നവജാത ശിശു സംസാരിക്കുന്നു ,
കൊല്ലം നഗരത്തിലെ അത്ഭുതം
കൊടുങ്ങല്ലൂരിൽ നിന്നും കൊല്ലത്തേക്കാണ് തോമാശ്ലീഹാ യാത്രയായത്. അക്കാലത്ത് കൊല്ലത്ത്കൂടുതലായും ഉണ്ടായിരുന്നത് വണിക് വർഗ്ഗത്തിൽ പെട്ട ചെട്ടിയാർമാരാ യിരുന്നു. അവരിൽ അനേകം പേർക്ക് ശ്ലീഹാ മാമ്മോദീസാ നല്കി. ഒപ്പം മറ്റു വിവിധ ഗണത്തിൽ പെട്ടവരും മാമ്മോദീസാ സ്വീകരിച്ചു. തോമാശ്ലീഹാ അവർക്കായി ഒരു ആരാധനാലയം നിർമ്മിച്ചു നല്കി. എന്നാൽ പുതിയ മാർഗം സ്വീകരിക്കാൻ വിസമ്മതിച്ച കുറെ ആളുകൾ കൊല്ലം ഉപേക്ഷിച്ച് നഞ്ചിനാട്ടിലേക്കു പോയി. ഒരു വർഷത്തോളം തോമാശ്ലീഹാ കൊല്ലത്തു സുവിശേഷം പ്രസംഗിച്ചു. ശ്ലീഹായോടു വിരോധമുണ്ടായിരുന്ന ആളുകൾ അദ്ദേ ഹത്തെ അപായപ്പെടുത്തുവാൻ പരിശ്രമിച്ചിരുന്നു. ഒരിക്കൽ അവിവാഹിതയായ ഒരു സ്ത്രീ പ്രസവിക്കാനിടയായി. ശ്ലീഹായെ അപമാനിക്കുവാനുള്ള ഒരവസരമായി ശത്രുക്കൾ ഇതിനെ കണ്ടു. അവരുടെ നിർബ്ബന്ധത്താൽ തോമാ ശ്ലീഹായാണു കുഞ്ഞിന്റെ പിതാവ് എന്നു ആ സ്ത്രീ പറഞ്ഞു. വാർത്ത നാടു മുഴുവൻ പരന്നു. ശ്ലീഹാ നാടു വാഴിക്കു മുൻപിൽ ഹാജരാക്കപ്പെട്ടു. വിചാരണാവേളയിൽ ശ്ലീഹാ തന്റെ നിരപരാധിത്വം തെളിയിക്കാൻ നിർബ്ബന്ധിക്കപ്പെട്ടു. അദ്ദേഹം ശിശുവിനൊടു ആരാണു നിന്റെ പിതാവു എന്നു ചോദിച്ചു. ജനിച്ചിട്ടു ഏതാനും ആഴ്ചകൾ മാത്രമായിരുന്ന ആ ശിശു കൂടെ നിന്ന് ഒരാളെ ചൂണ്ടി ക്കാണിച്ചുകൊണ്ട് അയാളാണു തന്റെ പിതാവെന്ന് വ്യക്ത മായി പറഞ്ഞു. ആ സ്ത്രീക്ക് അതു സമ്മതിക്കേണ്ടിയും വന്നു. അങ്ങനെ തോമാശ്ലീഹാ തന്റെ നിരപരാധിത്വം തെളിയിച്ചു. ആളുകൾ തോമാശ്ലീഹായിലും അദ്ദേഹം പ്രസംഗിച്ച സുവിശേഷത്തിലും കൂടുതലായി വിശ്വസി ക്കാൻ തുടങ്ങി.
വിചിന്തനം
കേരളത്തിലെ പ്രധാന തുറമുഖനഗരങ്ങളിൽ ഒന്നായിരുന്ന കൊല്ലം അക്കാലത്ത് പാണ്ഡ്യരാജാക്കന്മാരുടെ കീഴിലായിരുന്നു. കച്ചവടാവശ്യങ്ങൾക്കായി കപ്പലുകൾ കൊടുങ്ങല്ലൂരിൽ നിന്നും കൊല്ലത്തേക്കു പോകുന്നുണ്ടാ യിരുന്നു. അങ്ങിനെയാവണം ശ്ലീഹാ കൊല്ലത്തേക്കു പോകാനിടയായത്.
