ക്രൈസ്തവ പൈതൃകങ്ങളെ സംരക്ഷിക്കുവാന്‍ ഭരണകൂടം തയ്യാറാകണം : ബംഗളൂരു ആര്‍ച്ച്ബിഷപ്പ്

രാജ്യത്ത് അനുദിനം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവരുടെ ആരാധനാ സ്ഥലങ്ങളെയും, മതചിഹ്നങ്ങളെയും വിശുദ്ധ വസ്തുക്കളെയും സംരക്ഷിക്കുവാന്‍ ഭരണകൂടം തായാറാകണമെന്നും ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ആവശ്യപ്പെട്ടു.

കോലാര്‍ ജില്ലയില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപം നശിപ്പിച്ചത് ക്രൈസ്തവരുടെ മാത്രമല്ല ഇതര മതസ്ഥരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു. നൂറക്കണക്കിന് ആളുകള്‍ കണ്ണീരൊഴുക്കുന്നത് കാണുന്നത് ഹൃദയഭേദകമായിരുന്നു. കോലാറില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപം ഗവണ്‍മെന്റിന്റെ സ്ഥലത്താണ് എന്നാരോപിച്ചായിരുന്നു അത് ഇടിച്ചുതകര്‍ത്തത്.

എന്നാല്‍ മൂന്നു പതിറ്റാണ്ടായി ആ സ്ഥലം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദൈവാലയത്തിന്റെ കൈവശമായിരുന്നു എന്നതിന് രേഖയുണ്ടെന്നും കേസ് ഹൈക്കോടതിയിലാണെന്നും കോടതി വിധി വരുന്നതിനുമുമ്പേ അത് ഇടിച്ചുനിരത്തുകായായിരുന്നുവെന്നും ആര്‍ച്ച് ബിഷപ് മച്ചാഡോ പറഞ്ഞു.വരും ദിവസങ്ങളില്‍ അതുപോലെയുള്ള അനേകം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് തങ്ങള്‍ ഭയക്കുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ക്രിസ്തുരൂപം തകര്‍ത്തതിനെതിരെ അതിരൂപത ഹൈക്കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇതുപോലെയുള്ള ഇടിച്ചുനിരത്തല്‍ നടന്നത് ആറ് സ്ഥലങ്ങളിലാണ്. ക്രൈസ്തവ ദൈവാലയങ്ങള്‍ക്കുനേരെ നടക്കുന്നത് ആസൂത്രിതമായ നീക്കങ്ങളാണ്. ആ ഇടിച്ചുനിരത്തിയതെല്ലാം പതിറ്റാണ്ടുകളായി അവിടുത്തെ ദൈവാലയങ്ങളുടെ കൈവശമുള്ള സ്ഥലങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കര്‍ണാടകയില്‍ മാത്രമല്ല ഉത്തര്‍പ്രദേശിലും ക്രൈസ്തവര്‍ക്കെതിരെയുളള അക്രമങ്ങള്‍ പെരുകുകയാണ്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം 102 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group