വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ബുദ്ധിശൂന്യമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ തള്ളിക്കളയണം: സീറോ മലബാർ സഭാ അത്മായ ഫോറം

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധസമിതിയായ ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ തള്ളിക്കളയണമെന്ന് സീറോമലബാർ സഭാ അത്മായ ഫോറം സർക്കാരിനോട് ആവശ്യപ്പെടുന്നു. സുതാര്യതയില്ലാത്ത ഇത്തരമൊരു റിപ്പോർട്ട് ഒരു ചർച്ചയും കൂടാതെ തുടർനടപടികളിലേക്കു കൊണ്ടുപോകുന്നത് പല സംശയങ്ങൾക്കും ഇടയാക്കുന്നു. ഒട്ടും സുതാര്യതയില്ലാതെയാണ് ഇതു സംബന്ധിച്ച സർക്കാർ നടപടികൾ എന്ന, വിവിധ തലങ്ങളിലെ പരാതി ഗൗരവമുള്ളതാണ്.

സ്കൂൾ സമയമാറ്റം, കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നിർദേശം, എയ്‌ഡഡ് മേഖലയിലെ അധ്യാപക നിയമനം, സംസ്ഥാന സ്കൂൾ കലോത്സവം വേണ്ടെന്നുവയ്ക്കൽ തുടങ്ങി ഒട്ടും പ്രായോഗികമല്ലാത്ത നിർദേശങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. ഇത്തരം റിപ്പോർട്ടുകൾ സമൂഹത്തിൽ അപകടകരമായ തെറ്റിധാരണകൾക്കു കാരണമാകുന്നു. വിദ്യാഭ്യാസമേഖലയിലെ ഈ നിർദേശങ്ങൾ ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കും. അധ്യാപകരുടെ തൊഴിൽനഷ്ടത്തിനിടയാക്കുന്ന പരിഷ്കാരങ്ങൾ ഇതിലുണ്ട്. അധ്യാപക – അനധ്യാപക തസ്തികകൾ വെട്ടിച്ചുരുക്കാനുള്ള നീക്കങ്ങളും അംഗീകരിക്കാനാകില്ല.

2019 ജനുവരിയിലാണ് റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സമർപ്പിച്ചത്. അപ്പോൾത്തന്നെ അതിലെ പല നിർദേശങ്ങളോടും കടുത്ത എതിർപ്പുയർന്നിരുന്നു. ഖാദർ കമ്മിറ്റി രണ്ടു വർഷം മുൻപ് സമർപ്പിച്ച രണ്ടാംഭാഗ റിപ്പോർട്ട് ഇതുവരെ സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള കരടുചട്ടങ്ങൾ എങ്ങനെ നടപ്പാക്കും. വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും നിർദേശങ്ങൾ സ്വീകരിച്ച് ജനാധിപത്യപരമായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നുവെന്നു തുടക്കത്തിൽ അവകാശപ്പെട്ട സർക്കാർ, ഖാദർ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ജനാധിപത്യസ്വഭാവമോ, സുതാര്യതയോ ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പലതും കവരുന്നതാണ് ഈ റിപ്പോർട്ട്.

പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള നാലു തലങ്ങളിലുള്ള എല്ലാ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്ന മാറ്റം ഇങ്ങനെ രഹസ്യാത്മകമായും ചർച്ചകളില്ലാതെ ഏകാധിപത്യ രീതിയിലുമല്ല നടപ്പാക്കേണ്ടത്. ഇക്കാര്യത്തിൽ അധ്യാപകരെയും പൊതുസമൂഹത്തെയും വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. പൊതുഖജനാവ് ധൂർത്തടിച്ചുള്ള ദീർഘവീക്ഷണമില്ലാതെ രൂപപ്പെടുത്തിയ ഖാദർ കമ്മിറ്റിയുടെ ഇത്തരം ബുദ്ധിശൂന്യമായ വിദ്യാഭ്യാസ ഭരണപരിഷ്കാരങ്ങൾ സംസ്ഥാന സർക്കാർ തള്ളിക്കളയണമെന്ന് സീറോമലബാർ സഭാ അത്മായ ഫോറം സർക്കാരിനോട് അഭ്യർഥിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group