ഹെലികോപ്റ്റര്‍ അപകടം; ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല, പുറത്തുവരുന്നത് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍, തെരച്ചില്‍ ഊര്‍ജ്ജിതമാക്കി ദൗത്യസേന

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താനായില്ല. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട് 12ണിക്കൂറിലേറെ പിന്നിട്ടിട്ടും തകർന്ന ഹെലികോപ്റ്ററിനായുള്ള തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെ അയല്‍രാജ്യമായ അസർബൈജാനില്‍ നിന്നും മടങ്ങുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അടങ്ങുന്ന ഹെലികോപ്റ്റർ അപകടത്തില്‍പെട്ടത്.

ഇതിനിടെ പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് രക്ഷാദൗത്യ സംഘത്തില്‍ നിന്നും പുറത്ത് വരുന്നത്. ഹെലികോപ്റ്റർ തകർന്നുവീണ സ്ഥലം കണ്ടെത്തിയതായി ഇറാൻ സൈനിക കമാൻഡർ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാൻ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ തലവൻ ഹൊസൈൻ കൗലിവാന്ദ് ഇത് നിഷേധിച്ചു. പ്രസിഡന്റിനെ കണ്ടെത്താൻ സിഗ്നല്‍ ലഭിച്ച സ്ഥലങ്ങളില്‍ ദൗത്യസേന ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചതായി ഇറാനിയൻ വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.

കനത്ത മൂടല്‍മഞ്ഞും മഴയുമാണ് രക്ഷാപ്രവർത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നത്. അതുകൊണ്ട്‌ തന്നെ ഹെലികോപ്റ്റർ തകർന്നുവീണ അസർബൈജാനിലെ മലനിരകള്‍ നിറഞ്ഞ പ്രദേശത്തെ കൃത്യമായ കാലാവസ്ഥ വിവരങ്ങള്‍ ലഭ്യമാകുന്നതും ദുഷ്കരമായി മാറിയിരുന്നു. അതേസമയം രക്ഷാദൗത്യത്തെ സഹായിക്കാനായി യൂറോപ്യൻ യൂണിയൻ അതിവേഗ പ്രതികരണ മാപ്പിംഗ് സംവിധാനം സജീവമാക്കിയിട്ടുണ്ട്.

കൂടാതെ ഇറാൻ സഹായം അഭ്യർത്ഥിച്ചത് പ്രകാരം 32 പർവ്വതാരോഹക സെർച്ച്‌ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെയും ആറ് വാഹനങ്ങളും രക്ഷാദൗത്യത്തിനായി അയക്കുന്നുണ്ടെന്ന് തുർക്കി അടിയന്തര ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രസിഡന്റിനെ കണ്ടെത്താൻ സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റർ അപകട റിപ്പോർട്ടുകളില്‍ അഗാധമായ ഉത്കണ്ഠയുണ്ടെന്നും ഈയൊരു സമയത്ത് ഇറാനിയൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group