ഏതാനും ദിവസം മുമ്പ് ഒരു ആംഗ്ലിക്കൻ വൈദികൻ ഇറക്കിയ വീഡിയോ കാണാൻ ഇടയായി. “ദൈവത്തെ കാണാനോ, ദൈവത്തോട് പ്രാർത്ഥിക്കാനോ, ദൈവത്തെ ആരാധിക്കാനോ, ആണ് നിങ്ങൾ പള്ളിയിൽ പോകുന്നത് എങ്കിൽ പള്ളിയിൽ പോകരുത് എന്ന് ഒരു പുരോഹിതൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് പറയുന്നു. കാരണം യേശുക്രിസ്തു വിജനമായ സ്ഥലത്ത് ഒറ്റയ്ക്കായിരുന്നു പലപ്പോഴും പ്രാർത്ഥിച്ചിരുന്നത്” എന്നാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞ് ഫലിപ്പിക്കാൻ പരിശ്രമിച്ചത്. എന്നാൽ വിശുദ്ധ ബൈബിളിൽ സുവിശേഷകൻമാർ യേശുവിന്റെ ജീവിതത്തെക്കുറിച്ച് കോറിയിട്ടിരിക്കുന്ന വിശുദ്ധ ലിഖിതങ്ങളിൽ കൂടി ശ്രദ്ധാപൂർവം ഒന്ന് കണ്ണോടിച്ചാൽ ഈ ആംഗ്ലിക്കൻ വൈദികൻ പറയുന്ന പലകാര്യങ്ങളും ശരിയല്ല എന്ന് വ്യക്തമാകും. കാരണം ക്രിസ്തു വിജനസ്ഥലത്തും തോട്ടങ്ങളിലും മാത്രമല്ല പ്രാർത്ഥിച്ചത്, മറിച്ച് ബാല്യകാലം മുതൽ ബലിയർപ്പിക്കാനും പ്രാർത്ഥിക്കാനും ക്രിസ്തു പല തവണ ജെറുസലേം ദേവാലയത്തിൽ പോയിട്ടുണ്ട് എന്ന് സുവിശേഷകൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
യഹൂദ പാരമ്പര്യം അനുസരിച്ച് ക്രിസ്തുവിന്റെ കാലത്ത് ഇസ്രായേലിൽ ജെറുസലേം ദേവാലയത്തിന് പുറമെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വിശ്വാസികൾക്ക് ഒരുമിച്ചു കൂടി പ്രാർത്ഥിക്കുവാനും വചനം ശ്രവിക്കുവാനും സിനഗോഗുകൾ ഉണ്ടായിരുന്നു (അതായത് ഇടവക പള്ളികൾ പോലെയുള്ള സംവിധാനം). ഇസ്രായേലിന്റെ നോർത്ത് ഭാഗമായ ഗലീലിയിലെ നസ്രത്തിൽ നിന്ന് ഏകദേശം 148 കിലോമീറ്റർ ദൂരം കാൽനടയായി സൗത്ത് ഇസ്രായേലിൽ ഉള്ള ജെറുസലേം ദേവാലയത്തിൽ പെസഹാ തിരുന്നാളിൽ സംബന്ധിക്കാൻ വേണ്ടിയാണ് സാധാരണ പ്രായപൂർത്തിയായ യഹൂദ പുരുഷൻമാർ (12 വയസ്സ് മുതൽ) ഓരോ വർഷവും ജെറുസലേം ദേവാലയത്തിൽ പോയിരുന്നത്. ഗലീലിയ മുതൽ ജറുസലേം വരെയുള്ള പല സിനഗോഗുകളിലും വചനം വായിച്ച് വ്യാഖ്യാനിക്കുന്ന യുവാവായ ക്രിസ്തുവിന്റെ നിറസാന്നിദ്ധ്യം നാലു സുവിശേഷകൻമാരും നിരവധി തവണ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ക്രിസ്തു ഒരു ഒറ്റയാൻ അല്ലായിരുന്നു. തന്റെ കൂടെ നടക്കാൻ ക്രിസ്തു തന്നെ തിരഞ്ഞെടുത്തവരോടും അവനെ അനുഗമിക്കാൻ ആഗ്രഹിച്ച മറ്റ് ചിലരോടും ഒപ്പം ക്രിസ്തു ഇസ്രായേലിൽ ഉടനീളം ജനങ്ങളോടൊപ്പം ചുറ്റിസഞ്ചരിച്ചു എന്നാണ് വചനം അടിവരയിട്ട് പറയുന്നത്.
