നിത്യജീവന്റെ ആഹാരമാണ് വിശുദ്ധ കുർബാന….

ക്രൈസ്തവ ജീവിതത്തിൽ വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള ചിന്താമലരുകൾ.

ഓർമ്മകളുടെ ഇടതൂർന്ന വസന്തത്തിലാണ് മനുഷ്യജീവിതം സന്തോഷകരമായി മുൻപോട്ടു പോകുന്നത്. ലഭിച്ച വസ്തുക്കളോ, കിട്ടിയ പദവികളോ, ഒന്നുമല്ല മനുഷ്യന്റെ നന്മയെ വിളിച്ചോതുന്ന രഹസ്യം അത്, സ്നേഹത്തിന്റെ മധുരം നിറച്ച ഓർമ്മകൾ മാത്രമാണ്. മനുഷ്യൻ ഏറ്റവും കൂടുതൽ ഓർക്കുന്ന സ്മരണകളിൽ ഒന്ന് അവന്റെ അമ്മയുടേതാണ്. പത്തുമാസം ചുമന്നു പ്രസവിച്ച അമ്മ, തുടർന്ന് ആ കുഞ്ഞിന് വേണ്ടി ദിവസവും ഉണ്ടാക്കിനൽകുന്ന ഭക്ഷണം, അവന്റെ ജീവന്റെ ഊർജ്ജമായി സിരകളിൽ ജ്വലിക്കുന്നതുകൊണ്ടാണ്, അമ്മയെ പറ്റിയുള്ള സ്മരണകൾ നിഴൽ വിരിക്കാതെ എന്നും അവന്റെ ഉള്ളിൽ നിലനിൽക്കുന്നത്. ഇപ്രകാരം തന്റെ ശരീരവും രക്തവും നൽകിക്കൊണ്ട്, സ്മരണയുടെ ഏറ്റവും ശ്രേഷ്ഠമായ അടയാളമാണ് വിശുദ്ധ കുർബാന എന്ന കൂദാശ

ദിവ്യകാരുണ്യം എന്നാണ് വിശുദ്ധ കുർബാനയെ നാം വിളിക്കുന്നത്. കാരണം ദൈവത്തിന്റെ കാരുണ്യം മനുഷ്യനായി അവതരിച്ചതിന്റെ ഏറ്റവും വലിയ പ്രകടനമാണ് വിശുദ്ധ കുർബാന. തന്റെ ഇഹലോകവാസത്തിനുശേഷവും, തന്നിൽ വിശ്വസിക്കുന്നവർക്ക്, ജീവൻ ഉണ്ടാകുവാനും, അത് സമൃദ്ധമായി ഉണ്ടാകുവാനും യേശു അവശേഷിപ്പിച്ച, എന്നാൽ എന്നും തുടരുകയും ചെയ്യുന്ന നവമായ ഉടമ്പടിയാണ്, വിശുദ്ധ കുർബാന. ഈ ദിവ്യബലി ഒരു ത്യാഗത്തിന്റെ പൂർത്തീകരണമായതിനാൽ അമ്മയെ പോലെ അപ്പനായും യേശു നമ്മുടെ അരികെ ആയിരിക്കുന്നു. അമ്മയ്ക്ക് ഭക്ഷണം വിളമ്പണമെകിൽ, അപ്പന്റെ അധ്വാനം കൂടിയേ തീരൂ. തനിക്കുവേണ്ടി മാത്രം അധ്വാനിക്കുന്ന ഒരു വ്യക്തിയെ അപ്പൻ എന്ന് ആരും വിളിക്കാറില്ല. മറിച്ച് ഒരു വ്യക്തി അപ്പനായി മാറുന്നത് സ്വയം ത്യാഗം ചെയ്തു കൊണ്ട് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോഴാണ്. അതിനാൽ ദിവ്യകാരുണ്യം ഒരു അപ്പന്റെയും, അമ്മയുടെയും സ്‌നേഹപൂർണമായ ഒത്തുചേരലിന്റെ അനുഭവമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്.

