മരണത്തിന് ഒരുക്കമായി ബെനഡിക്ട് പതിനാറാമന്‍ പാപ്പ എഴുതിയിരുന്ന പ്രസ്താവന പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചു

മരണത്തിന് ഒരുക്കമായി എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ എഴുതിയ പ്രസ്താവന പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചു.

2006 ഓഗസ്റ്റ് 29ന് ‘എന്റെ ആത്മീയ സംഹിത’ എന്ന തലക്കെട്ടോടെ ബെനഡിക്ട് പാപ്പ എഴുതിയ കുറിപ്പാണ് പാപ്പയുടെ മരണ ശേഷം പുറത്തുവിട്ടിരിക്കുന്നത്. പാപ്പയുടെ വാക്കുകളിലേക്ക് ….

എന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകളില്‍ ഞാന്‍ കടന്നുവന്ന ദശാബ്ദങ്ങളിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കുന്നു.എത്ര എത്ര കാരണങ്ങള്‍ക്ക് ഞാന്‍ നന്ദി പറയേണ്ടിയിരിക്കുന്നു…. എല്ലാറ്റിനും ഉപരിയായി ഞാന്‍ ദൈവത്തിന് തന്നെ നന്ദി പ്രകാശിപ്പിക്കട്ടെ… എനിക്ക് എല്ലാം നല്‍കിയ ദൈവം, എനിക്ക് ജീവന്‍ തന്നതിന്…. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആശയക്കുഴപ്പങ്ങള്‍ക്ക് നടുവിലും സംഭ്രമച്ചു പോയപ്പോഴും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്കി എന്നെ വഴി നടത്തിയതിന്… ഞാന്‍ വീണുപോയ അവസരങ്ങളില്‍ എന്നെ താങ്ങി നിറുത്തിയതിന് … ആ വെളിച്ചം എനിക്ക് പകര്‍ന്ന് നല്‍കിയതിന്… പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു പിന്നിട്ട ഇരുട്ട് നിറഞ്ഞതും ദുഷ്‌കരവുമായ പാതകള്‍ എല്ലാം എന്റെ രക്ഷക്ക് വേണ്ടിയായിരുന്നു… എല്ലാ ഇടങ്ങളിലും ദൈവം എന്നെ നന്നായി കരുതുകയും ചെയ്തിരുന്നു….

ഞാന്‍ എന്റെ മാതാപിതാക്കള്‍ക്ക് നന്ദി പറയുന്നു,വളരെ കഷ്ടത നിറഞ്ഞ കാലഘട്ടത്തില്‍ പോലും എനിക്ക് ജന്മം നല്കാന്‍ തയ്യാറായതിന്…സ്‌നേഹം കൊണ്ട് ഒരുക്കിയ ഒരു ഗൃഹാന്തരീക്ഷത്തിന്….അതെല്ലാമാണ് ഇന്നും എന്റെ ഓരോ ദിവസങ്ങളിലും പ്രകാശം ചൊരിയുന്നത്… എന്റെ പിതാവിന്റെ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ വിശ്വാസമാണ് എന്നെയും സഹോദരങ്ങളെയും വിശ്വാസാധിഷ്ഠിതമായ ജീവിതം നയിക്കാന്‍ പ്രാപ്തമാക്കിയതും… ശാസ്ത്രീമായ അറിവുകള്‍ക്ക് നടുവില്‍ ജീവിക്കുമ്പോഴും വ്യതിചലിക്കാതെ വിശ്വാസത്തില്‍ അടിയുറപ്പിച്ചു നിറുത്തിയതുമെല്ലാം പിതാവ് പകര്‍ന്നുതന്ന വിശ്വാസമായിരുന്നു. എന്റെ അമ്മയുടെ ഹൃദയംഗമമായ ഭക്തിയും കരുണയും ഒരു പൈതൃകമായി തുടരുന്നതിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. എന്റെ സഹോദരി ദശാബ്ദങ്ങളോളം നിസ്വാര്‍ത്ഥമായി എന്നെ ശുശ്രൂഷിക്കുകയും കരുതുകയും ചെയ്തവളാണ്. എന്റെ സഹോദരന്‍ കൃത്യമായ വീക്ഷണത്തോടും കാഴ്ചപ്പാടോടും, നിശ്ചയദാര്‍ഢ്യത്തോടും ഹൃദയവിശാലയതയോടും കൂടി എനിക്ക് വഴി തെളിച്ചുതന്നു.

