുടെ വാതായനങ്ങൾ തള്ളിത്തുറക്കാൻ ശേഷിയുള്ള എഴുത്തുകൾ ഉണ്ടാകുന്നുണ്ടോ? ഹൃദയത്തെ മഥിക്കാൻ കഴിയുന്ന രചനകൾ ഉണ്ടാകുന്നുണ്ടോ? മലയാളത്തിൽ നല്ല എഴുത്തുകാർ ഇല്ല എന്നല്ല, നല്ല എഴുത്തു സംഭവിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഉണ്ടെങ്കിൽ, അത്തരം എഴുത്തുകൾ വെള്ളിത്തിരയിലൂടെയും ടെലിവിഷനിലൂടെയുമൊക്കെ ആസ്വാദകരിലേക്ക് എത്തിക്കാൻ കഴിവുള്ള ചലച്ചിത്രകാരന്മാരും സീരിയൽ സംവിധായകരുമൊക്കെ നമുക്കുണ്ടോ? കഥയില്ലായ്മകൾ മാത്രം ആവിഷ്കരിച്ച 39 കലാ സൃഷ്ടികളെപ്പറ്റി നാം എന്താണ് മനസ്സിലാക്കേണ്ടത്?

സമൂഹത്തെ ചിന്തിപ്പിക്കുകയും നന്മയിലേക്ക് പരിവർത്തിപ്പിക്കുകയും ചെയ്യാൻ കഴിയുന്ന എഴുത്തോ സിനിമയോ സീരിയലോ കണ്ടിട്ടും വായിച്ചിട്ടും എത്ര കാലമായി എന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സാഹിത്യകാരന് ഈ സമൂഹത്തോട് പറയാനുള്ളത് സാഹിത്യ രചനകളിലൂടെ പറയണം. സിനിമാക്കാരൻ സിനിമയിലൂടെയും! അങ്ങിനെയാണ് നല്ല എഴുത്തും സീരിയലുകളും സിനിമകളും ഉണ്ടാകുന്നത്. (അതുണ്ടാകുന്നില്ലെങ്കിൽ, എന്തുകൊണ്ട് എന്ന് ആലോചിക്കണം).

ആഴമായും സൂക്ഷ്മമായും സമൂഹത്തെ കാണുന്ന ചിന്തകരും സാഹിത്യകാരന്മാരും സാഹിത്യകാരികളും കലാകാരന്മാരും കലാകാരികളുമൊക്കെയാണ് എക്കാലവും ചരിത്രകാരന്മാരേക്കാൾ ജീവിതത്തോടും കാലഘട്ടത്തോടും സത്യസന്ധത പുലർത്തുന്നത് എന്നാണ് വിശ്വസാഹിത്യത്തിലെ ഇതിഹാസ സമാനങ്ങളായ രചനകൾ നമുക്ക് പറഞ്ഞുതരുന്നത്.

കമ്യൂണിസ്റ്റു വിപ്ലവത്തിന്റെ ചരിത്രം പറയുന്ന ഏതു ഗ്രന്ഥത്തെക്കാൾ മാക്സിം ഗോർക്കിയുടെ ‘അമ്മ’ എന്ന കൃതി ആ കാലഘട്ടത്തിലെ തൊഴിലാളിയുടെ ജീവിതവും മാറ്റത്തിനുവേണ്ടിയുള്ള അഭിലാഷവും വായനക്കാരന്റെ മനസ്സിൽ സജീവമായി പതിപ്പിക്കും. അത്തരം രചനകളാണ് മലയാളത്തിൽ തകഴിയേപോലുള്ള, കാലഘട്ടത്തിന്റെ കഥപറയുന്ന, എഴുത്തുകാരെ സൃഷ്ടിച്ചത്.

രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി, സത്യത്തോട് പ്രതിബദ്ധതയില്ലാതെ ചരിത്ര രചന നടത്തുന്നവരും കാലഘട്ടത്തിന്റെ പൊയ്‌മുഖങ്ങളെ കണ്ടില്ലെന്നു നടിക്കുന്നവരും, സ്ഥാനമാനങ്ങൾക്കും സമ്പത്തിനും വേണ്ടി എഴുത്തിനെയും മാധ്യമ പ്രവർത്തനത്തെയും ഉപയോഗിക്കുന്നവരും ഏറിവരുന്ന കാലത്ത്, നിലവാരമുള്ള രചനകളും ആവിഷ്കാരങ്ങളും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നത് അത്യാഗ്രഹമോ, അവിവേകമോ ആയി ചിത്രീകരിക്കപ്പെട്ടേക്കാം. എങ്കിലും നിരാശയുണ്ട് എന്ന് പറയാതിരിക്കാൻ കഴിയുന്നതെങ്ങിനെ?

പിൻ കുറിപ്പ്: സത്യം പറയാനുള്ള കഴിവ് മലയാളികൾക്ക് നഷ്ടമായിട്ടു നൂറു വർഷത്തിലേറെയായി എന്നതിനാലാവാം, 1921 ൽ എന്തുണ്ടായി എന്ന് വ്യക്തമായ ഒരു ഉത്തരമില്ലാതെ, ഇന്നും നമ്മൾ തർക്കിച്ചുകൊണ്ടിരിക്കുന്നത്. മലബാർ കലാപത്തെ ആവിഷ്‌കരിക്കുന്ന കാലാതിവർത്തിയായ ഒരു നോവൽപോലും മലയാളത്തിൽ ഉണ്ടായില്ല എന്നത് മലയാളിയുടെ ‘ദുരവസ്ഥ’യല്ലെങ്കിൽ, പിന്നെയെന്താണ്? മലയാളത്തിന്റെ എക്കാലത്തെയും ‘ആശാന്’ നമോവാകം!

ഫാ. വർഗീസ് വള്ളിക്കാട്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group