ദീപാവലി ആശംസകൾ നേർന്ന് വത്തിക്കാൻ ഡിക്കസ്റ്ററി

നവംബർ മാസം പന്ത്രണ്ടാം തീയതി ആഘോഷിക്കുന്ന ദീപാവലി ആശംസകൾ ഇന്ത്യയിലെ എല്ലാവർക്കും, പ്രത്യേകിച്ച് ഹിന്ദു സഹോദരങ്ങൾക്ക് നേർന്നു കൊണ്ട് വത്തിക്കാനിലെ മതാന്തരസൗഹാർദ്ദത്തിനുള്ള ഡിക്കസ്റ്ററി സന്ദേശമയച്ചു

നിത്യവെളിച്ചമായ ദൈവം എല്ലാവരുടെയും കുടുംബങ്ങളിലും,വ്യക്തിപരമായ ജീവിതത്തിലും കിരണം ചൊരിയട്ടെയെന്ന വാക്കുകളോടെയാണ് സന്ദേശം ആരംഭിക്കുന്നത്.

ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ, ഭൂമിയിൽ സമാധാനം(Pacem inTerris ) എന്ന ചാക്രികലേഖനത്തിന്റെ അറുപതാം വാർഷികമാഘോഷിക്കുന്ന ഈ അവസരത്തിൽ ഭൂമിയിലെ വിവിധയിടങ്ങളിൽ രൂക്ഷമാകുന്ന യുദ്ധത്തിന്റെ ഭീകരതയ്ക്കെതിരെ സമാധാനത്തിന്റെ വക്താക്കളാകുവാൻ സന്ദേശത്തിൽ എല്ലാവരെയും ക്ഷണിക്കുന്നു.

സത്യത്തിലും,നീതിയിലും,സ്നേഹത്തിലും, സ്വാതന്ത്ര്യത്തിലും അടിയുറച്ച സമാധാനം പങ്കുവയ്ക്കുവാൻ സംഭാഷണത്തിന്റെ മാർഗത്തിലേക്ക് നാം എല്ലാവരും തിരിയണമെന്നും സന്ദേശത്തിൽ അടിവരയിടുന്നു. അതിനാൽ നിരാശരാകാതെ മനുഷ്യവ്യക്തിയുടെ അന്തസ്സിനും, മാന്യതയ്ക്കും വേണ്ടി മതാന്തരസൗഹാർദം ഊട്ടിയുറപ്പിച്ചുകൊണ്ട് ഒരുമിച്ചു പ്രവർത്തിക്കുവാനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

മതാന്തര സംവാദങ്ങൾക്ക്, മതാന്തര സമൂഹങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും സാമൂഹിക സൗഹൃദവും ഊട്ടിയുറപ്പിക്കാൻ വലിയ കഴിവുണ്ട്, വാസ്തവത്തിൽ അത് “ലോകസമാധാനത്തിന് സംഭാവന നൽകുന്നതിനാവശ്യമായ ഒരു വ്യവസ്ഥയായി” മാറിയിരിക്കുന്നു എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും സന്ദേശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

അതിനാൽ, സത്യവും നീതിയും സ്നേഹവും സ്വാതന്ത്ര്യവും കൊണ്ട് ജീവിതം രൂപപ്പെടുത്തുന്ന ആളുകളായി അവരുടെ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നതിന് പരിശ്രമിക്കേണ്ടത് മതങ്ങളും, മതനേതാക്കളുമാണ്.ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും സമാധാനത്തിന്റെ വക്താക്കളായി ഒരുമിച്ചു പ്രവർത്തിക്കുവാൻ സാധിക്കട്ടെയെന്ന ആശംസയോടെയാണ് സന്ദേശം ഉപസംഹരിക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group