സഭയിൽ സ്ത്രീകളുടെ പ്രാധാന്യം തിരിച്ചറിയണം : ഫ്രാൻസിസ് മാർപാപ്പാ

സഭയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഫ്രാൻസിസ് പാപ്പാ. “സഭയിൽ സ്ത്രീകളുടെ അഭിപ്രായങ്ങൾക്ക് ആവശ്യത്തിന് പ്രാധാന്യം കൊടുത്തിട്ടില്ലെന്നും, എന്നാൽ പ്രാർത്ഥനയിലൂടെയും, വിചിന്തനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമുള്ള സഭാസമൂഹങ്ങളുടെ വളർച്ചയ്ക്ക് സ്ത്രീകൾ നൽകുന്ന സംഭാവനകൾ വലുതാണെന്നും ഫ്രാൻസിസ് പാപ്പാ. സഭയിൽ സ്ത്രീകളുടെ പങ്കിനെപ്പറ്റി, കർദ്ദിനാൾമാരുടെ ഉപദേശക സംഘം നടത്തിയ വിചിന്തനങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട, സലേഷ്യൻ സന്ന്യാസിനി ലിൻഡ പോച്ചർ, ലൂച്ചിയ വന്തീനി, ഫാ. ലൂക്കാ കസ്‌തില്ല്യോനി എന്നീ ദൈവശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ ക്രോഡീകരിച്ച്, “സഭയിലെ പുരുഷവത്കരണം അവസാനിപ്പിക്കണമോ? ഹാൻസ് ഫോൺ ബാൽതസറിന്റെ തത്വങ്ങളെക്കുറിച്ചുള്ള വിമർശനാത്മക ചർച്ച” എന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിന്റെ ആമുഖത്തിലാണ് സഭയിലെ സ്ത്രീപ്രാധാന്യത്തെക്കുറിച്ച് പാപ്പാ എഴുതിയത്.

കഴിഞ്ഞ നാളുകളിൽ സഭയിൽ സ്ത്രീകളുടെ സ്വരത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടില്ലെന്നും, എന്നാൽ സ്ത്രീകളിൽ നിന്നും സഭയ്ക്ക് ഏറെ പഠിക്കാനുണ്ടെന്നും പാപ്പാ എഴുതി. ഒരേ വിശ്വാസവും, ജ്ഞാനസ്നാന മഹത്വവുമുള്ള സ്ത്രീകളും പുരുഷന്മാരും ചേരുന്ന ഒരു സമൂഹമാണ് സഭയെന്നും, സഭയെ പുരുഷത്വവത്കരണത്തിൽ നിന്ന് മോചിപ്പിക്കാനായി ഇരുകൂട്ടരെയും ഒരുപോലെ ശ്രവിക്കേണ്ട ആവശ്യമുണ്ടെന്നും പാപ്പാ വ്യക്തമാക്കി. തങ്ങളുടെ കാഴ്ചപ്പാടിൽ നിന്ന് വിഭിന്നമായ ഒരു കാഴ്ചപ്പാടുള്ള സ്ത്രീകളെ ശ്രവിക്കുന്നതു വഴി, സഭാസമൂഹത്തിലെ പദ്ധതികളെയും, പ്രാധാന്യ ശൃഖലാക്രമത്തെയും പുനർചിന്തനം ചെയ്യാൻ സാധിക്കുമെന്ന് പാപ്പാ എഴുതി.

സ്ത്രീയുടെ അഭിപ്രായങ്ങൾ പലപ്പോഴും പുരുഷസ്വരത്തിൽ നിന്ന് വ്യത്യസ്തമാകാമെന്നും, ചിന്താരീതികളിലും കാഴ്ചപ്പാടുകളിലും അവ തികച്ചും പുതുതായി തോന്നിയേക്കാമെന്നും, എന്നാൽ അവ പരിഗണിക്കുന്നതു വഴി കൂടുതൽ വളരാൻ സാധിക്കുമെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

ക്ഷമയും, പരസ്പരബഹുമാനവും, ശ്രവണവും, മറ്റുള്ളവരിൽ നിന്ന് പഠിക്കാനുള്ള തുറന്ന മനസ്സ്ഥിതിയും ഉണ്ടാകേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ എഴുതി. അതുവഴിയാണ് ഒരുമിച്ച് നടക്കുന്ന ഏക ദൈവജനമെന്ന രീതിയിൽ വളരാൻ സാധിക്കുന്നത്. ഈയൊരു ഉദ്ദേശത്തോടെയാണ് ഒരു വനിതാ ദൈവശാസ്ത്രജ്ഞയെ കർദ്ദിനാൾമാരോട് സംസാരിക്കാൻ താൻ ക്ഷണിച്ചതെന്ന് പാപ്പാ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group