നന്മയ്ക്കായി ജീവിതത്തിൽ പ്രത്യാശയും ഐക്യദാർഢ്യവും പുനരാർജ്ജിക്കണം: യൂറോപ്പിലെ കത്തോലിക്കാ മെത്രാൻ സമിതി

Bundesminister Sebastian Kurz im Rahmen der Bischofskonferenz. Wien, 04.11.2014, Foto: Dragan Tatic

നവംബർ 18-Ɔο തിയതി ബുധനാഴ്ച യൂറോപ്യൻ സ്ഥാപനങ്ങൾക്കും അംഗരാഷ്ട്രങ്ങൾക്കും അയച്ച സന്ദേശത്തിലാണ് യൂറോപ്പ് ഭൂഖണ്ഡത്തിലെ മെത്രാന്മാരുടെ സമിതി പ്രത്യാശയുടെയും കൂട്ടായ്മയുടെയും സന്ദേശം പങ്കുവച്ചത്. ഭൂഖണ്ഡത്തിന് സമാധാനവും ഐക്യവും ആർജ്ജിച്ച യൂറോപ്യൻ യൂണിയൻറെ നിർമ്മിതിയെ സംബന്ധിച്ച് തങ്ങൾക്കുള്ള സമർപ്പണത്തെ മെത്രാന്മാർ സന്ദേശത്തിൽ അടിവരയിട്ടു പ്രസ്താവിച്ചു. തിന്മയായി തലപൊക്കുന്നവപോലും നന്മയാക്കി മാറ്റാൻ ഉത്ഥാനംചെയ്ത ക്രിസ്തുവിലുള്ള യൂറോപ്യൻ ജനതയുടെ വിശ്വാസം പ്രത്യാശപകരുന്നതായും, ഈ പ്രത്യാശയ്ക്കും വിശ്വസാഹോദര്യത്തിനുമായുള്ള അടിസ്ഥാനം വിശ്വാസമാണെന്നും, അതിനാൽ യൂറോപ്പിലെ ഇതര സഭാ കൂട്ടായ്മകളോടും മതങ്ങളോടും കൈകോർത്തു തങ്ങൾ പ്രവർത്തിക്കുമെന്നും മെത്രാന്മാർ സന്ദേശത്തിൽ ആവർത്തിച്ചു പ്രസ്താവിച്ചു. അതിരുകൾക്ക് അപ്പുറവും കടന്ന് വേദനിക്കുകയും ക്ലേശിക്കുകയും ചെയ്യുന്ന സഹോദരങ്ങളെ സഹായിക്കുവാനും ജീവൻ സമർപ്പിക്കുവാനും വിശ്വാസം തങ്ങൾക്ക് പ്രചോദനമേകുന്നതായി മെത്രാന്മാർ സന്ദേശത്തിൽ വ്യക്തമാക്കി.

ലോകത്തെ ഇന്നു പിടിച്ചുകുലുക്കുന്ന മഹാമാരി യൂറോപ്പിൻറെ മാത്രമല്ല മാനവികതയുടെ തന്നെ വ്രണിതഭാവം വെളിപ്പെടുത്തുമ്പോൾ, നാമെല്ലാവരും ഒരേ ബോട്ടിലാണെന്നും, ഒരുമയോടെനിന്ന് പ്രതിസന്ധിയെ നേരിടുവാനും ഐക്യദാർഢ്യത്തോടെ മുന്നേറിയാൽ രക്ഷപ്പെടാനാവുമെന്നുമുള്ള പാപ്പാ ഫ്രാൻസിസിൻറെ വാക്കുകൾ മെത്രാൻസംഘം നന്ദിയോടെ സ്വീകരിക്കുന്നതായും അനുസ്മരിക്കുന്നതായും പ്രസ്താവിച്ചു. യൂറോപ്യൻ യൂണിയൻറെ ഭാവിക്ക് സമ്പത്തിനെക്കാളും നവമായൊരു അരൂപിയും പുതിയ മനസ്സുമാണാവശ്യമെന്ന് (Common Spirit & New mind set) സന്ദേശം ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾ മാനസാന്തരത്തിനുള്ള ആത്മീയ അവസരമാണ്. പഴമയുടെ പാതയിലേയ്ക്കു തിരിച്ചു പോകുവാനല്ല, മറിച്ച് പ്രതിസന്ധിയെ മുതലെടുത്തും മറികടന്നും, കൂടുതൽ നന്മയ്ക്കായുള്ള മൗലികമായ മാറ്റങ്ങൾ വരുത്താൻ പ്രതിജ്ഞാബദ്ധരാവുകയാണു ലക്ഷ്യമെന്ന് മെത്രാന്മാർ വെളിപ്പെടുത്തി.

ആഗോളവത്ക്കരണത്തിൻറെ നിജസ്ഥിതിയെ പുനർവിചിന്തനം ചെയ്യുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയോടുള്ള ആദരവ്, ജീവനോടുള്ള തുറവ്, കുടുംബം, സാമൂഹിക സമത്വം, തൊഴിലാളികളുടെ അന്തസ്സ്, ഭാവി തലമുറകളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചു തങ്ങൾക്ക് വ്യക്തമായ ധാരണകളുണ്ടെന്ന് മെത്രാന്മാർ പ്രസ്താവിച്ചു. ഇതിനായി പാപ്പാ ഫ്രാൻസിസിൻറെ “എല്ലാവരും സഹോദരങ്ങൾ” Fratelli tutti… ഉൾപ്പെടെയുള്ള സാമൂഹിക പ്രബോധനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പാവങ്ങളോടുള്ള പ്രതിപത്തി, സുസ്ഥിതി വികസനം, എല്ലാവരെയും ആശ്ലേഷിക്കുന്ന നവമായ സാമ്പത്തിക ഉടമ്പടിയുടെ സംസ്കാരത്തിൽ യൂറോപ്പിനെ നയിക്കുവാനും നഷ്ടമായതൊക്കെ പുനരാർജ്ജിക്കുവാനുള്ള പദ്ധതികളെ ശ്ലാഘിക്കുകയുംചെയ്യുന്നതായി പ്രസ്താവന വ്യക്തമാക്കി.

മഹാമാരി കാരണമാക്കിയിട്ടുള്ള സാമൂഹിക പ്രതിസന്ധിയിൽനിന്നും കൂടുതൽ കരുത്തരായും വിവേകത്തോടെയും ഐക്യദാർഢ്യത്തോടെയും പൊതുഭവനമായ ഭൂമിയെ കൂടുതൽ കരുതലോടെ പരിപോഷിപ്പിച്ചുകൊണ്ടും മുഴുവൻ ലോകത്തെയും കൂടുതൽ സാഹോദര്യത്തിലും നീതിയിലും സമാധാനത്തിലും സമത്വത്തിലും നയിക്കാനാവുമെന്ന പ്രത്യാശയിലുമാണു തങ്ങളെന്നു പ്രസ്താവിച്ചുകൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്. യൂറോപ്യൻ യൂണിയനിലെ 25 രാജ്യങ്ങളിലെയും മെത്രാൻ സംഘങ്ങളുടെ തലവന്മാർ സന്ദേശത്തിൽ ഒപ്പുവച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group