നൈജീരിയയിൽ 2021 ജനുവരി ഒന്നു മുതൽ 2022 മാർച്ച് വരെയുള്ള 15 മാസത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി 6006 പേർ കൊല്ലപ്പെട്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. അതായത്, ദിനംപ്രതി ഇവിടെ കൊല്ലപ്പെടുന്നത് 15 ക്രൈസ്തവരാണ്. നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെ കുറിച്ച് പഠനം നടത്തുന്ന ‘ദ ഇന്റർനാഷണൽ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ (ഇന്റർ സൊസൈറ്റി) എന്ന സന്നദ്ധ സംഘടനയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
ഇസ്ലാമിക തീവ്രവാദികളാലും ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളുടെ അതിക്രമങ്ങളിലുമാണ് ഇവരെല്ലാം കൊല്ലപ്പെട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ 5191 പേർ കൊല്ലപ്പെട്ടത് 2021ലാണ്. ശേഷിക്കുന്ന 915 കൊലപാതകങ്ങൾ നടന്നത് 2022 ജനുവരിക്കും മാർച്ചിനും ഇടയിലുള്ള മൂന്ന് മാസങ്ങളിലും. വൈദികരും പാസ്റ്റർമാരും ഉൾപ്പെടെ 25 സഭാശുശ്രൂഷകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഈ 15 മാസത്തിനിടെ 3800 ക്രൈസ്തവരെ തട്ടിക്കൊണ്ട് പോയിട്ടുണ്ട്. 400നും 420നും ഇടയിൽ ദൈവാലയങ്ങൾ ആക്രമണത്തിനിരയാവുകയും ചെയ്തു.
2021ൽ ലോകത്തിൽ ഏറ്റവും അധികം ക്രൈസ്തവർ കൊല്ലപ്പെട്ട രാജ്യം നൈജീരിയയാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ. ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം മേഖലയിൽ സാന്നിധ്യം ഉറപ്പിച്ച 2009 മുതൽ ഇതുവരെയുള്ള 13 വർഷത്തിനിടെ 45,644 ക്രൈസ്തവർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തീവ്രമത വിശ്വാസികളല്ലാത്ത 30,000 മുസ്ലീംങ്ങളും തീവ്രവാദികളുടെ കൊലക്കത്തിക്കിരയായെന്നും റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ട് ചെയ്യപ്പെടുകയോ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുകയോ ചെയ്യാത്ത 70 മരണങ്ങൾ കൂടിയുണ്ട്. നൈജർ സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ടത്, 213 പേർ. സതേൺ കഡൂണയിൽ 143 പേരും ടരാബയിൽ 130 പേരും കൊല്ലപ്പെട്ടു. ബൊക്കോ ഹറാം, ഫുലാനി ഹെഡ്സ്മാൻ, ഐസിസ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് എന്നീ ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയയിലും സമീപ പ്രദേശങ്ങളിലും വെല്ലുവിളി ഉയർത്തുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group