കോട്ടയം :ഈ കാലഘട്ടത്തിൽ എല്ലാ ക്രൈസ്തവസഭകളും ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റർ ചർച്ച് കൗണ്‍സിൽ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മേജർ ആർച്ച്ബിഷപ്പ്.
ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിലെ മാർ ജോസഫ് പവ്വത്തിൽ ലിറ്റർജിക്കൽ റിസർച്ച് സെന്ററിൽ നടന്ന യോഗത്തിൽ സീറോ മലബാർ, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ, സിഎസ്ഐ, അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ്, തൊഴിയൂർ എന്നീ ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികളായ മെത്രാൻമാർ പങ്കെടുത്തു. ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസേലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനേയും മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയേയും അഭിനന്ദിച്ച് സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്കാ ബാവാ സംസാരിച്ചു.
പേട്രിയാർക്കൽ അഡ്മിനിസ്ട്രേറ്റർ മാർ ഔഗിൻ കുര്യാക്കാസ് നന്ദി പറഞ്ഞു. ഇന്റർചർച്ച് കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ പരിപാടികൾക്ക് നേതൃത്വം നൽകി. മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഇന്റർ ചർച്ച് കൗണ്‍സിൽ സ്ഥാപക ചെയർമാൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിനു യോഗം അഭിനന്ദനം അർപ്പിച്ചു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group