ജനങ്ങളെ ദുരിതത്തിലാക്കുന്ന പുതിയ മദ്യ നയത്തിൽനിന്നു സർക്കാർ പിന്മാറണമെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവാ.
കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മദ്യ നയത്തിനെതിരായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നപ്പോൾ അതൊന്നും കണ്ടില്ലെന്ന സമീപനമാണു സർക്കാരിനുള്ളത്. മദ്യനയത്തിനെതിരായ പരാതികളും അപേക്ഷകളും ലഭിക്കുമ്പോഴും ഇതേ നയമാണ് തുടരുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ഈ രീതി തുടരുന്നത് നല്ലതല്ലെന്നും സർക്കാരിന്റെ മദ്യ നയം തിരുത്തണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.
വൻപിച്ച ഭൂരിപക്ഷമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന അവസ്ഥ ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്നു മദ്യവിരുദ്ധ മുന്നണി ചെയർമാനും മാവേലിക്കര ബിഷപ്പുമായ ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, കുറുക്കോളി മൊയ്തീൻ എംഎൽഎ, വി.എസ്. ഹരീന്ദ്രനാഥ്, ഇയ്യഞ്ചേരി കുഞ്ഞുകൃഷ്ണൻ, കുഞ്ഞിക്കോമു മാസ്റ്റർ, അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോണ് അരീക്കൽ സ്വാഗതവും പ്രഫ. മാമച്ചൻ നന്ദിയും പറഞ്ഞു. ധർണയ്ക്ക് മോണ്. മാത്യു മനക്കാരക്കാവിൽ കോർ എപ്പിസ്കോപ്പ, ഫാ. ദേവസ്യ പന്തല്ലൂക്കാരൻ, ലൂർദ് ഫെറോനാ വികാരി ഫാ. മോർലി കൈതപ്പറന്പിൽ, ടിഎസ്എസ്എസ് ഡയറക്ടർ ഫാ. സാബാസ് ഇഗ്നേഷ്യസ് തുടങ്ങിയവർ നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group