612 രൂപയുമായി പോയാല്‍ 1318 രൂപയുടെ സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങാം: സപ്ലൈകോയില്‍ ജനത്തിരക്കേറുന്നു

തിരുവനന്തപുരം: സപ്ലൈകോയുടെ ഓണച്ചന്തകളില്‍ ജനത്തിരക്കേറുന്നു. മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ആവശ്യ സാധനങ്ങള്‍ ലഭിക്കുന്നത് ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്.

സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് തന്നെ വീണ്ടും എത്തിക്കാനും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശവുമുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലാണ് സപ്ലൈകോയില്‍ ലഭ്യമാക്കുന്നത്.

പൊതുവിപണിയില്‍ 1318 രൂപ വില വരുന്ന 13 ഇനങ്ങള്‍ക്ക് സപ്ലെയ്കോയില്‍ നല്‍കേണ്ടത് 612 രൂപ മാത്രമാണ്. ചെറുപയര്‍, ഉഴുന്നുപരിപ്പ്‌, കടല, വൻപയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റര്‍ വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ്‌ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്‌. സപ്ലൈകോയുടെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ വിവിധ കമ്ബനികളുടെ ഉല്‍പ്പന്നങ്ങള്‍ 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ ഉല്‍പ്പന്നങ്ങള്‍ കോംബോ ഓഫറിലും വാങ്ങാം.

കുറുവ, ജയ അരി കിലോ 25 രൂപയാണ് വില. ഒരു കാര്‍ഡിന് അഞ്ച് കിലോ അരി ലഭിക്കും. പഞ്ചസാര കിലോ 24 രൂപ. വെളിച്ചെണ്ണ, ആട്ട എന്നിവയും മിതമായ നിരക്കില്‍ ലഭിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉല്‍പ്പന്നങ്ങളും വിലക്കുറവിലാണ് നല്‍കുന്നത്. പുതുതായി അഞ്ച് ശബരി ഉത്പ്പന്നങ്ങളാണ് വിപണിയില്‍ ഇറക്കിയത്.

ശബരി ബ്രാന്‍ഡില്‍ മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പം പൊടി എന്നിവയാണ് പുതിയ ശബരി ഉത്പ്പന്നങ്ങള്‍. പച്ചക്കറികളും മിതമായ നിരക്കില്‍ ലഭിക്കും. മേളയില്‍ മില്‍മയുടെ പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ രാത്രി 9 വരെ ഓണം ഫെയര്‍ പ്രവര്‍ത്തിക്കും. ഓണം ഫെയര്‍ ആഗസ്റ്റ് 28 ന് സമാപിക്കും.

സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, സഹകരണ മേഖലയിലെ മറ്റു വില്‍പന ശാലകള്‍ എന്നിവ നടത്തുന്ന വിപണി ഇടപെടല്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നതായി ഓണം ഫെയര്‍ ഉദ്ഘാടം ചെയ്തുകൊണ്ട് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു സംസ്ഥാനത്താകെ 1600ല്‍പരം സപ്ലൈകോ ഔട്ട് ലെറ്റുകളുണ്ട്. പ്രതിമാസം 40 ലക്ഷം റേഷൻ കാര്‍ഡ് ഉടമകള്‍ സപ്ലൈകോ സബ്സിഡി സാധനം വാങ്ങുന്നു. വിപണിയിടപെടലിനായി സപ്ലൈകോ 250 കോടി രൂപയുടെ അവശ്യസാധനമാണ് സംഭരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group