ഏതാനും ചില ഉദാഹരണങ്ങൾ കൂടെ ചേർക്കുന്നു. ലൂക്കാ 2, 41-52 ൽ പന്ത്രണ്ടാം വയസ്സിൽ മാതാപിതാക്കളോടൊപ്പം ദേവാലയത്തിൽ ബലിയർപ്പിക്കാൻ പോയ കിസ്തു തന്റെ പിതാവായ ദൈവത്തോടുള്ള തീക്ഷ്ണത മൂലം മാതാപിതാക്കളെ പോലും മറന്ന് മൂന്ന് ദിവസം ജെറുസലേം ദേവാലയത്തിൽ തന്നെ അങ്ങ് തങ്ങി. അവസാനം പൊന്നോമന പുത്രനെ നഷ്ടപ്പെട്ടതിൽ വെപ്രാളപ്പെട്ട് അവനെ തേടി ഓടിവന്ന മാതാപിതാക്കൾ കാണുന്നത് വലിയ പണ്ഡിതരോടും പുരോഹിതരോടും സംവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന പുത്രനെയാണ്. “നീയെന്തിന് ഞങ്ങളോട് ഇങ്ങനെ ചെയ്തു” എന്ന പരിഭവത്തോടെ തങ്ങളോടൊപ്പം മകനെ തിരികെ നസ്രത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് അവന്റെ മാതാപിതാക്കൾ ചെയ്തത്…
യേശു ജ്‌ഞാനസ്‌നാനം സ്വീകരിച്ച് മരുഭൂമിയിലെ പരീക്ഷകളെ ഒക്കെ അതിജീവിച്ച് തന്റെ ദൗത്യം ആരംഭിക്കാനായി താന്‍ വളര്‍ന്ന സ്‌ഥലമായ നസറത്തില്‍ എത്തി പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വചനം വായിക്കാന്‍ എഴുന്നേറ്റു നിന്നു. പക്ഷെ വചന വായനയും പഠിപ്പിക്കലും ഒക്കെ കഴിഞ്ഞപ്പോൾ സ്വന്തം ദേശത്ത് ഉള്ളവർക്ക് ക്രിസ്തുവിന്റെ വാക്കുകൾ അത്രയ്ക്കങ്ങ് ദഹിച്ചില്ല. ഒരു തച്ചന്റെ മകന്റെ നാവിൽ നിന്ന് ഉതിർന്ന വചനങ്ങൾ എന്ന ആശ്ചര്യത്തോടെ അവയെ ഉൾക്കൊള്ളാൻ കഴിയാത്ത കഠിനഹൃദയരായ അവർ ക്രിസ്തുവിനെ ആ സിനഗോഗിൽ നിന്ന് പിടിച്ച് തങ്ങളുടെ പട്ടണത്തിന് പുറത്തുള്ള മലമുകളിൽ കൊണ്ടുപോയി തള്ളിയിടാൻ വരെ പരിശ്രമിച്ചു ലൂക്കാ 4, 16-30. വീണ്ടും ലൂക്കാ നാലാം അധ്യായത്തിൽ തന്നെ 31-37 ൽ സുവിശേഷകൻ ചൂണ്ടിക്കാണിക്കുന്നത് കഫര്‍ണാമിൽ സിനഗോഗിൽ ക്രിസ്തു പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ അശുദ്‌ധാത്‌മാവു ബാധിച്ച ഒരുവനെ സുഖപ്പെടുത്തി എന്നാണ്. തീർന്നില്ല, ലൂക്കാ 6, 6-11 ൽ സാബത്തില്‍ നന്മ ചെയ്യുന്നതോ, തിന്മ ചെയ്യുന്നതോ, ഏതാണ് അനുവദനീയം എന്ന് ചോദിച്ച് തന്നെ കുറ്റപ്പെടുത്താൻ വന്ന നിയമജ്‌ഞരുടെയും ഫരിസേയരുടെയും മുന്നിൽ വച്ചു തന്നെ വലത്തുകൈ ശോഷിച്ച ഒരുവനെ സുഖപ്പെടുത്തുന്നു. ലൂക്കാ 13, 10-13 ൽ സാബത്തു ദിവസം സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടയിൽ പതിനെട്ടു വര്‍ഷമായി നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവളെ തൊട്ട് സുഖപ്പെടുത്തുന്നു.