ഈശോ തന്റെ അനുയായികളെയും പ്രേഷിതരെയും ഒരിക്കലും കൈവിടില്ല. ഏതു പ്രതികൂല സാഹചര്യ ങ്ങളിൽ കൂടി കടന്നു പോയാലും അവിടുത്തെ ബലമേറിയ കരങ്ങൾ അവരോടൊപ്പമുണ്ടായിരിക്കും. പരിശുദ്ധമായി ജീവിക്കുന്നവർക്ക് ഒരു പോറൽ പോലും ഏല്പ്പിക്കാൻ ആർക്കും സാധിക്കുകയില്ല. “എന്റെ കൃപ നിന്നോടൊപ്പ മുണ്ട്” എന്നു പറഞ്ഞു കൊണ്ടാണ് ഈശോ തോമാശ്ലീഹായെ ഇന്ത്യയിലേയ്ക്കു യാത്രയാക്കിയത്. തന്റെ വാഗ്ദാനം പാലിച്ചുകൊണ്ടു ഈശോ എന്നും അദ്ദേഹത്തോടൊപ്പ മുണ്ടായിരുന്നു. സുവിശേഷം പ്രസംഗിക്കുക എന്ന തന്റെ ദൗത്യം ശ്ലീഹാ ഒരിക്കലും വിസ്മരിച്ചില്ല. പോയിടത്തെല്ലാം വചനം പ്രഘോഷിച്ചു, അനേകരെ ഈശോയിലേക്ക് ആന യിച്ചു. ഈശോയ്ക്കു വേണ്ടി ജീവിക്കുമ്പോൾ, വചനം പ്രഘോഷിക്കുമ്പോൾ, വചനത്തിനായി ജീവിക്കുമ്പോൾ ശത്രുക്കൾ ഉണ്ടാകുക എന്നത് സ്വാഭാവികം മാത്രമാണ്. അതിൽ നാം ഒരിക്കലും ആകുലപ്പെടരുത്. വചനമനുസ രിച്ചു മാത്രം ജീവിച്ചിട്ടും എനിക്കെന്തേ ഇങ്ങിനെയൊക്കെ സംഭവിച്ചത്, ഇത്രയേറെ ശത്രുക്കൾ എന്തു കൊണ്ടു എന്നൊക്കെ ചിലപ്പോൾ എങ്കിലും നാം ഓർത്തുപോകും. നമ്മെ ഇഷ്ടപ്പെടാത്ത ദുഷ്ടശക്തികൾ നമ്മിലെ നന്മയെ നശിപ്പിക്കാൻ അവസരം കാത്തിരിക്കും. അതേ സമയം എന്നും നന്മയെ മുറുകെ പിടിച്ചാൽ, ഈശോയോടൊപ്പം എന്നും ജീവിച്ചാൽ ഒരു ദുഷ്ടശക്തിക്കും നമ്മെ കീഴ്പെടു ത്താനാവില്ല.
പ്രാർത്ഥന
“സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെ പ്പോലെ നിഷ്ക്കളങ്കരുമായിരിക്കുവിൻ” (മത്താ 10:16) എന്ന് ഞങ്ങളെ പഠിപ്പിച്ച കർത്താവേ, പാപമാർഗ്ഗങ്ങളിൽ നിന്നും വിട്ടുമാറി നിഷ്കളങ്കരായ് ജീവിക്കുവാൻ ഞങ്ങളെ അനു ഗ്രഹിക്കണമേ. ആരോപണങ്ങളുടെ നടുവിലും പതറാതെ നിന്നിൽ വിശ്വാസമുറപ്പിച്ച തോമാശ്ലീഹായെപ്പോലെ ഞങ്ങൾക്ക് നേരിടാവുന്ന തെറ്റിധാരണകളെയും, ആരോ പണങ്ങളെയും നിന്നിൽ ആശ്രയിച്ച് അതിജീവിക്കുവാൻ ഞങ്ങൾക്ക് ആത്മാവിന്റെ ശക്തി തരണമേ. ആമ്മേൻ.
സുകൃതജപം
എല്ലാ പ്രതിസന്ധികളിലും നാഥാ, നീ മാത്രമാണ് എന്റെ ആശ്രയം.
സൽക്രിയ
ദാനിയേലിന്റെ പുസ്തകം 13-ാം അദ്ധ്യായം വായി ക്കുകയും കുറ്റാരോപണങ്ങളാൽ മനംനൊന്ത് കഴിയുന്ന വർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
ഗാനം
മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ…
വാഗ്ദാനം ചെയ്ത നാഥൻ കൈവിടില്ലൊരിക്കലും ശിഷ്യനായി സ്വീകരിച്ചാൽ എന്നെന്നും കൂടെക്കാണും ശ്ലീഹായെ അങ്ങയെപോൽ വചനത്തിൽ ജീവിച്ചീടാം ശത്രുക്കൾ ഏറിയാലും പിന്തിരിയില്ലൊരുനാളും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group