കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ വലിയ ആഴ്ച സന്ദേശം :
വലിയ ആഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുള്ള ദിവസങ്ങളാണ് വലിയ ആഴ്ചയായി ആചരിക്കുന്നത്. ഈ ദിവസങ്ങളിൽ നമ്മുടെ കർത്താവും രക്ഷകനുമായ ഈശോയുടെ ജീവിതത്തിലെ ഏറ്റവും തീവ്രവവും ഉന്നതവുമായ രഹസ്യങ്ങളുടെ അനുസ്‌മരണവും ആഘോഷവുമാണ് നടത്തുന്നത്.
കർത്താവായ ഈശോമിശിഹായിലൂടെ പിതാവായ ദൈവം സാധിച്ച രക്ഷയുടെ പ്രവർത്തനമാണ്, അതിന്റെ അനുസ്‌മരണമാണ് ഈ ദിവസങ്ങളിൽ നാം നടത്തുന്നത്. രക്ഷയുടെ പ്രവർത്തനത്തിന്റെ ആകെത്തുകയായിട്ടുളള പരിശുദ്ധാത്മാവിന്റെ ആഗമനമാണ് ഇവിടെ സംഭവിക്കുന്നത്.പരിശുദ്ധാത്മാവ് സഭയെയും ജനതകളെയും ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നു.
ഇത്രയും ഉന്നതമായ രഹസ്യങ്ങളുടെ അനുസ്‌മരണവും ആഘോഷവും നമ്മുടെ ജീവിതത്തിലേക്ക് ഏറ്റുവാങ്ങുവാനുള്ള അമൂല്യമായ അവസരമാണ് വലിയ ആഴ്ച. വലിയ ആഴ്ചയിൽ മാത്രമല്ല ജീവിതത്തിലുടനീളം കർത്താവിലൂടെ സംഭവിച്ച ഈ രഹസ്യങ്ങളാണ് നാം അനുസ്മരിച്ചു ജീവിക്കുന്നത്. പക്ഷേ ഈ തീവ്രമായ അനുസ്മരണം നമുക്ക് കൂടുതൽ ശക്തി നല്കുന്നു. ജീവിതത്തെ മുഴുവനുമാണ് കർത്താവായ ഈശോമിശിഹായുടെ ജീവിതരഹസ്യങ്ങളോട് ചേർത്തു ശക്തമാക്കിത്തീർക്കുന്നത്.
നമ്മുടെ ജീവിതത്തിൽ സന്തോഷങ്ങളും ദു:ഖങ്ങളുമുണ്ട്. എന്നാൽ അവയുടെ നടുവിൽ സമചിത്തതയോടെ ജീവിക്കാൻ നമുക്ക് സാധിക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണ്. അല്ലെങ്കിൽ ആ ശക്തി സംഭരിച്ചുകൊണ്ടായിരിക്കണം നാം ജീവിക്കേണ്ടത്. അതാണ് വലിയ ആഴ്ചയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം.
സത്യത്തിനും നീതിക്കും കാരുണ്യത്തിനുമെല്ലാം പ്രാധാന്യം നല്കിക്കൊണ്ട് നമ്മൾ ജീവിതത്തെ തിരുത്തിക്കുറിക്കേണ്ട സന്ദർഭമാണ് ഇത്. ഒരിക്കലും വ്യക്തിതാല്പര്യങ്ങൾക്കോ സങ്കുചിതതാല്പര്യങ്ങൾക്കോ വേണ്ടി പ്രവർത്തിക്കരുത്. അത്തരം താല്പര്യങ്ങൾ നമ്മെ തിന്മയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group