കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

മൈതാനമാണ് ആത്യന്തികമായ ക്ലാസ്‌മുറിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട തേവായൂർ ഗവ. എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ വാട്ടർടാങ്ക് നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പി.ടി.എ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

സ്കൂള്‍ മൈതാനത്തിന്റെ വിസ്തീർണം കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ പ്രത്യേകം നിഷ്കർഷിക്കണം. നിലവില്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ സ്‌കൂളുകള്‍ വേണ്ടത്ര കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്.

കളിസ്ഥലത്തിന്റെ വിസ്തീർണം സി.ബി.എസ്.ഇ രജിസ്‌ട്രേഷൻ ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതടക്കം കണക്കിലെടുത്ത് കേരള വിദ്യാഭ്യാസച്ചട്ടത്തിലും നാലു മാസത്തിനകം ചട്ടങ്ങള്‍ രൂപീകരിക്കണം. ഇത് പാലിക്കാൻ കർശന നിർദ്ദേശം നല്‍കുകയും വേണം. വേണ്ടത്ര സമയം നല്‍കിയിട്ടും ഇക്കാര്യം പാലിക്കാത്ത സ്‌കൂളുകള്‍ പൂട്ടാൻ ഉത്തരവിടണമെന്നാണ് കോടതി നിർദ്ദേശം. ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചുകൊടുക്കും. സ്‌കൂള്‍ കളിസ്ഥലത്ത് വാട്ടർടാങ്ക് നിർമ്മിക്കുന്നതില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പിന്നീട് പിന്മാറിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group