വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം പന്ത്രണ്ടാം ദിവസം

“ നിന്റെ കൊട്ടാരം എനിക്കു തന്നാലും”

തോമാശ്ലീഹാ ജയിലിലിലായിരിക്കേ ഗൊണ്ടഫറസ് രാജാ വിന്റെ സഹോദരൻ ഗാഡിന് കലശലായ രോഗം പിടി പെടുകയും താമസിയാതെ മരിക്കുകയും ചെയ്തു. മരണ ശേഷം അയാൾ സ്വർഗ്ഗത്തിലെത്തിയപ്പോൾ മാലാഖമാർ അയാളെ സ്വീകരിച്ചു. അവിടെ മനോഹരമായ ഒരു കൊട്ടാരം ദൃഷ്ടിയിൽ പെട്ടപ്പോൾ അതിൽ താമസിക്കുവാൻ അനുവദിക്കണമെന്ന് അയാൾ മാലാഖമാരോട് അപേക്ഷിച്ചു. എന്നാൽ, അത് നിനക്കുള്ളതല്ലെന്നും, നിന്റെ സഹോദരൻ ഗൊൺഫറസിനായി തോമാശ്ലീഹാ പണി കഴിപ്പിച്ചിട്ടുള്ളതാണെന്നും മാലാഖ മറുപടി നൽകി. എങ്കിൽ, തന്നെ ഭൂമിയിൽ പോകുവാൻ അനുവദിക്കണമെന്നും സഹോദരന്റെ അനുവാദം വാങ്ങിതിരികെവരാം എന്നും അയാൾ പറഞ്ഞു. തൽഫലമായി അയാൾ ജീവിതത്തിലേക്കു തിരിച്ചുവരുകയും ഗൊണ്ട്ഫറസിനോട് താൻ കണ്ട കാര്യങ്ങളെല്ലാം വിവരിക്കുകയും ചെയ്തു. രാജാവാകട്ടെ, കാര്യങ്ങളെല്ലാം ഗ്രഹിക്കുകയും തോമാശ്ലീഹായെ തടവറയിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു. തദനന്തരം രാജാവും സഹോദരനും ശ്ലീഹാ യിൽ നിന്നു മാമ്മോദീസാ സ്വീകരിച്ചു.

വിചിന്തനം

ദൈവത്തിനു നാമോരോരുത്തരെയും കുറിച്ച് വ്യക്തമായ പദ്ധതിയുണ്ട്. അതു പൂർത്തിയാക്കേണ്ടതിന് ദൈവവുമായി സഹകരിക്കേണ്ടത് അത്യാവശ്യമാണ്. കർത്താവിന്റെ സുവിശേഷപ്രഘോഷണാർത്ഥം ഇന്ത്യ യുടെ വടക്കുപടിഞ്ഞാറൻ നാടുകളിൽ എത്തിയ തോമാ ശ്ലീഹായോടൊപ്പം കർത്താവിന്റെ കൃപ എന്നും ഉണ്ടായി രുന്നു. “നിനക്ക് എന്റെ കൃപമതി’ എന്നു പറയുന്ന കർത്താവാണ് നമ്മുടെ ജീവിതത്തിൽ എല്ലാം നന്മയ്ക്കായി ക്രമീകരിക്കുന്നത്. ഈശോയുടെ സുവിശേഷവുമായി നീങ്ങുന്ന ഓരോ വ്യക്തിക്കും അവശ്യം ഉണ്ടായിരിക്കേണ്ട ബോദ്ധ്യവും ഇതുതന്നെയാണ്. തോമാശ്ലീഹാ തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ സംഭവങ്ങളിലും കർത്താവിന്റെ കൃപ ദർശിച്ചു.

ഇപ്രകാരം ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ദൈവഹിതം നിറവേറ്റുവാൻ നാം പരിശ്രമിക്കുമ്പോൾ ദൈവം നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായി ഇടപെടും. തന്നെ സ്നേഹിക്കുന്നവർക്ക് തന്റെ ഹിതപ്രകാരം ജീവിക്കുന്നവർക്ക് അവിടുന്ന് ഒരു കുറവും വരുത്തുക യില്ല. പരാജയങ്ങൾ താൽക്കാലികം മാത്രം. നിരാശയോ പരിഭവമോ പാടില്ല, ദൈവം അറിയാതെ നമ്മുടെ ജീവി തത്തിൽ ഒന്നും സംഭവിക്കുകയില്ല. നാം അവിടുത്തെ സ്നേഹിച്ചാൽ, അവിടുത്തെ ഹിതമനുസരിച്ചു അവിടുത്തെ പദ്ധതികളോടു ചേർന്നുനിന്നു പ്രവർത്തിച്ചാൽ നമ്മുക്ക് എല്ലാം നന്മയായി ഭവിക്കും. തോമാശ്ലീഹാ ജയി ലിലായതും രാജസഹോദരനു അസുഖമായതും എല്ലാം ദൈവിക പദ്ധതികളുടെ ഭാഗമായിരുന്നു. തോമാശ്ലീഹാ പൂർണ്ണമായും രാജാവിന് വെളിപ്പെടേണ്ടതിനു അവ
അവശ്യമായിരുന്നു.

എന്നും ദൈവഹിതം നിറവേറ്റിക്കൊണ്ട് ജീവിക്കുവാൻ നമുക്കിടയാകട്ടെ. ദൈവിക പദ്ധതിയോട് ചേർന്നു നില്ക്കുവാൻ, അതിനോടു പൂർണ്ണമായി സഹകരിക്കുവാൻ നമുക്കു സാധിക്കട്ടെ.

പ്രാർത്ഥന

“പിതാവേ, എന്റെ ഇഷ്ടമല്ല. നിന്റെ ഇഷ്ടം നിറവോട്ടെ” എന്നു പ്രാർത്ഥിച്ച കർത്താവേ, തടവറയിലെ യാതനകൾ ദൈവതിരുമനസ്സിനു മുമ്പിൽ കാഴ്ചവച്ച് സഹിക്കുവാൻ നിന്റെ വത്സലശിഷ്യനായ തോമ്മാശ്ലീഹായ്ക്ക് നീ ശക്തി നൽകിയതു പോലെ ഞങ്ങളുടെ ജീവിതത്തിലെ സഹനങ്ങളിൽ നിന്റെ തിരുമനസ്സുകാണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ജീവിതപ്രതിസന്ധികളിൽ നിരാശരാ കാതെ പ്രത്യാശയോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യേണമേ. ആമ്മേൻ

സുകൃതജപം

‘ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ നിങ്ങൾ ആഹ്ളാദിക്കുവിൻ” (1 പത്രോ 4:13).

സൽക്രിയ

അകാരണമായി തടവറയിൽ കഴിയുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

ഈശോയെ നിൻ ശിഷ്യനാം മാർത്തോമ്മ ചെയ്തതുപോൽ നിൻ കൃപ ദർശിച്ചിടാം എന്നുമെൻ ജീവിതത്തിൽ (മാർത്തോമാ…)

ദൈവത്തെ സ്നേഹിക്കുന്നോർ തിരുഹിതം ചെയ്തീടുന്നോർ നിശ്ചയം കണ്ടിടുമേ അത്ഭുതം ജീവിതത്തിൽ (മാർത്തോമാ..)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group