“നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എനിക്കു ദർശനഭാഗ്യം തരിക
“പന്ത്രണ്ടുപേരിലൊരുവനും ദീദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോൾ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യൻമാർ അവനോടു പറഞ്ഞു: ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അവൻറ ശിഷ്യൻമാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവ രോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! അവൻ തോമസിനോടു പറഞ്ഞു: നിൻ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എന്റെ കർത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യ വാൻമാർ. (യോഹ 20:24-29).
വിചിന്തനം
ഉത്ഥിതനായ ഈശോയിലുള്ള ഏറ്റവും വലിയ വിശ്വാസപ്രഘോഷണം നടത്തിയത് തോമാശ്ലീഹായാണ്. “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്നുള്ള ആ ഏറ്റു പറച്ചിൽ യോഹന്നാൻ സുവിശേഷത്തിന്റെ പര്യവസാനമാണ്. മനുഷ്യരൂപം സ്വീകരിച്ച വചനം യഥാർത്ഥത്തിൽ ദൈവമാണ് എന്നു പറഞ്ഞുകൊണ്ടാണ് യോഹന്നാൻ തന്റെ സുവിശേഷം ആരംഭിക്കുന്നത്. ഈശോ യഥാർത്ഥ ത്തിൽ ദൈവമാണെന്നുള്ള ഏറ്റുപറച്ചിലിലാണ് യോഹന്നാന്റെ സുവിശേഷം അവസാനിക്കുന്നത്.
“അവന്റെ കൈകളിലെ ആണിപ്പാടുകൾ കാണാതെയും പാർശ്വത്തിലെ മുറിവിൽ എന്റെ വിരൽ ഇടുകയും ചെയ്യാതെ ഞാൻ വിശ്വസിക്കയില്ല.” എന്ന തോമാശ്ലീഹാ യുടെ പ്രസ്താവനയുടെ ശരിയായ അർത്ഥം എന്തായിരുന്നു ഈശോയുടെ ഉത്ഥാനത്തിലുള്ള അവിശ്വാസമാണോ ശ്ലീഹാ ശരിക്കും പ്രകടിപ്പിക്കുന്നത്? ഉത്ഥിതനായ ഈശോ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു. തോമാശ്ലീഹാ അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ശിഷ്യന്മാർ അവിടുത്തെ മുറിവുകളെക്കുറിച്ചും ഒക്കെ ആവേശ ത്തോടെ സംസാരിച്ചു. തോമാശ്ലീഹായെ സംബന്ധിച്ചിട ത്തോളം അതു സഹിക്കാവുന്നതിലും അധികമായിരുന്നു. ഗുരുവിനോടൊപ്പം മരിക്കാൻ പോലും തയ്യാറായവനാണ് താൻ എന്നിട്ടും… തനിക്കുമാത്രം എന്തേ ഭാഗ്യം നിഷേ ധിക്കപ്പെട്ടു? ആ മുറിവുകൾ എനിക്കും കാണണം. എങ്കിൽ മാത്രമേ ഞാൻ വിശ്വസിക്കുകയുള്ളൂ.നിറഞ്ഞ സ്നേഹ ത്തിൽ നിന്നുളവായ നിഷ്കളങ്കമായ വാശി. “സംശയാലു എന്ന വിശേഷണത്തിന് ഒരിക്കലും ചേരാത്തത്. ഗുരുവിനു നേരെയുള്ള ഒരു വെല്ലുവിളി കൂടിയായിരുന്നു അത്. നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എനിക്കും ദർശനഭാഗ്യം നൽകുക. ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഈശോ വീണ്ടും പ്രത്യക്ഷപ്പെടുന്നതും തോമാശ്ലീഹായ്ക്ക് തെളിവു നൽകുന്നതും. വരിക, നിന്റെ വിരൽ എന്റെ പാർശ്വത്തിൽ വയ്ക്കുക.’ തോമാശ്ലീഹായ്ക്ക് അത്രയും മതിയായിരുന്നു. ആ ദർശനം തന്നെ ധാരാളം. സ്പർശനം ആവശ്യമില്ലായി രുന്നു. വാക്കുകൾ സ്വയം പുറത്തുവന്നു. “എന്റെ കർത്താ വേ, എന്റെ ദൈവമേ…” ഈശോയുടെ പൂർണദൈവത്വ ത്തിന്റെ സമ്പൂർണമായ ഏറ്റുപറച്ചിൽ.
കണ്ടുവിശ്വസിച്ച ശിഷ്യന്മാരെയും കാണാതെ വിശ്വ സിക്കുന്ന നാം ഉൾപ്പെടുന്ന പിൻതലമുറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് തോമാശ്ലീഹാ. അതുതന്നെ യാണ് അദ്ദേഹത്തിന്റെ അനന്യതയും. തോമാശ്ലീഹായി ലൂടെ നമുക്കും ഈശോയെ കർത്താവും ദൈവവുമായി ഏറ്റുപറയാം.
പ്രാർത്ഥന
നിന്റെ വത്സല ശിഷ്യനായ തോമ്മാശ്ലീഹായുടെ സ്നേഹശാഠ്യത്തിനു മുമ്പിൽ സ്വയം വിനീതനായ് വീണ്ടും ദർശനം നൽകി ശ്ലീഹായെ പരിപൂർണ്ണവിശ്വാസത്തിലേക്കു കൈപിടിച്ചുയർത്തിയ കർത്താവേ, തോമാശ്ലീഹായെ പ്പോലെ നിഷ്കളങ്ക ഹൃദയത്തോടുകൂടി പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമെ. ഈശോയേ, നിന്നെ ഞങ്ങളുടെ കർത്താവും ദൈവവുമായി ഏറ്റുപറഞ്ഞ് ഞങ്ങളുടെ അനു ദിന ജീവിതത്തിലൂടെ നിനക്ക് സാക്ഷികളാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ. ആമ്മേൻ.
സുകൃതജപം
“ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും” (മത്താ 5:8).
സൽക്രിയ
“വി. യോഹന്നാന്റെ സുവിശേഷം 20-ാം അദ്ധ്യായം ധ്യാനപൂർവ്വം വായിക്കുക.
ഗാനം
മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ
മാർത്തോമാ സ്നേഹതാതൻ കർത്താവിന്റെ പ്രിയ ശിഷ്യൻ വാശിയാൽ തപം ചെയ്തു ഉത്ഥിത ദേഹം കാണാൻ
ഉത്ഥിതൻ വന്നുചാരേ കരങ്ങൾ നീട്ടി ചൊല്ലി വരിക കണ്ടുകൊൾക മുറിവുകൾ സ്പർശിച്ചാലും
(മാർത്തോമാ…)
ദർശനം തന്നെ ഭാഗ്യം സ്പർശനം വേണ്ടേ വേണ്ടേ എൻ കർത്താവും എൻ ദൈവവും നീ തന്നെ സത്യം സത്യം…
(മാർത്തോമാ…)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group