പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും നമ്മുടെ മുൻപിൽ കോട്ടപോലെ ഉറച്ച് നിൽക്കുവായിരിക്കും എന്നാൽ ജീവിതത്തിൽ ഉള്ള ഏത് പ്രതിസന്ധികളെയും ദൈവത്തിൻറെ ശക്തിയാൽ ചാടി കടക്കാമെന്നാണ് ദൈവത്തിൻറെ വചനം പ്രതിപാദിക്കുന്നത്. പ്രതിസന്ധി ആകുന്ന കോട്ട ചാടി കടക്കുവാൻ നമുക്ക് ആദ്യം വേണ്ടത് ദൈവത്തിൽ അടിയുറച്ച വിശ്വാസം ആണ്. നാം വലുതെന്നു കരുതുന്ന പ്രശ്നങ്ങൾ ആകുന്ന കോട്ടകളോട് നമുക്ക് പറയുവാൻ സാധിക്കണം നമ്മുടെ ദൈവം അവയെക്കാൾ വലിയവനാണെന്ന്. അപ്പോൾ നമ്മൾ കോട്ടകളെ ചാടി കടക്കാൻ പറ്റുന്ന തക്ക വിശ്വാസത്തിനു ഉടമകളായിത്തീരും.

നമ്മുടെ ജീവിതപ്രശ്നങ്ങളെയെല്ലാം വലിയ കോട്ടകളായി കണ്ട്, അവയെക്കുറിച്ച് ദൈവസന്നിധിയിൽ ആവലാതി പറയുന്ന ഒരു രീതിയിലേക്ക് നമ്മുടെ പ്രാർത്ഥന ചെന്നെത്താറുണ്ട്. നമ്മുടെ പരിമിതമായ കാഴ്ചപ്പാടുകളുടെ വെളിച്ചത്തിൽ നമ്മുടെ പ്രശ്നങ്ങളെ കാണുമ്പോഴാണ് അവയെല്ലാം വലിയ പ്രതിബന്ധങ്ങളായി നമുക്ക് തോന്നുന്നത്. ഈ തോന്നലുകളിൽ നിന്നാണ് ഭയവും നിരാശയുമൊക്കെ ഉടലെടുക്കുന്നത്. എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്നു കണ്ണെടുത്ത്‌, വിശ്വാസ ദൃഷ്ടികളോടെ ദൈവത്തെ തിരയുന്ന ഒരു വ്യക്തിക്ക് ദൈവം തന്നെ വെളിപ്പെടുത്തിത്തരുന്ന ഒരു കാര്യമാണ്, ദൈവത്തിന്റെ അപരിമിതമായ ശക്തിക്കു മുൻപിൽ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എത്രയോ നിസ്സാരങ്ങളാണെന്നുള്ളത്.

ദൈവത്തിൽ മാത്രം ആശ്രയിക്കുന്നവനുവേണ്ടി യുദ്ധം ചെയ്യുന്നത് ദൈവമാണ്. സാധ്യതയുടെ വാതിലുകൾ എല്ലാം അടയുമ്പോളും, പ്രതീക്ഷിക്കാൻ വകയൊന്നും ഇല്ലാതിരിക്കുമ്പോഴും ഹൃദയ ശുദ്ധിയോടെ ദൈവത്തിൽ മാത്രം ആശ്രയിക്കുക, അപ്പോൾ നമ്മുടെ വേദനകരമായ സാഹചര്യങ്ങളിൽ ദൈവം നമുക്ക് ശക്തി നൽകും. ചിലപ്പോൾ കഷ്ടത അനുഭവിക്കുന്നത് ദൈവത്തിന്റെ നന്മയുടെ ഭാഗമായിട്ടാണ്. പുതിയ നിയമ കാലഘട്ടത്തിൽ കർത്താവ് നൽകുന്ന ശക്തി പരിശുദ്ധാൽമാവിലൂടെയും വചനത്തിലൂടെയും ആണ്. പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m