പന്ത്രണ്ട് വര്‍ഷത്തെ മതബോധനത്തിനുശേഷവും വിശ്വാസത്യാഗം ചെയ്യുന്നവരുടെയും യഥാര്‍ത്ഥ വിശ്വാസം കണ്ടെത്താന്‍ സാധിക്കാതെ വരുന്നവരുടെയും എണ്ണം കൂടിവരികയാണ്. ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള മതബോധനത്തിനുശേഷവും വിദ്യാര്‍ത്ഥികളില്‍ പ്രകടമായ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ മതബോധനരീതി അഴിച്ചുപണിയേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.
നിലവിലെ മതബോധനത്തിന്റെ അവസ്ഥ സ്‌കൂളിലെ പഠനരീതികളുടെ തനിയാവര്‍ത്തനംതന്നെയാണ് പലപ്പോഴും സണ്‍ഡേ സ്‌കൂളില്‍ സംഭവിക്കുന്നത്. ടെക്സ്റ്റ് ബുക്ക് അതുപോലെ പഠിപ്പിക്കുക, നോട്ടെഴുതുക, ഹോം വര്‍ക്ക് ചെയ്യുക തുടങ്ങിയവ മുറപോലെ നടക്കുന്നു. സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങുന്നതിനാണ് കൂടുതല്‍ പ്രാമുഖ്യം. അങ്ങനെ പരീക്ഷയില്‍ മികവ് പുലര്‍ത്തിയവര്‍ വിശ്വാസത്തില്‍ എത്രത്തോളം മികവുപുലര്‍ത്തുന്നുണ്ടാകും…?
പരീക്ഷകളും മാര്‍ക്കുകളും സ്‌കൂളിലെ മാത്സര്യബുദ്ധി സണ്‍ഡേ സ്‌കൂളില്‍ എത്തിക്കുന്നു. സ്‌കൂളിലും ദൈവാലയത്തിലും കേമന്മാരാകാനുള്ള മത്സരം വിദ്യാര്‍ത്ഥികളില്‍ പിന്നീട് സഭാജീവിതത്തില്‍ തമ്മില്‍ സഹകരണം കുറഞ്ഞ ജനവിഭാഗമായി മാറ്റുന്നു.
മാറ്റത്തിന്റെ ആവശ്യകത സ്‌കൂളിലെ കാലഹരണപ്പെട്ട വിദ്യാഭ്യാസരീതി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയം 2020-ല്‍ നടപ്പിലാക്കിക്കഴിഞ്ഞു. കാണാപ്പാഠം പഠിക്കുന്നതിലും മത്സരപരീക്ഷകള്‍ക്കും ഉപരി ക്രിയാത്മക വിദ്യാഭ്യാസത്തിന് ഇത് ഊന്നല്‍ കൊടുക്കുന്നു. അതുപോലെ, മതബോധനരീതിയിലും മാറ്റങ്ങള്‍ അത്യാവശ്യമാണ്. മാര്‍ക്കുകള്‍ക്കും പരീക്ഷകള്‍ക്കുമുള്ള അമിത പ്രാധാന്യം ഗുണകരമാണോ എന്ന് പരിശോധിക്കണം.
യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങള്‍, സഭയുടെ ചരിത്രം, വിശ്വാസസത്യങ്ങള്‍ എന്നിവ ചര്‍ച്ചകളിലൂടെയും നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയും പകര്‍ന്നു നല്‍കാന്‍ സാധിക്കണം. വിശ്വാസത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള സംശയങ്ങള്‍ ദൂരീകരിക്കണം. ഇതിനായി മതബോധന അധ്യാപകര്‍ക്ക് മികച്ച പരിശീലനം നല്‍കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി വിജയിപ്പിച്ച ക്രൈസ്തവ സഭയ്ക്ക് ഈ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.
ലോകജനസംഖ്യയുടെ അരശതമാനം മാത്രമാണ് യഹൂദ ജനസംഖ്യ. എന്നാല്‍ അവര്‍ ലോക സാമൂഹിക, സാമ്പത്തിക, ശാസ്ത്ര മേഖലകളില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. തങ്ങളുടെ വിശ്വാസസത്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് അവരെ അതിന് പ്രാപ്തരാക്കുന്നത് ‘യെഷിവ’ എന്ന യഹൂദ മതബോധന കേന്ദ്രങ്ങളാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍തന്നെ ഒരു വിശ്വാസസമൂഹത്തെ പടുത്തുയര്‍ത്തുന്നതിലും തങ്ങളുടെ വിശ്വാസസത്യങ്ങളില്‍ അവരെ അഭിമാനം ഉള്ളവരാക്കുന്നതിലും മതബോധനം വലിയ പങ്കുവഹിക്കുന്നു. ആത്മീയ-ഭൗതിക ജീവിതത്തില്‍ വന്‍ നേട്ടങ്ങള്‍ നേടാന്‍ അത് അവരെ സഹായിക്കും..
കടപ്പാട് : ഡോ. ഹിമ സുബിന്‍ മാത്യു കൂനംതടത്തില്‍
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group