നിങ്ങളുടെ ഭവനത്തിൽ ദൈവം വസിക്കുന്നുണ്ടോ?

ഇന്ന് സുഹൃത്തിന്റെ വീടു വെഞ്ചിരിപ്പിന് പോയിരുന്നു. കൊറോണ കാലമായതിനാൽ വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.

ആശീർവാദ കർമങ്ങൾ ആരംഭിക്കുന്നതിനു മുമ്പ്
വികാരിയച്ചൻ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങൾ ഹൃദയത്തിൽ തൊട്ടു.

അകത്തെ മുറിയിൽ വയ്യാതെ കിടക്കുന്ന ഗൃഹനാഥന്റെ അമ്മയെ
കർമങ്ങളിൽ പങ്കെടുക്കാൻ പാകത്തിന് ഒരു വീൽചെയറിൽ ഇരുത്തി.
ആ അമ്മ കരങ്ങൾ കൂപ്പി
കർത്താവിന് നന്ദി പറയുന്നുണ്ടായിരുന്നു.
തുടർന്ന് എല്ലാവരോടുമായ് അച്ചൻ പറഞ്ഞു:

“ദൈവാലയ ആശീർവാദകർമത്തിനു ശേഷം മെത്രാൻ സക്രാരിയിൽ തിരുവോസ്തി സ്ഥാപിക്കും.
ആ തിരുവോസ്തി ദൈവസാന്നിധ്യത്തിന്റെ അടയാളമാണ്.
അതുപോലെ ഇന്ന് ഈ ഭവനത്തിൽ ദൈവ സാനിധ്യം ഉറപ്പുവരുത്താനായി വിശുദ്ധ ഗ്രന്ഥം നമ്മൾ സ്ഥാപിക്കും. തിരുഹൃദയത്തിന്റെയും തിരുകുടുംബത്തിന്റെയും രൂപങ്ങൾ ആശീർവദിച്ച് പ്രതിഷ്ഠിക്കും.
ഓർക്കുക, ദൈവാലയത്തിൽ എന്ന പോലെ വചനത്തിലൂടെയും വിശുദ്ധ രൂപങ്ങളിലൂടെ തമ്പുരാൻ ഇന്നുമുതൽ ഈ ഭവനത്തിലും വസിക്കുന്നു.”

രണ്ട് കാര്യങ്ങളാണ് എന്നെ സ്പർശിച്ചത്.
ഒന്ന്: തലമുറകളുടെ പ്രതീകമായ അമ്മയെ വയ്യാതിരുന്നിട്ടും കസേരയിൽ കൊണ്ടുവന്നിരുത്തി ആദരിച്ചത്.
ആ അമ്മ ഒരു അടയാളമാണ്.
ഇക്കാലമത്രയും തമ്പുരാന്റെ വഴിയേ
ഒരു കുടുംബത്തെ നയിക്കാൻ ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിതം നയിച്ചതിന്റെ അടയാളം.

രണ്ട്: വീടു വെഞ്ചിരിപ്പിന്റെ സമയത്ത് പുതുതായി വാങ്ങുന്ന ബൈബിളിനും രൂപങ്ങൾക്കുമെല്ലാം ദൈവാലയത്തിലെ ദിവ്യകാരുണ്യത്തിന്റെ വിലയാണെന്നുള്ള ഓർമപ്പെടുത്തൽ.

പല ജീവിത പ്രതിസന്ധികളിലും
ദൈവ സാനിദ്ധ്യത്തിന്റെ അടയാളങ്ങൾ നമ്മുടെ കുടുംബത്തിൽ ഉണ്ടെന്നും ഉണ്ടായിരിക്കണമെന്നും നമ്മൾ മറന്നു പോകുന്നു. ഫ്രാൻസിസ് പാപ്പ ഒരിക്കൽ ഒരു വീട്ടമ്മയുടെ വിശുദ്ധിയെക്കുറിച്ച് പറഞ്ഞതോർക്കുന്നു.
അവർക്ക് ദുഃഖങ്ങൾ വരുമ്പോൾ
ജപമാലയെടുത്ത് വീടിനകത്തെ രൂപത്തിനു മുമ്പിൽ ചെന്ന് കണ്ണീരോടെ പ്രാർത്ഥിക്കും..
അപ്പോഴെല്ലാം ആ സ്ത്രീയെ ദൈവം ആശ്വസിപ്പിക്കുന്നു.

നമ്മുടെ കുടുംബ ജീവിതത്തിലെ കണ്ണീരനുഭവങ്ങളിൽ എത്രപേർ
വീടിനകത്തെ തിരുസ്വരൂപങ്ങൾക്കു മുമ്പിൽ കരങ്ങൾ കൂപ്പി പ്രാർത്ഥിക്കാറുണ്ട്?
വചനഗ്രന്ഥം എടുത്ത് വായിക്കാറുണ്ട്?

എപ്പോഴും അടയാളങ്ങളും അദ്ഭുതങ്ങളും മാത്രം അന്വേഷിച്ച ജനത്തോട് ക്രിസ്തു പറഞ്ഞ വാക്കുകൾ ഓർക്കാം:

“നിങ്ങളുടെ ഹൃദയങ്ങള്‍ മന്‌ദീഭവിച്ചിരിക്കുന്നുവോ?
അഞ്ചപ്പം ഞാന്‍ അയ്യായിരംപേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷി ച്ചകഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട്‌ എന്ന്‌ അവര്‍ പറഞ്ഞു.
ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു?
ഏഴ്‌ എന്ന്‌ അവര്‍ മറുപടി പറഞ്ഞു….
എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?”
(മര്‍ക്കോസ്‌ 8 : 17-21).

അനുദിന ജീവിതത്തിൽ ദൈവം ചെയ്യുന്ന അദ്ഭുതങ്ങളെ മിഴിതുറന്നു
കാണാം. അതുപോലെ തന്നെ
നമ്മുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലുമുള്ള
ദൈവ സാനിദ്ധ്യത്തിന്റെ അടയാളങ്ങൾ തിരിച്ചറിയുകയും പ്രതിസന്ധി ഘട്ടങ്ങളിൽ അവയിലേക്ക് നോക്കി വിശ്വാസത്തിൽ ആഴപ്പെടുകയും ചെയ്യാം.

ഫാദർ ജെൻസൺ ലാസലെറ്റ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group