കർഷകരുടെ ആശങ്കകൾ കേൾക്കാനും പരിഹരിക്കാനും സർക്കാർ തയാറാകണം: കെസിബിസി

Government should be prepared to listen to and address the concerns of farmers : KCBC

കൊച്ചി: കർഷകരുടെ ആശങ്കകളെ കുറിച്ച് ചർച്ച ചെയ്തു കെസിബിസിയുടെ ശൈത്യകാല സമ്മേളനം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയെക്കുറിച്ചുള്ള ചിന്ത കർഷകരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും ദില്ലിയിൽ നടന്നുകൊണ്ടിരിക്കുന്ന സമരം കർഷകരുടെ ആശങ്കകളാണ്‌ പ്രതിഫലിപ്പിക്കുന്നതെന്നും ബിഷപ്പുമാരുടെ സമ്മേളനം ചൂണ്ടിക്കാട്ടി. പുതിയ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള അവ്യക്തതകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഒരു കർഷക സൗഹൃദരാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ജനപ്രിയപദ്ധതികൾക്കു രൂപംകൊടുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി കേന്ദ്രസർക്കാരിനോട്‌ അഭ്യർത്ഥിച്ചു.

പുതിയ നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കർഷക സമൂഹങ്ങളിൽ നിലനിൽക്കുന്ന ആശങ്കകളെ അതീവ ഗൗരവത്തോടെ സർക്കാർ പരിഗണിക്കണം. കൃഷിയിടങ്ങളിലുള്ള വൻകിട കമ്പനികളുടെ ഇടപെടലുകൾ ഇന്ത്യയിലെ കർഷകരിൽ 86 ശതമാനം വരുന്ന ചെറുകിട നാമമാത്ര കർഷകരെ കുടുതൽ ദുരിതത്തിലാഴ്ത്താൻ ഇടയുണ്ടെന്ന വിദഗ്ദരുടെ മുന്നറിയിപ്പുകൾ കേന്ദ്രസർക്കാർ ഗൗരവകരമായി കണക്കിലെടുക്കണം. ഇന്നാട്ടിലെ സാധാരണ കർഷകരുടെ ജീവിതം തകർന്നടിയാതെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ട്‌ എന്ന് കെ‌സി‌ബി‌സി പ്രസ്താവനയിൽ കുറിച്ചു.

കേരളത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്ഇസഡ്), പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) എന്നീ വിഷയങ്ങളിലുള്ള മലയോര കർഷകരുടെ ആശങ്കകൾ കേൾക്കാനും പരിഹരിക്കാനും സർക്കാർ തയാറാകണമെന്നു കെസിബിസി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കി മാത്രം പരിസ്ഥിതിലോല മേഖല നിർണയവുമായി മുന്നോട്ടു പോകാൻ സത്വര നടപടി കൈക്കൊള്ളണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ശൈത്യകാല സമ്മേളനത്തിൽ മെത്രാൻമാർ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുപാടിൽ പരിസ്ഥിതി ലോല പ്രദേശങ്ങൾ പ്രഖ്യാപിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം. നിക്ഷിപ്ത വനമേഖലയോടു ചേർന്നുള്ള ഒരു കിലോമീറ്റർ (ഏരിയൽ ഡിസ്റ്റൻസ്) ചുറ്റളവ് വനഭൂമിയായി പരിഗണിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. കേരളത്തിൽ ഇതിനുളള നടപടി ക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാന സർക്കാർ ഈ വിഷയത്തെക്കുറിച്ച് പ്രദേശവാസികളെ അറിയിച്ച് അവരുടെ സഹകരണത്തോടെ നടപടികൾ പൂർത്തിയാക്കേണ്ടതായിരുന്നു.

എന്നാൽ ബാധിക്കപ്പെടുന്ന പ്രദേശവാസികളെ അറിയിക്കുകയോ അവരുടെ ആശങ്കകൾ പരിഹരിക്കുകയോ ഉണ്ടായില്ല. റീനോട്ടിഫിക്കേഷൻ വന്നിട്ടുള്ളതിൽ 925 ചതുരശ്ര കിലോമീറ്റർ വനവിസ്തീർണത്തിനായി അതിന് ചുറ്റുമുള്ള 708 ചതുരശ്ര കിലോമീറ്റർ (77.5 ശതമാനം) പരിസ്ഥിതിലോല മേഖലയാക്കി മാറ്റപ്പെടും. അവിടുത്തെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും വനനിയമങ്ങൾ മാത്രം ബാധകമാകുന്ന പ്രദേശങ്ങളാകും. തീർത്തും പരിമിതമായ കാർഷിക പ്രവർത്തനങ്ങളേ അനുവദിക്കൂ. ഈ വിഷയത്തിൽ കേരള സർക്കാർ ഉടനടി ഇടപെട്ട് വിവിധ കർഷക സംഘടനകൾ ഉയർത്തിയിട്ടുള്ള ആശങ്കകൾ വസ്തുനിഷ്ഠമായി പരിഹരിക്കണമെന്നും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group