ചന്ദ്രയാന് പിന്നാലെ ശുക്രദൗത്യവുമായി ഇന്ത്യ; 1236 കോടിയുടെ പദ്ധതി

ന്യൂ ഡല്‍ഹി: ചന്ദ്രയാൻ ദൗത്യ തുടർവിജയത്തിനുപിന്നാലെ ശുക്രഗ്രഹത്തെക്കുറിച്ച്‌ പഠിക്കാൻ ഇന്ത്യ. ഐ.എസ്.ആർ.ഒ.യുടെ ആദ്യ ശുക്ര ദൗത്യത്തിനുള്ള 1236 കോടി രൂപയുടെ പദ്ധതി കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.

ഇതില്‍ 824 കോടി രൂപ ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനാണ്. 2028 മാർച്ചില്‍ പേടകത്തെ അയക്കുകയാണ് ലക്ഷ്യം.

‘വീനസ് ഓർബിറ്റർ മിഷൻ’ എന്ന പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി ശുക്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ അയക്കും. ശുക്രന്റെ ഉപരിതലം, അന്തർഭാഗം, അന്തരീക്ഷസ്ഥിതി, ശുക്രഗ്രഹത്തില്‍ സൂര്യന്റെ സ്വാധീനം തുടങ്ങിയവയെല്ലാം ദൗത്യത്തിന്റെ ഭാഗമായി പഠിക്കും. ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹമായ ശുക്രനില്‍, ഭൂമിയിലേതിനു സമാനമായ സ്ഥിതിയുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

2040-ഓടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിച്ച്‌ ഭൂമിയില്‍ തിരിച്ചിറക്കുന്ന ചന്ദ്രയാൻ-4 മിഷന് 2104.06 കോടി രൂപ അനുവദിച്ചു. ഇന്ത്യക്കാർ ചന്ദ്രനിലിറങ്ങുന്നതിനാവശ്യമായ അടിത്തറയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശ പേടകം വികസിപ്പിച്ചെടുക്കുന്നതിനുള്ള ചുമതല ഐ.എസ്.ആർ.ഒ.യ്ക്കാണ്. 36 മാസംകൊണ്ട് ചന്ദ്രയാൻ-4 പൂർത്തീകരിക്കാനാണ് ലക്ഷ്യം.

ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ – ഒന്ന് വികസിപ്പിക്കുന്നതിന് 20,193 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. ബി.എ.എസ്-1 മൊഡ്യൂള്‍ 2029 ഡിസംബറോടെ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യം.

ഐ.എസ്.ആർ.ഒ. മാർക്ക്-3 വിക്ഷേപണവാഹനത്തിന്റെ മൂന്നിരട്ടി പേലോഡ് ശേഷിയുള്ളതും ഭാഗികമായി പുനരുപയോഗ സാധ്യതയുള്ളതുമായ നാലാം തലമുറ വിക്ഷേപണ വാഹനത്തിന്റെ(എൻ.ജി.എല്‍.വി) രൂപകല്പനയ്ക്കും വികസനത്തിനുമായി 8,240 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു.

2040-ലെ ചാന്ദ്രദൗത്യത്തിന് ഇത് നിർണായകമാകും. എട്ടു വർഷത്തിനുള്ളില്‍ വിക്ഷേപണവാഹനം പൂർത്തീകരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m