സൈനീക അട്ടിമറിയുടെ വാർഷിക ദിനമായ ഇന്ന് (ഫെബ്രുവരി ഒന്ന്) മ്യാന്മറിലെ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ അണിചേർന്ന് ലോകം. മ്യാന്മറിലെ പീഡിത സഭയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, പൊന്തിഫിക്കൻ സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡാ’ണ് (എ.സി.എൻ) ഫെബ്രുവരി ഒന്ന് ആഗോളതലത്തിൽ പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്ക് സഹായങ്ങൾ ലഭ്യമാക്കുന്ന സംഘടനയാണ് ‘എ.സി.എൻ’.
ഒന്നാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ, ക്ലേശദിനങ്ങളിലൂടെ കടന്നുപോകുന്ന മ്യാൻമറിലെ ജനസമൂഹത്തിന് ആത്മീയസാമീപ്യം പകർന്ന് കത്തോലിക്കാ സഭാനേതൃത്വം സന്ദേശം പുറപ്പെടുവിച്ചതും ശ്രദ്ധേയമായി. സഹനത്തിന്റെ ഈ നാളുകളിൽ, രാജ്യത്തെ ക്രൈസ്തവസമൂഹം മുറിവുണക്കുന്നവരും സമാധാനത്തിന്റെ ഉപകരണങ്ങളുമായി വർത്തിക്കണമെന്ന്, ‘വത്തിക്കാൻ ന്യൂസി’ലൂടെ കൈമാറിയ സന്ദേശത്തിൽ മ്യാൻമർ മെത്രാൻ സമിതി അധ്യക്ഷൻകൂടിയായി യാങ്കൂൺ ആർച്ച്ബിഷപ്പ് കർദിനാൾ ചാൾസ് ബോ ഓർമിപ്പിച്ചു.
‘നിങ്ങളുടെ വേദനയും കഷ്ടപ്പാടും പട്ടിണിയും ഞങ്ങൾക്ക് അനുഭവിക്കാനാകുന്നുണ്ട്. നിങ്ങളുടെ നിരാശ ഞങ്ങൾ മനസിലാക്കുന്നു; നിങ്ങളുടെ ചെറുത്തുനിൽപ്പ് ഞങ്ങൾ തിരിച്ചറിയുന്നു. എന്നാൽ, അക്രമാസക്തമായ ചെറുത്തുനിൽപ്പിൽമാത്രം വിശ്വസിക്കുന്നവരോട്, ചെറുത്തുനിൽപ്പിന് മറ്റ് മാർഗങ്ങൾ ഉണ്ടെന്ന കാര്യമാണ് ഞങ്ങൾക്ക് പറയാനുള്ളത്,’ അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷം പിന്നിടുന്ന ഈ ദുരിതകാലത്തെ ക്രിസ്തുവിന്റെ കുരിശിന്റെ വഴിയാത്രയോടാണ് കർദിനാൾ ഉപമിക്കുന്നത്.
മിലിട്ടറി ജനറൽ മിൻ ഔങ് ഹ്ലിയാങ്ങിന്റെ നേതൃത്വത്തിലുള്ള സൈന്യം 2021 ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ മ്യാൻമറിന്റെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. ജനാധിപത്യ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം നടക്കവേയായിരുന്നു സംഭവം. ഭരണകക്ഷിയായ ‘നാഷണൽ ലീഗ് ഫോർ ഡെമോക്രസി’ (എൻ.എൽ.ഡി) സ്റ്റേറ്റ് കൗൺസിലറും സമാധാന നോബൽ ജേതാവുമായ ആങ് സാൻ സൂ ചീ, മ്യാന്മർ പ്രസിഡന്റ് വിൻ മിയിന്റ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കന്മാരെയെല്ലാം സൈന്യം തടവിലടക്കുകയും ചെയ്തു.
ജനാധിപത്യം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ജനങ്ങൾ സമാധാനപരമായി സംഘടിപ്പിച്ച പ്രതിഷേധങ്ങൾ സൈന്യം മൃഗീയമായി അടിച്ചമർത്തുന്ന കാഴ്ചകൾക്കാണ് പിന്നീട് മ്യാൻമർ സാക്ഷ്യം വഹിച്ചത്. രക്തരൂക്ഷിത കലാപമായി മാറിയ സംഘർഷത്തിൽ ഇതുവരെ 1500ൽപ്പരം പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group