മഡഗാസ്കറിലെ മലബാറിലൂടെ…

ബെമറ മലനിരകൾക്കിടയിൽ രണ്ടു നദികളോടു ചേർന്നു കിടക്കുന്ന ചെറിയ ഗ്രാമങ്ങളുടെ കൂട്ടമാണ് സഹമ്പാനു ഗ്രാമം. പരിഷ്ക്കാര ലോകത്തിൽ നിന്നു വളരെ അകലെ കിടക്കുന്ന സഹമ്പാനു മനോഹരിയാണ്. ഫലഫൂയിഷ്ഠമാണ്. അതു കൊണ്ടു തന്നെ സഹനങ്ങൾക്കിടയിലും മലബാറിലെ കുടിയേറ്റം പോലെ ഇവിടേയും താമസക്കാർ കൂടുന്നു.

കഴിഞ്ഞ നവംബറിൽ മസിക്കാപ്പിയോടൊപ്പം ഞങ്ങൾക്കു ലഭിച്ച മറ്റൊരു ഗ്രാമസമ്പത്ത്. മഴക്കാലം കഴിഞ്ഞു, നദി ശാന്തമാകേണ്ടി വന്നു ഇവിടമൊന്നു സന്ദർശിക്കുവാൻ.

മസിക്കാപ്പിയിൽ നിന്നും വഞ്ചിയിൽ നാലു മണിക്കൂർ എടുക്കും സഹമ്പാനുവിലെത്താൻ.അവിടെയെത്തിയപ്പോൾ ആദ്യം വന്നു ഞങ്ങളെ സ്വീകരിച്ച ഒരാളുണ്ട്.അംഗവൈകല്യത്തോടെ ജനിച്ച, ഒരു വലിയ മനസ്സിൻ്റെ ഉടമയായ ഒരു കുറിയ മനുഷ്യൻ, ഇവിടത്തെ, ഞങ്ങളുടെ കാറ്റക്കിസ്റ്റ് ദെറോള. കഴിഞ്ഞ തവണ മസിക്കാപ്പിയിൽ കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തിൻ്റെ അവശതയിലും തിളങ്ങിക്കണ്ട തീക്ഷണതയാണ് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഇവിടെയെത്താൻ ഞങ്ങളെ പ്രേരിപ്പിച്ചത്.

ഗ്രാമവാസികൾ വളരെ സന്തോഷത്തോടെ അവരുണ്ടാക്കിയ ചെറിയ പേരിടാത്ത പള്ളിയിൽ പായയിട്ടു ഞങ്ങളെ സ്വീകരിച്ചു.
കഴിഞ്ഞ ഈസ്റ്റർ നാളിൽ പ്രാർത്ഥിക്കുവാനായി കുറച്ചുപേർ ഒന്നിച്ചു കൂടി പടുത്തുയർത്തിയ ഒരു കൂടാരം.

കാപ്പിക്കു ശേഷം ഇരുട്ടുന്നതിനു മുമ്പു് ഏതാനും ഭവനങ്ങൾ സന്ദർശിക്കുവാൻ ഭാഗ്യം ലഭിച്ചു. കാടിനുള്ളിൽ കഷ്ടപ്പെടുന്ന കുടിയേറ്റക്കാർ.യാതൊരു വിധത്തിലുള്ള ഈശ്വരവിശ്വാസവും വേണ്ടെന്നു കരുതുന്ന ചിലരും കുശലം പറയാനെത്തി.

രാത്രിയിൽ ഭക്ഷണമുണ്ടാക്കി പാട്ടു പാടി ഞങ്ങളെ ഊട്ടിയതിനു ശേഷമാണ് കുഞ്ഞുങ്ങൾ വരെ ഉറങ്ങാൻ പോയത്. നദി തീരത്ത് മസിക്കാപ്പിയിലേക്കു പോകുന്ന യാത്രക്കാർക്കായി ഉണ്ടാക്കിയ ചെറിയ കൂടാരങ്ങളിലാണ് ഞങ്ങൾ അന്നു അന്തിയുറങ്ങിയത്.

രാവിലെ തന്നെ അവർ ഭക്ഷണമൊരുക്കി. ചോറും കറിയായി പഴവും. അതു കഴിഞ്ഞു സഹമ്പാനു നദിയിലൂടെ ഒരു രോഗിയെ തേടിയുള്ള യാത്ര. Tsiribihi നദിയിൽ കുത്തി മറയുന്ന കലക്കവെള്ളമാണെങ്കിൽ സഹമ്പാനു നദിയിൽ നിശ്ചലമായ ശുദ്ധ വെള്ളം.

ചില്ലറ സന്ദർശനങ്ങൾക്കു ശേഷം വി. കുർബാനക്കായി ഞങ്ങൾ കൂടാര പള്ളിയിലെത്തി. തമ്പുരാനോടൊപ്പം നിങ്ങൾക്കായി വിഭജിക്കപ്പെടുന്ന എൻ്റെ ജീവിതം എന്നു പറയിപ്പിക്കുന്ന തിരുബലി. അധികം പേരില്ല. ഭാവിയിലെ കാറ്റക്കിസ്റ്റുകളാകേണ്ട കുട്ടികളാണ് കൂടുതലും. കുർബാന കഴിഞ്ഞപ്പോൾ ഉച്ചയായി.

ചന്ത ദിവസമായതുകൊണ്ട് ബോട്ടുകൾ പോകുന്നുണ്ട്. കൂടെ വന്നവർ പറഞ്ഞു, ഇപ്പോൾ ഇറങ്ങിയാൽ ബോട്ടിൽ പോകാം. ഉച്ചകഴിഞ്ഞാൽ പിന്നെ വഞ്ചി തന്നെ ശരണം. ഉടനെ തന്നെ പോയിക്കൊണ്ടിരുന്ന ഒരു ചരക്കു ബോട്ടു ഒരാൾ വിളിച്ചു നിറുത്തി. ഗ്രാമവാസികളോടു പെട്ടെന്നു ക്ഷമാപണം പറഞ്ഞു ഉച്ചഭക്ഷണത്തിനു കാത്തു നില്ക്കാതെ രാവിലെ കഴിച്ച പഴത്തിൻ്റെയും ചോറിൻ്റെയും ബലത്തിൽ ഞങ്ങൾ യാത്ര തിരിച്ചു.

ഒഴുക്കിനെതിരായതുകൊണ്ടു ബോട്ടാണെങ്കിലും നാലര മണിക്കൂറെടുത്തു മസിക്കാപ്പിയിലെത്താൻ. ഈശോയുടെ കൂടെ നീങ്ങണമെങ്കിൽ ഒഴുക്കിനെതിരെ തന്നെ പോകേണ്ടി വരും. സുഖലോലുപത നിറഞ്ഞ യാത്ര നിത്യമരണത്തിലേക്കാണ്. തിരിച്ചെത്തിയപ്പോൾ ടൈഫോയ്ഡ് പിടിച്ചെങ്കിലും തമ്പുരാൻ തന്നെ സുഖപ്പെടുത്തി.

മഡഗാസ്ക്കറിൽ നിന്നും
Fr Johnson Thaliyath CMI.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m