ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു.

ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴി‌ഞ്ഞ മാർച്ചില്‍ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് നടപടികള്‍ സ്റ്റേ ചെയ്തത്.

ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർ‍ക്ക് എന്നതില്‍ തർക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹിക ആഘാത പഠനം നടത്തിയത് സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ആണ്. ഇത് സർക്കാറിന് കീഴിലുള്ള ഏജൻസിയാണെന്നും, കേന്ദ്ര-സംസ്ഥാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഹർജിക്കാർ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്തത്.

ഭൂമി ഏറ്റെടുക്കല്‍ നിയമം 2013 പ്രകാരം നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഏറ്റെടുക്കുന്ന ഭൂമികളുടെ വിശദാംശങ്ങളും വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. കോട്ടയം സ്പെഷ്യല്‍ തഹസില്‍ദാറിനെയാണ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കളക്ടറുടെ ചുമതല നല്‍കി നിയമിച്ചത്. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായി കോട്ടയം ഡപ്യൂട്ടി കളക്ടറെയും നിയമിച്ചിരുന്നു.

പദ്ധതി നടപ്പാക്കുന്നതിലൂടെ ശബരിമല ക്ഷേത്രത്തിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കാനാവും, ടൂറിസം വികസിക്കും, പ്രാദേശിക സമ്ബദ് വ്യവസ്ഥയ്ക്ക് ഗുണകരമാകും, അന്താരാഷ്ട്ര മലയാളി സമൂഹത്തിന് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാവുമെന്നും സാമൂഹ്യാഘാത റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയേറ്റെടുപ്പ് 285 വീടുകളെയും 358 ഭൂവുടമകളെയുമാണു നേരിട്ടു ബാധിക്കുമെന്നായിരുന്നു പാരിസ്ഥിതിക ആഘാത പഠനം. കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങള്‍ കുടി ഒഴിപ്പിക്കേണ്ടി വരും. എസ്റ്റേറ്റിലെ റബറും ആഞ്ഞിലിയും പ്ലാവും, തേക്കും അടക്കം മൂന്നേ കാല്‍ ലക്ഷത്തോളം മരങ്ങളും വെട്ടി മുരിക്കേണ്ടി വരുമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ടില്‍ വ്യക്തമാകുന്നു. മതിയായ നഷ്ടപരിഹാരം നല്‍കി പദ്ധതിയുമായി മുന്നോട്ടു പോകാനാനാണ് റിപ്പോർട്ട്‌ ശുപാർശ ചെയ്യുന്നത്. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് റിപ്പോർട്ട്‌ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്. എരുമേലി വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്ബോള്‍ കുടിയിറക്കേണ്ടി വരുന്നവരുടെ പേര് സഹിതം 360 പേജുകളുള്ള റിപ്പോർട്ടില്‍ പരാമർശിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group