ലഹരിയ്ക്കെതിരേ ഇപ്പോഴുള്ള പോരാട്ടവും, മദ്യലഭ്യത പ്രോത്സാഹിപ്പിക്കുന്ന നയവും
പൂരകങ്ങളല്ലെന്നും ഇതു സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും ചങ്ങനാശേരി അതിരൂപതാ മഹായോഗം അഭിപ്രായപ്പെട്ടു.
ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് അഞ്ചാമതു ചങ്ങനാശേരി അതിരൂപതാ മഹായോഗം ആഹ്വാനം ചെയ്തു.
മദ്യത്തിനും മയക്കുമരുന്നിനും പൊതുവെ നല്കുന്ന പ്രോത്സാഹനം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെയും കര്‍മ്മശേഷിയെയും അതീവ ഗുരുതരമായി ബാധിക്കുന്നതാണ്. യുവത്വങ്ങളെ ലഹരിയുടെ അടിമകളാക്കുകയും വിനാശഗര്ത്തത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ലഹരിമാഫിയക്കെതിരേ സര്‍ക്കാര്‍ അതിശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ലഹരിയും പ്രണയവും കൈകോര്‍ത്ത് ഭീകരവാദത്തിലേക്കും വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും എത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ സമൂഹമനഃസാക്ഷിക്കു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ലഹരിയ്ക്കെതിരേ ഒക്ടോബര്‍ മാസത്തില്‍ സര്‍ക്കാര്‍ പ്രത്യേകമായി ആവിഷ്കരിച്ചിരിക്കുന്ന കര്മപദ്ധതികളോട് സഭ സര്‍വാത്മനാ സഹകരിക്കും. എന്നാല്‍ മദ്യലഭ്യത പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയവും ലഹരിയ്ക്കെതിരെയുള്ള പോരാട്ടവും പൂരകങ്ങളല്ല എന്ന വസ്തുതയും അസംബ്ലി വിലയിരുത്തി.
പ്രഫ. ജെ. സി. മാടപ്പാട്ട് അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി. സമുദായശാക്തീകരണവും സിനഡാത്മക സഭയും എന്ന വിഷയത്തെക്കുറിച്ച് സിബിസിഐ ലെയ്റ്റി കമ്മീഷന് സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. പഠനവും ജോലി സാധ്യതയും തേടിയുള്ള ആഗോള കുടിയേറ്റത്തില്‍ സുവിശേഷവത്കരണത്തിന്റെ പുത്തന്‍ സാധ്യതകള്‍ കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റവ. ഡോ. സ്കറിയ കന്യാകോണില്‍, ആന്റണി ആറില്‍ച്ചിറ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, എസ്എച്ച് കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അമല എസ്എച്ച്, പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോ. കുര്യാസ് കുമ്പളക്കുഴി, എഫ്സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റി എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, ഷംഷാബാദ് രൂപത നിയുക്ത മെത്രാന് മോണ്‍. തോമസ് പാടിയത്ത്, വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കിവരുന്നു. നാളെ വൈകുന്നേരം മഹായോഗം സമാപിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group