മനുഷ്യത്വരഹിതമായ ക്രൂരതയാണ് പാവപ്പെട്ട കർഷകന്റെ ഏത്തവാഴത്തോട്ടം വെട്ടി നശിപ്പിച്ചതു വഴി കെഎസ്ഇബി അധികൃതർ ചെയ്തതെന്ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
കെഎസ്ഇബി അധികൃതർ വെട്ടി നശിപ്പിച്ച വാരപ്പെട്ടിയിലെ വാഴത്തോട്ടവും കർഷകനായ തോമസിനെയും കുടുംബത്തെയും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു ബിഷപ്.
അപകടകരമായി താഴ്ന്നുകിടന്ന ലൈൻ ഉയർത്തി കടമ നിർവഹിക്കാതെ, കർഷകന്റെ സ്വപ്നങ്ങളാണ് വെട്ടിയരിഞ്ഞത്. മനസാക്ഷിയുള്ളവർക്ക് ഇതെങ്ങനെ ചെയ്യാനാകുമെന്ന് ബിഷപ് ചോദിച്ചു. കർഷകരുടെ ജീവിതം ദുസഹമാക്കുന്ന ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാജ് അവസാനിപ്പിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണം. ധാർമികമായും നിയമപരമായും ഉദ്യോഗസ്ഥരുടെ ഈ കാടത്തത്തെ നേരിടണം. അതിന് സഭ പിന്തുണ നൽകും. നാമമാത്ര നഷ്ടപരിഹാരം നൽകി ജനശ്രദ്ധ തിരിച്ചുവിടാതെ കർഷകനുണ്ടായ മുഴുവൻ നഷ്ടവും ഈ അന്യായം ചെയ്തവരിൽനിന്ന് ഈടാക്കണം. ഇതിന് പൊതുസമൂഹത്തിന്റെ നികുതിപ്പണം എടുക്കാൻ പാടില്ല.
കർഷകൻ തോമസിൽ നിന്ന് അറിയാൻ സാധിച്ചത് ഏകദേശം നാലര ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ്. ഈ മുഴുവൻ തുകയും ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി കർഷകന് നൽകാനുള്ള നിശ്ചയദാർഢ്യം സർക്കാർ കാണിക്കണം. ഇക്കാര്യത്തിൽ കർഷകർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബിഷപ് വ്യക്തമാക്കി.
ബിഷപ്പിനൊപ്പം വികാരി ജനറാൾ മോണ്. പയസ് മലേക്കണ്ടം, ചാൻസലർ ഫാ. ജോസ് കുളത്തൂർ, വൈസ് ചാൻസലർ ഫാ. സ്കറിയ മെതിപ്പാറ, ഫാ. തോമസ് പറയിടം, എകെസിസി ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം, തുടങ്ങിയ നിരവധി പേർ ഉണ്ടായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group