അതെ…!!!താൻ ആർക്കുവേണ്ടി ഓടിയവസാനിച്ചോ, അവന്റെ പ്രഭ, ലോകമെങ്ങും പരക്കാനായി ഇദ്ദേഹം “തളർന്നു” തീരുകയായിരുന്നു…കേരള കത്തോലിക്ക സഭയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ തീവ്രതീഷ്ണതയുള്ള ഒരു അൽമായ പ്രേഷിതനായിരുന്നു കൊല്ലപ്പള്ളി വക്കച്ചൻ എന്ന മുട്ടുചിറക്കാരൻ ജോർജ് ജോസഫ് കൊല്ലപ്പള്ളി….ഒരു കാലത്തു കേരള കത്തോലിക്കാ
യുവജനങ്ങൾക്കിടയിൽ കൊല്ലപ്പള്ളി വക്കച്ചനെന്നോ വക്കച്ചൻ സാർ എന്നോ പറഞ്ഞാൽ അറിയാത്തവരായി ആരുമുണ്ടാവില്ല…ആ പേരുതന്നെ നന്മയുടെ പര്യായമായിരുന്നു…ഒരു ഉൾവിളിയാൽ പ്രേരിതനായി, സകലർക്കും സകലതുമാകാനായി, അദ്ദേഹം ഒറ്റയാനായി ജീവിച്ച വക്കച്ചൻ സാർ….
എരിഞ്ഞടങ്ങുന്നതിനും തൊട്ടു മുമ്പുള്ള നിമിഷം വരെ ഈ ഒറ്റയാൻ ഒരു മുഴുവൻ സമയ നല്ല സമറായാനായിരുന്നുവെന്ന് സംശയലേശമെന്യേ പറയാം….അന്യജീവിതങ്ങളെ സ്വന്തജീവിതത്തോടു ചേർത്തു വച്ച് സ്വന്തമെന്നു കരുതി അവർക്കു വേണ്ടി ജീവിച്ചു സ്വജീവിതം അദ്ദേഹം ധന്യമാക്കി….” ഭാരതമേ നിന്റെ രക്ഷ
നിന്റെ സന്താനങ്ങളിൽ “പതിമൂന്നാം ലിയോ മാർപ്പാപ്പയുടെ ആവേശോജ്ജലമായ ആഹ്വാനത്തിന്റെ അലയൊലികൾ കേരളം മുഴുവൻ മുഴങ്ങിക്കേട്ട കാലം….ആ അലയൊലികളുടെ ബഹിർസ്ഫുരണത്തിൽ ഭരണങ്ങാനത്തു വിരിഞ്ഞ ”ചെറുപുഷ്പ മിഷൻ ലീഗ് ”(സി.എം.എൽ )
എന്ന കുഞ്ഞു പ്രസ്ഥാനത്തെ ലോകം മുഴുവനിലുമെത്തിച്ച ത്യാഗോജ്ജ്വല ജീവിതങ്ങളിൽ ഒന്ന് ഈ വക്കച്ചൻ സാറിന്റെതായിരുന്നു…മിഷൻ ലീഗിന്റെ സംസ്ഥാന ഓർഗനൈസറായി ദീർഘ കാലം “ജീവിച്ച” വക്കച്ചൻ സാർ പോകാത്ത സ്ഥലങ്ങളും പ്രസംഗിക്കാത്തയിടങ്ങളും കേരളത്തിലുണ്ടാവിനിടയില്ല…അക്കാലത്ത് അദ്ദേഹത്തിന്റെ സിരകളിലോടിയിരുന്നത് യുവരക്തമല്ലായിരുന്നു, മിഷൻ ലീഗായിരുന്നുവേണം പറയാൻ…ചെറുപുഷ്പ മിഷൻ ലീഗിന്റെ ജീവാത്മാവും പരമാത്മാവും ഭരണങ്ങാനം കുഞ്ഞേട്ടനും (പി സി എബ്രഹാം)
ഈ കൊല്ലപ്പള്ളി വക്കച്ചനുമായിരുന്നു…അക്കാലത്തു സന്യസ്ത- വൈദീക ലോകത്തേക്ക് ആകൃഷ്ടരായി വന്ന കുട്ടികളേറെയും ഈ വക്കച്ചൻ സാറിന്റെ ശിഷ്യഗണങ്ങളായിരുന്നു….
മിഷൻ ലീഗ് കുഞ്ഞേട്ടനും കൊല്ലപ്പള്ളി വക്കച്ചനും സംഘവും മിഷൻ ലീഗിനെ വളത്തിയത് അക്കാലത്തെ ഭാരത സഭയുടെ തങ്കലിപികളിലെഴുതിയ ചരിത്രം തന്നെയാണ്….
പിന്നീട് അത്തരത്തിലൊരു ചരിത്രമാവർത്തിക്കാൻ കേരളസഭയിലാരും മുന്നോട്ടു വന്നിട്ടില്ലെന്ന് പഴമക്കാർ വേദനയോടെ ഓർക്കുന്നു….കടുത്തുരുത്തിയ്ക്കടുത്തുള്ള ”മുട്ടുചിറ”
ഇടവകയുടെയും പള്ളിയുടെയും അര നൂറ്റാണ്ടു ചരിത്രത്തിൽ ”കൊല്ലപ്പള്ളി വക്കച്ചൻ” നിറഞ്ഞു നിന്നിരുന്നു….ഇതിനിടെ അഞ്ചു വർഷക്കാലം കടുത്തുരുത്തി പഞ്ചായത്ത് മെമ്പറായിരുന്നുകൊണ്ടു ജനസേവനം തുടരാനും ദൈവം അവസരമുണ്ടാക്കി കൊടുത്തു….എന്നാൽ ബഹുമതികളും സ്ഥാനങ്ങളും അദ്ദേഹത്തെ തേടി വന്നില്ല….!!!
കാരണം അവ തേടി അദ്ദേഹം എങ്ങും പോയില്ല….
ആരെയും വണങ്ങിയില്ല….
ഏറ്റവും വലിയവനായ സർവ്വശക്തനോടൊപ്പം ഏറ്റവും ചെറിയവനായി അദ്ദേഹം ഈ ലോകവിരിമാറിലൂടെ സ്വതന്ത്രനായി നടന്നു നീങ്ങി….വാർദ്ധക്യത്തിൽ, നാട്ടിലെ നല്ല സുഹൃത്തുക്കളൊത്തു ഒരു അഗതി മന്ദിരം സ്ഥാപിച്ചു, ആരുമില്ലാത്തവർക്കു അഭയമായി, അവരിലൊരാളായി, ആരുമല്ലാതായി…അങ്ങനെ ആരുമല്ലാതായപ്പോൾ, കൊല്ലപ്പള്ളി വക്കച്ചൻ, തന്റെ വളർച്ചയുടെ ഉന്നതിയിൽ എത്തി….
നല്ല ഓട്ടം ഓടി പൂർത്തിയാക്കുന്നവർക്കുള്ള
നിത്യ കിരീടം ആരുമറിയാതെ ദൈവം അദ്ദേഹത്തിന് നൽകട്ടെ. നന്ദിയുള്ളവർ അദ്ദേഹത്തെ വേണ്ടവണ്ണം സ്മരിക്കട്ടെ….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group