ദൈവം എനിക്ക് സുഹൃത്തുക്കളെയും അധ്യാപകരെയും വിദ്യാര്‍ത്ഥിക്കളെയും നല്കിയതിനെ ഓര്‍ത്ത് ഞാന്‍ നന്ദി പറയുന്നു. ജീവിതവഴിയില്‍ താങ്ങാകുവാന്‍ ദൈവം നല്‍കിയതാണ് അവരെ… അവരിലൂടെ ദൈവം എനിക്ക് നല്‍കിയ നന്മകളെ ഞാന്‍ സ്മരിക്കുന്നു.ആല്‍പ്‌സിലെ ബവേറിയന്‍ താഴ്വരയില്‍ ദൈവം എനിക്കായി നല്കിയ ഭവനത്തെ ഓര്‍ത്ത് ഞാന്‍ നന്ദി പറയുന്നു. എന്റെ മാതൃരാജ്യത്തിലെ ജനങ്ങളെ ഞാന്‍ ഓര്‍ക്കുന്നു… വിശ്വാസത്തിന്റെയും കാലത്തിന്റെയും സൗന്ദര്യം അനുഭവിക്കാന്‍ എന്നെ അവര്‍ അനുവദിച്ചതിനെ ഓര്‍ത്ത് ഞാന്‍ അവരോട് നന്ദി പറയുന്നു.ഈ രാജ്യം എന്നും വിശ്വാസത്തില്‍ നിലനില്‍ക്കുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒപ്പം ഒരു കാര്യം ഞാന്‍ നിങ്ങളോടു ആവശ്യപ്പെടുന്നു ഏതു സാഹചര്യത്തിലും വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കാന്‍ ഇടയാകരുത്. ഏറ്റവും അവസാനമായി ജീവിതത്തിലുടനീളം ദൈവം നല്‍കിയ എല്ലാ അനുഭവങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു.വളരെ പ്രത്യേകമായി എന്റെ രണ്ടാമത്തെ ഭവനമായ റോമിലും ഇറ്റലിയിലും വെച്ച് ദൈവം വഴിനടത്തിയതിനെ ഓര്‍ത്ത് ഞാന്‍ നന്ദി പറയുന്നു.ഞാന്‍ ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചവരോട് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നു.

എന്റെ ദേശക്കാരോട് നേരത്തെ ഞാന്‍ ആവശ്യപ്പെട്ടത് ഇപ്പോള്‍ സഭയിലുള്ള എല്ലാവരോടും ഞാന്‍ അവശ്യപ്പെടുകയാണ്. വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുക… ആശയക്കുഴപ്പങ്ങളില്‍ വീണ് പോകാതെ ശ്രദ്ധിക്കുക ശാസ്ത്രവും, ചരിത്ര ഗവേഷണങ്ങളും പ്രത്യേകിച്ച് പല വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനങ്ങളും കത്തോലിക്ക വിശ്വാസത്തിന് വിരുദ്ധമായി വന്നേക്കാം…. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്… എന്നാല്‍ കത്തോലിക്ക വിശ്വാസത്തിന് എതിരായ പഠനങ്ങള്‍ കുറച്ചു നാളുകള്‍ക്ക് ശേഷം മാഞ്ഞുപോകുന്നതും കണ്ടിട്ടുണ്ട്….അതൊന്നും ശാസ്ത്രമല്ല തത്വചിന്താപരമായ ചില അനുമാനങ്ങള്‍ മാത്രമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. കഴിഞ്ഞ 60 വര്‍ഷമായി ഞാന്‍ ദൈവശാസ്ത്രത്തിന്റെ പാതയിലാണ്. ഈ കാലഘട്ടത്തില്‍ പല സിദ്ധന്തങ്ങളുടെയും പതനം ഞാന്‍ കണ്ടിട്ടുണ്ട്. പലതും ഇന്നും പൊന്തി വരുന്നുമുണ്ട്. എന്നാല്‍ യേശു ക്രിസ്തുവാണ് ശരിയായ വഴിയും സത്യവും ജീവനും,സഭ എല്ലാ കുറവുകളോടും കൂടെ യേശുവിന്റെ ശരീരവുമാണ്.

അവസാനമായി നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് താഴ്മയായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വഴി എന്റെ പാപങ്ങളും കുറവുകളും എല്ലാം പൊറുത്ത് ദൈവം എന്നെ നിത്യവസതിയിലേക്ക് പ്രവേശിപ്പിക്കട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group