ജസ്റ്റീസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ. ജസ്റ്റീസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട് സഭാ സമൂഹങ്ങളുമായി ചർച്ച ചെയ്‌ത് നടപ്പിലാക്കുക, ഭാരത അപ്പസ്‌തോലൻ മാർതോമാശ്ലീഹായുടെ ഓർമനം പൊതു അവധി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എപ്പോഴും പറഞ്ഞു പറ്റിക്കാവുന്ന ജനവിഭാഗമായി ക്രൈസ്‌തവരെ കാണരുത്. സമുദായം ആരുടെയും സ്ഥിരനിക്ഷേപമായ വോട്ടിംഗ് മേഖല അല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാടുകൾ വ്യക്തമാക്കണം. മൂല്യാധിഷ്ഠിത പൊതുപ്രവർത്തനം നടത്തുന്ന, സമുദായ താത്പര്യങ്ങൾകൂടി സംരക്ഷിക്കുന്ന നേതാക്കളെ വിജയിപ്പിക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി മുന്നിട്ടിറങ്ങേണ്ടി വരും. ക്രൈസ്‌തവ അവഗണന തുടർന്നാൽ ഭാവിയിൽ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറിമറിയുമെന്നും ഡോ. കവിയിൽ കൂട്ടിച്ചേർത്തു.
ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എംഎൽഎമാരായ മോൻസ് ജോസഫ്, സണ്ണി ജോസഫ്, എം. വിൻസെൻ്റ്, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, റോജി എം. ജോൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m