ദിവ്യകാരുണ്യം അപ്പമായി, ആഹാരമായിട്ടാണ് കർത്താവ് നമുക്ക് നൽകുന്നത്. അപ്പത്തെ സ്മാരകമാക്കുന്ന ആദ്യത്തെ വ്യക്തിയാണ് യേശു. മറ്റു പലരെയും നാം ഓർക്കുന്നത്, ശില്പങ്ങളിലൂടെയും, മന്ദിരങ്ങളിലൂടെയും, രചിച്ച കൃതികളിലൂടെയും, ബാക്കി വച്ച സമ്പത്തിലൂടെയുമൊക്കെയാണ്. എന്നാൽ ഇതാ ഒരാൾ അപ്പം കൊണ്ട് സ്മാരകം തീർക്കുന്നു, അപ്പം എടുത്തു…വാഴ്ത്തി…ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ

അപ്പത്തിന്റെ പ്രത്യേകത എന്താണെന്നുള്ളതാണ് ഇവിടെ പ്രഥമ പരിഗണന നല്കേണ്ടുന്നത്. ആഹാരം, പാർപ്പിടം, വസ്ത്രം എന്നിങ്ങനെയുള്ള മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, ആഹാരം എന്നുള്ളത്. മനുഷ്യന്റെ അത്യാവശ്യങ്ങളിൽ ഒന്നാണ് ആഹാരം എന്നുള്ളത്. ഒരു പക്ഷെ പട്ടിണികിടക്കുവാൻ വിധിക്കപെട്ട സഹോദരങ്ങളോട് ചോദിച്ചാൽ ആഹാരത്തിന്റെ വിലയെന്താണെന്നു നമുക്ക് കൂടുതൽ ബോധ്യമാകും. ഇവിടെയാണ് തന്റെ ശരീരവും, രക്തവും ആഹാരമായി നൽകുന്ന യേശുവിന്റെ കാരുണ്യത്തെ നാം മനസിലാക്കേണ്ടത്. യേശു വിശുദ്ധ കുർബാന അപ്പത്തിന്റെ രൂപത്തിൽ സ്ഥാപിച്ചുകൊണ്ട് മനുഷ്യന്റെ ആവശ്യത്തെ, അത്യാവശ്യത്തെ അഭിസംബോധന ചെയ്യുകയും, അതിനെ പരിഹരിക്കുകയും ചെയ്യുന്നു. ആഹാരത്തിന്റെ മറ്റൊരു പ്രത്യേകത അത് ജീവനെ അല്ലെങ്കിൽ ശരീരത്തെ പരിപോഷിപ്പിക്കുന്നു എന്നുള്ളതാണ്. ഈ ദിവസങ്ങളിൽ, യുദ്ധത്തിന്റെ കെടുതികൾ ഏറെ അനുഭവിക്കുന്ന രാജ്യങ്ങളിലെ കുട്ടികളുടെ ചിത്രങ്ങൾ വിവിധ മാധ്യമങ്ങൾ വഴിയായി നാം കാണുന്നുണ്ട്. ഒരു പക്ഷെ അതിൽ നമ്മെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന ചിത്രം, പട്ടിണികിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ്. ചവറ്റുകുട്ടയിൽ നിന്നും ആഹാരമെടുത്ത്, ഉദരം നിറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മുന്പിൽ, ചവറ്റുകുട്ടപോലും ശൂന്യമായി കിടക്കുന്ന അവസ്ഥകളാണ് നിരവധി സമൂഹങ്ങളിൽ.

ഇവരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ്, പോഷകാഹാരത്തിന്റെ അഭാവം. പോഷകക്കുറവുകൊണ്ട് ശരീരത്തിന് ക്ഷീണം സംഭവിക്കാം. ആരോഗ്യം നശിക്കാം, ഊർജം കുറയാം. എന്നാൽ യേശു പറയുന്ന വചനങ്ങൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്. താൻ നൽകുന്നത് വെറും അപ്പമല്ല, മറിച്ച് അത് ജീവന്റെ അപ്പമാണെന്നുള്ള യേശുവിന്റെ വചനം, അനേകർക്ക് ആശ്വാസം നൽകിയപ്പോൾ, വിശ്വാസരഹിതർക്ക് അത് വലിയ ഉത്തപ്പു നൽകി. എന്നെ ഭക്ഷിക്കുന്നവർ ഞാൻ മൂലം ജീവിക്കും,കാരണം ഈ അപ്പം ജീവിക്കുന്നതും, ജീവിപ്പിക്കുന്നതുമാണെന്ന യേശുവിന്റെ ഉറപ്പും കാരുണ്യവുമാണ് വിശുദ്ധ കുർബാന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group