”മീൻ കൈയ്യെത്തും ദൂരത്തു തന്നെ അവിടുന്നു കരുതിയിട്ടുണ്ട്….”

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

കോവിഡ് എന്ന മഹാമാരിയുടെ രണ്ടാം ഘട്ടം മാനവരാശിയെ കാർന്നുതിന്നുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യത്യസ്ത അവസ്ഥകളിലുള്ള പ്രാർത്ഥനകളും യാതന നിറഞ്ഞ യാചനകളുമായി കഴിയുന്നവരുടെ മധ്യേയാണ് നാമോരോരുത്തരും.ഒരുപക്ഷേ നമ്മളും യഥാർത്ഥത്തിൽ അവരിൽ ഒരാൾ ആയിരിക്കാം.ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിനിടയിൽ പരിശ്രമങ്ങളെല്ലാം വിഫലമായെന്ന് തോന്നിക്കും വിധമാണ് ഓരോ ദിവസവും കടന്നുപോകുന്നത്….
എല്ലാ അർത്ഥത്തിലും നിരാശയുടെ പടുകുഴിയിൽ ദൈവത്തെപ്പോലും അവിശ്വസിച്ചു പോകുന്നവരും ഉണ്ടാവാം.ഈ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും തകർച്ചയുടെയും നിമിഷങ്ങളിൽ നമുക്ക് ഉണ്ടായിരിക്കേണ്ട ഒരു ചിന്തയും ധ്യാനവും വിശുദ്ധ ഗ്രന്ഥത്തിൽ സുവിശേഷകന്മാർ പങ്കു വച്ചിട്ടുള്ള ഒരു സാക്ഷ്യമാണ്…. ഒരു രാത്രി മുഴുവൻ കടലിൽ വലവീശി തളർന്ന ശിഷ്യന്മാരുടെ അരികിലേക്ക് കടന്നുചെല്ലുന്ന ഗുരുവിനെയും അവനിലൂടെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്ന ശിഷ്യന്മാരുടെ സമ്മിശ്ര വികാര അനുഭവങ്ങളിലൂടെയുള്ള ആഹ്ലാദവുമാണ്….
അത് എത്ര ഹൃദയസ്പർശിയായ അനുഭവമാണെന്ന് വിവരിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം….
വലിയൊരു ദൈവാനുഭവത്തിനും മനുഷ്യസഹജമായ സകല ധാരണകൾക്കും അപ്പുറമുള്ള ഉത്തരമായി തീരുകയാണ് ആ നിമിഷങ്ങൾ…. ഇവിടെ ഇന്ന് നാം തിരിച്ചറിയേണ്ട മറ്റൊരു വസ്തുത നിരാശപ്പെട്ടു പിന്മാറാനുള്ള സാധ്യതകളും സാഹചര്യങ്ങളും ഉണ്ടായിട്ടും ശിഷ്യന്മാർ വഞ്ചിയിൽ നിന്നോ കടലിൽ നിന്നോ ഒളിച്ചോടുകയോ
വല ദൂരെയെറിഞ്ഞ് സാധ്യതകളെ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ലയെന്നുള്ളതാണ്…. ”മീൻ”നമ്മുടെ കൈയ്യെത്തും ദൂരത്ത് തന്നെ അവിടുന്ന് കരുതിയിട്ടുണ്ട്….
വലയും വഞ്ചിയും കടലുമൊക്കെ നമ്മോടൊത്തു തന്നെയുണ്ടോ എന്നതാണ് നമുക്ക് മുന്നിലെ ചോദ്യം…. രോഗങ്ങളും പതനങ്ങളും നിരാശയും ഒന്നിന്റെയും അവസാനമല്ല….
അതുകൊണ്ടുതന്നെ അവിടുത്തെ ഹിതമറിയാൻ തിരമാലകൾ ആഞ്ഞടിക്കുന്ന കടലിൽ ഉലയുന്ന വഞ്ചിയുമായി കാലിയായ വലയും പേറി വിശ്വാസവും പരിശ്രമവും പ്രാർത്ഥനയും തുടരുകയെന്നുള്ളതാണ് നമ്മൾ ഓരോരുത്തരേയും സംബന്ധിച്ചിടത്തോളം ദൈവനിശ്ചയം…അവിടുത്തെ വഴികൾ അറിഞ്ഞു സഹനങ്ങളിലൂടെ യാത്ര ചെയ്യുക…
ദൈവിക പദ്ധതികളോട് ചേർന്നു നിൽക്കുക….
ആ നിമിഷങ്ങളിൽ മുമ്പോട്ടുള്ള പ്രയാണത്തിനുള്ള ശക്തിയും ധൈര്യവും ചൈതന്യവും അവിടുന്ന് നമുക്കായി ഒരുക്കും….
കേവലം മനുഷ്യ ധാരണകൾക്ക് അപ്പുറമുള്ള വലിയ ഉത്തരങ്ങൾ കൊണ്ടും വല നിറയെ മീനുകൾ കൊണ്ടും അവിടുന്ന് നമ്മെ അനുഗ്രഹിക്കും….!!!
തീർച്ച….!!!

അജി ജോസഫ് കാവുങ്കൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group