എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ ഗുരുതരമായ ഗൂഢാലോചന നടന്നെന്ന് സുപ്രീംകോടതിയിൽ വാദം.
കർദിനാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേസിൽ പരാതിക്കാരൻ അനുകൂല കോടതിയെ സമീപിച്ചു വിധി നേടാൻ ശ്രമിച്ചുവെന്നും സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മരട് ഫസ്റ്റ് ക്ളാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ആയിരുന്നു ആദ്യം കേസ് ഫയൽ ചെയ്തിരുന്നത്. എന്നാൽ ആ പരാതി തള്ളി. പരാതി തള്ളിയ കാര്യം മറച്ചു വച്ച് കാക്കനാട് ഫസ്റ്റ് ക്ളാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ആറ് പുതിയ കേസുകൾ ഫയൽ ചെയ്തു. ഇത് അനുകൂലവിധി നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്നു ലൂത്ര ചൂണ്ടിക്കാട്ടി.
എറണാകുളം-അങ്കമാലി അതിരൂപതയുടെ വരുമാനം വീതംവയ്ക്കുന്നതിലും സ്വത്തുക്കൾ സംരക്ഷിക്കുന്നതിലും കർദിനാൾ മാർ ആലഞ്ചേരി ശക്തമായ നിലപാട് സ്വീകരിച്ചു. ഇതു പലരുടെയും ശത്രുതയ്ക്കു കാരണമായി. ഒരേ വിഷയത്തിൽ തന്നെ പരാതിക്കാർ പല കോടതികളിൽ കേസ് നൽകി. ആദ്യഘട്ടത്തിൽ തുടർച്ചയായി ഈ കേസുകൾ തള്ളിയിരുന്നു. പിന്നീട് മരട് കോടതിയിലും കാക്കനാട് കോടതിയിലും പരാതികൾ എത്തി.
പല കോടതികളിൽ ഇത്തരത്തിൽ ഒരേ വിഷയത്തിൽ പരാതികൾ നിലനിൽക്കെയാണ് ഒരു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നടപടി ഉണ്ടായത്. സിവിൽ കേസിന്റെ പരിധിയിൽ നിൽക്കുന്ന വിഷയം ക്രിമിനൽ കേസായി കണക്കാക്കിയെന്നും സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി.
കാനോൻ നിയമം അനുസരിച്ച് സഭയുടെ സ്വത്തുക്കളുടെ അവകാശി അതതു ബിഷപ്പുമാരാണ്. അതിനാൽ ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കളുടെ ക്രയവിക്രയത്തിന് അധികാരമുണ്ടെന്നു ബത്തേരി രൂപതയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. താമരശേരി രൂപതയും ഇക്കാര്യം ചൂണ്ടിക്കാട്ടി. കാനോൻ നിയമപ്രകാരം ബിഷപ്പുമാർക്കുള്ള ഈ അധികാരം കേരള ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group