വേദനകളുടെ നടുവിലും ക്രിസ്തു സാക്ഷ്യമായി ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ട സമിഹ…

    വേദനകളുടെ നടുവിലും ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സമിഹ. അപ്രതീക്ഷിതമായത് ജീവിതത്തിൽ സംഭവിച്ചപ്പോഴും ഈശോയുടെ കരം പിടിച്ച് വേദനകളെ അതിജീവിക്കുകയും, ക്രിസ്തു സ്നേഹത്തിന്റ ആഴം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയുമാണ് സമിഹ തന്റെ ജീവിതത്തിലൂടെ .

    2016 ഡിസംബർ 11, ഞായറാഴ്ച. കെയ്റോയിലെ ആ പ്രഭാതം വളരെ സമാധാനപൂർണ്ണമായിരുന്നു. സമിഹയും ഭർത്താവ് ഖാലിനിയും വിശുദ്ധ കുർബാനക്കായി സെന്റ് പീറ്റേഴ്സ് ദൈവാലയത്തിലേക്ക് പോകാൻ തയ്യാറെടുത്തു. ക്ഷീണിതനാണെന്ന് പലയാവർത്തി ഖാലിനി പറഞ്ഞപ്പോഴും ഞായറാഴ്ചത്തെ വിശുദ്ധ കുർബാന മുടക്കരുതെന്ന് സമിഹയ്ക്ക് നിർബന്ധമുണ്ടായിരുന്നു.

    അങ്ങനെ അവർ രണ്ടു പേരും ദൈവാലയത്തിലെത്തി. ഖാലിനി പുരുഷന്മാരുടെ വശത്തും സമിഹ സ്ത്രീകളുടെ വശത്തും ഇരുന്നു. സമയം രാവിലെ 10മണിക്ക്
    വൈദികൻ ബലിയർപ്പിക്കാനായി വരുന്നതും കാത്തിരുന്ന സമൂഹത്തിലേക്ക് ഒരു തീവ്രവാദി കയ്യിലൊരു ബോംബുമായി ഓടിക്കയറി. എന്തുചെയ്യണമെന്നറിയാതെ കുറച്ചു സമയത്തേക്ക് ജനങ്ങൾ ഒന്നാകെ പകച്ചുപോയി. അയാൾ സ്ത്രീകളുടെ വശത്തേക്ക് ആ ബോംബ് എറിഞ്ഞു. ഒരു പൊട്ടിത്തെറിയും പിന്നാലെ ഒരു നിലവിളിയുമാണ് എല്ലാവരുടെയും കാതുകളിൽ മുഴങ്ങിയത്. അന്തരീക്ഷം പുകയിൽ മറഞ്ഞു. കാഴ്ച മങ്ങിയിരുന്ന ആ സമയത്തു പോലും ജനം തങ്ങളുടെ പ്രിയപ്പെട്ടവരെ തിരഞ്ഞുകൊണ്ടിരുന്നു.അപകടമൊന്നും സംഭവിക്കാത്ത ഖാലിനി ഉടനെ തന്നെ സ്ത്രീകളുടെ വശത്തേക്ക് ഓടി. പല മുഖങ്ങളുംവികൃതമാക്കപ്പെട്ടിരുന്നതു കൊണ്ട് ഖാലിനിക്ക് സമിഹയെ തിരിച്ചറിയാനോ, കണ്ടെത്താനോ കഴിഞ്ഞില്ല. സമിഹക്ക് എന്ത് സംഭവിച്ചുവെന്നറിയാതെ ഖാലിനി കണ്ണീരൊഴുക്കി.

    മണിക്കൂറുകൾക്ക് ശേഷം സമിഹ ആശുപത്രിയിൽ മരണത്തോട്
    മല്ലടിക്കുന്നുവെന്ന വാർത്ത ഖാലിനിയെ തേടിയെത്തി. ആശുപത്രിയിലെത്തിയ ഖാലിനി ഡോക്ടർമാരോട് സമിഹയെക്കുറിച്ച് ചോദിച്ചു. സമിഹ രക്ഷപെടില്ലായെന്നുള്ള ഡോക്ടർമാരുടെ വാക്കുകൾ ഖാലിനിയെ മാനസികമായി തളർത്തി.

    സമിഹയെ ചികിത്സിച്ചതു കൊണ്ട് പ്രയോജനമില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഡോക്ടർമാർക്കു പോലും സമിഹയുടെ ജീവിതം ഇന്നും ഒരു അത്ഭുതമാണ്. സമിഹയുടെ മുഖത്തിന്റെ ഒരു വശം പൂർണ്ണമായും നശിച്ചിരുന്നു. മണമോ, രുചിയോ ഇന്നവൾക്ക് തിരിച്ചറിയാനാകില്ല. പക്ഷേ, ഇന്നും സമിഹയുടെ ചിരിക്കുന്ന മുഖത്തിന് ആ പഴയ സമിഹയുടെ മുഖത്തിന്റെ പ്രകാശം തന്നെയാണ്.

    “സ്ഫോടനത്തിൽ നിലത്തു തെറിച്ചു വീണ ഞാൻ ബോധം മറയുന്നതിനു മുൻപ് കണ്ടത് ക്രിസ്തുവിന്റെ മുഖമായിരുന്നു.ആശുപത്രിക്കിടക്കയിലും ക്രിസ്തുവിന്റെ മുഖം എനിക്ക് കാണാമായിരുന്നു. ക്രിസ്തുവിനു വേണ്ടി മരിക്കാൻ ഞാൻ തയ്യാറായിരുന്നു. പക്ഷേ അവിടുത്തേക്ക് ഞാൻ ജീവിക്കണമായിരുന്നു. എന്നെങ്കിലും ആ
    അക്രമിയെ കണ്ടാൽ അവനോട് ക്രിസ്തുവിനെക്കുറിച്ച് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്” – സമിഹ പറയുന്നു.

    തന്റെ കുടുംബത്തെ ഇത്രയധികം വേദനിപ്പിച്ച അക്രമിയോട് ക്ഷമിക്കാൻ ഖാലിനിക്ക് എളുപ്പമായിരുന്നില്ല. “എന്നാൽ എന്റെ വിശ്വാസം, എന്നോട് ക്ഷമിക്കാൻ പറയുന്നു. അതുകൊണ്ട് എനിക്ക് ദേഷ്യം വരുമ്പോഴെല്ലാം എന്റെ ബൈബിളുമായി ഇരുന്ന് ഗിരിപ്രഭാഷണം വായിക്കും. അവിടെ ക്രിസ്തു പറയുന്നത് നമ്മൾ നമ്മുടെ ശത്രുക്കളോട് ക്ഷമിക്കണം എന്നാണ് ഖാലിനി പറഞ്ഞു.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group