യേശുക്രിസ്തു പിതാവായ ദൈവവുമായി ആഴത്തിലുള്ള ഒരു ബന്ധം സ്ഥാപിച്ചിരുന്നു. യേശു ജെറുസലേം ദേവാലയത്തിൽ പോയി ബലിയർപ്പിച്ചും തിരുന്നാളിൽ പങ്കുകൊണ്ടും തന്റെ ജീവിതത്തെ ഒരു നിരന്തര പ്രാർത്ഥനയാക്കി മാറ്റിയിരുന്നു. യേശുക്രിസ്തു പേഴ്സണൽ പ്രയർ നടത്തിയ 5 സ്ഥലങ്ങൾ ഇവയായിരുന്നു:
1. മരുഭൂമി
2. മലമുകൾ
3. വിജനപ്രദേശം
4. ദേവാലയം
5. തോട്ടങ്ങൾ
വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ഒപ്പം സമൂഹ പ്രാർത്ഥനയ്ക്കും സിനഗോഗുകളിൽ വചനം വായിച്ച് ആ വചനത്തിന്റെ ആന്തരിക അർത്ഥങ്ങൾ ജനങ്ങൾക്ക് വ്യാഖ്യാനിച്ച് നൽകാനും യേശുക്രിസ്തു തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മാറ്റിവച്ചു. യേശുക്രിസ്തു വചനം പഠിപ്പിച്ച് സമൂഹത്തോട് ചേർന്ന് നടന്ന 8 സ്ഥലങ്ങൾ ഇവയായിരുന്നു:
1. ദേവാലയം
2. സിനഗോഗുകൾ
3. മലമുകൾ
4. കടൽത്തീരങ്ങൾ
5. തടാക തീരങ്ങൾ
6. വിജനപ്രദേശങ്ങൾ
7. വിവിധ ഭവനങ്ങൾ
8. കിണറിന്റെ കര
നാലു സുവിശേഷകൻമാർ രേഖപ്പെടുത്തിയിരിക്കുന്ന യേശു പ്രാർത്ഥിക്കുകയും ദൈവവചനം പഠിപ്പിക്കുകയും ചെയ്ത സ്ഥലങ്ങളും വചനങ്ങളും ചുവടെ ചേർക്കുന്നു:
1. മരുഭൂമിയിൽ:
അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്‌മാവു മരുഭൂമിയിലേക്കു നയിച്ചു. യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.
മത്താ 4, 1-2; മർക്കോ 1, 12-13; ലൂക്കാ 4, 1-13. മത്താ 15, 33;
2. മലമുകളിൽ:
അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനു ശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍ മലയിലേക്കുകയറി. മത്താ 14, 23; മത്താ 5,1; മത്താ 15, 29-31; മത്താ 17, 1-8; മത്താ 24, 3; മത്താ 27, 45-56; ലൂക്കാ 6, 12-13; ലൂക്കാ 9, 28- 36; ലൂക്കാ 23, 26-43; മർക്കോ 1, 35; മർക്കോ 3,13; മർക്കോ 6, 46 മർക്കോ 9, 2 – 13; മർക്കോ 13, 3; മർക്കോ 15, 33-41; യോഹ 6, 15;
3. വിജനപ്രദേശം:
അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജന സ്‌ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. മർക്കോ 1, 35; മർക്കോ 6, 30-44; മർക്കോ 8, 3-4; ലൂക്കാ 9,18; 11, 1; മത്താ 14, 15; മത്താ 14,13-21
4. തോട്ടങ്ങൾ:
അനന്തരം യേശു അവരോടൊത്ത് ഗത്‌സേമനി എന്ന സ്‌ഥലത്തെത്തി. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഞാന്‍ പോയി പ്രാര്‍ഥിക്കുവോളം നിങ്ങള്‍ ഇവിടെ ഇരിക്കുക. മത്താ 26, 36-46; യോഹ 18, 1; ലൂക്കാ 22, 39-46; മർക്കോ 14, 32-42;
5. യേശു ദേവാലയത്തിൽ വചനം പ്രസംഗിക്കുന്നു:
അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു. യോഹ 8, 2; യോഹ 2, 13-25; യോഹ 5,14; യോഹ 7, 14; യോഹ 7, 28; യോഹ 7, 8-10; യോഹ 8, 2; യോഹ 10,23; മർക്കോ 11,15-19; മർക്കോ 11, 27; മർക്കോ 12, 35; മർക്കോ 13,1; ലൂക്കാ 19, 45-48; ലൂക്കാ 20,1; ലൂക്കാ 21, 1 – 4; മത്താ 21, 12-17; മത്താ 21, 23; മത്താ 24, 1;
6. യേശു സിനഗോഗിൽ വചനം പ്രസംഗിക്കുന്നു:
യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. മത്താ 9, 35; മത്താ 12, 9-14; മർക്കോ 1, 39; മർക്കോ 1, 21-28; മർക്കോ 3, 1-6; മർക്കോ 6, 1-6; ലൂക്കാ 4, 38; ലൂക്കാ 4, 44; ലൂക്കാ 13, 10; മത്താ 13,54;
7. യേശു വീടുകളിൽ വചനം പ്രസംഗിക്കുന്നു:
അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു. വാതില്‍ക്കല്‍ പോലും നില്‍ക്കാന്‍ സ്‌ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. മർക്കോ 1, 29-34; മർക്കോ 2, 1-12; മർക്കോ 3, 20; മർക്കോ 7, 17-18; മർക്കോ 7, 24-25; മർക്കോ 14, 22-24; ലൂക്കാ 5, 17-19; ലൂക്കാ 10, 38-42, ലൂക്കാ 14, 1-14; ലൂക്കാ 19, 1-10; മത്താ 8,14-17; മത്താ 9, 1-8; മത്താ 12, 46-13,1; മത്താ 13,1-9; മത്താ 13,36-43; മത്താ 26, 6-13; യോഹ 2, 1-12; യോഹ 17, 1-26;
8. യേശു കടൽക്കരയിൽ വചനം പ്രസംഗിക്കുന്നു:
കടല്‍ത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. മർക്കോ 2,13; മർക്കോ 4, 1-2; ലൂക്കാ 5, 1-4; മർക്കോ 3, 7-12;
9. യേശു തടാകക്കരയിൽ വചനം പ്രസംഗിക്കുന്നു:
കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ പഠിപ്പിച്ചു ലൂക്കാ 5, 1-3;
10. യേശു കിണറിന്റെ കരയിൽ വചനം പ്രസംഗിക്കുന്നു:
യാക്കോബിന്റെ കിണര്‍ അവിടെയാണ്. യാത്രചെയ്‌തു ക്ഷീണിച്ച യേശു ആ കിണറിന്റെ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു.
ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. യേശു അവളോട് എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു. യോഹ 4 : 6-7; യോഹ 4, 3-42;
11. യേശു പെസഹാ ആചരിക്കുകയും വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്യുന്നു:
അവര്‍ ഭക്ഷിച്ചുകൊണ്ട് ഇരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്‌തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്.
അനന്തരം, പാനപാത്രം എടുത്ത്, കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍നിന്നു പാനംചെയ്‌തു.
അവന്‍ അവരോട് അരുളിച്ചെയ്‌തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്‌തമാണ്.
മർക്കോ 14, 22-24; മർക്കോ 14, 12-26; മത്താ 26, 17-30; ലൂക്കാ 22, 7-23;
ഓരോ മനുഷ്യന്റെയും ഉള്ളിൽ ഉള്ള അടങ്ങാത്ത ഒരു അഭിവാഞ്ഛയാണ് ദൈവത്തിനായുള്ള ദാഹം. ദൈവത്തോട് ഒരു ആഴമായ ബന്ധം പടുത്തുയർത്തുന്നത് പ്രാർത്ഥന എന്ന ചാനലിൽ കൂടിയാണ്. പ്രാർത്ഥനക്ക് രണ്ട് തലമുണ്ട്. ഒന്നാമത്തേത് വ്യക്തിപരവും രണ്ടാമത്തേത് സമൂഹപരവും. ഒന്ന് ദൈവവും മറ്റേത് മനുഷ്യനും. രണ്ടും ഒഴിച്ചുകൂടാൻ പറ്റാത്തവയാണ്. അതായത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ. പ്രാർത്ഥന കമ്മ്യൂണിക്കേഷൻ മാത്രമല്ല കമ്മ്യൂണിയൻ കൂടിയാണ്. കമ്മ്യൂണിക്കേഷൻ എവിടെ ഇരുന്നാലും സാധ്യമാണ്. കമ്യൂണിയൻ കൂട്ടായ്മയിലാണ് സാധ്യമാകുന്നത്. അതുകൊണ്ട് തന്നെയാണ് യേശുക്രിസ്തു നമ്മോട് ഇങ്ങനെ ആഹ്വാനം ചെയ്തത് “എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും” (മത്താ 18, 20).
മനുഷ്യനായി അവതരിച്ച ദൈവപുത്രൻ തന്റെ ജീവിതം കൊണ്ട് പഠിപ്പിച്ച സത്യങ്ങളെക്കാൾ വലുതല്ല ഇന്നോ, ഇന്നലയോ പൊന്തിവന്ന ചിലരുടെ വികലമായ ആശയങ്ങൾ… ഓരോ വിശ്വാസിയുടെയും ഊന്നൽ (റഫറിംഗ് പോയിന്റ്) എപ്പോഴും ക്രിസ്തുവിൽ മാത്രം കേന്ദ്രീകൃതമായിരിക്കണം. ക്രിസ്തുവിന്റെ മാതൃക പിന്തുടർന്ന് ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ ആയിത്തീരട്ടെ എന്ന ആശംസകളോടെ…
കടപ്പാട് : സി. സോണിയ തെരേസ് ഡി. എസ്. ജെ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group