മാർപാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: വത്തിക്കാനിൽവച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായുമായുള്ള കൂടിക്കാഴ്ചവേളയിൽ പാപ്പായെ ഇന്ത്യ സന്ദർശിക്കുവാൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ക്ഷണിച്ചത് അഭിനന്ദനാർഹമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

ലോകം ഉറ്റുനോക്കുന്ന ധാർമികതയുടെയും മാനവികതയുടെയും ശബ്ദമായ ഫ്രാൻസിസ് പാപ്പായ്ക്ക് സ്വാഗതമോതുവാനുള്ള തീരുമാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തും. വത്തിക്കാനും ഭാരതവും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ഭാരതത്തിലെ ഇതരമതങ്ങളും ക്രൈസ്തവസഭകളും തമ്മിലുള്ള ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിനും മാർപാപ്പായുടെ സന്ദർശനം ഉപകരിക്കും. ഭാരതീയർക്കെല്ലാം, വിശിഷ്യാ ക്രൈസ്തവർക്ക്, ഏറെ ആഹ്ലാദ പ്രദമാണ് പ്രധാനമന്ത്രിയുടെ ഈ ക്ഷണം. മാർപാപ്പ യഥാസമയം ഭാരതം സന്ദർശിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ബഹുസ്വരസമൂഹമായ ഭാരതത്തിൽ സാഹോദര്യവും സഹവർത്തിത്വവും പരിപോഷിപ്പിക്കാൻ മാർപാപ്പായുടെ സന്ദർശനം വഴിയൊരുക്കുമെന്നും കർദിനാൾ പറഞ്ഞു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിക്ക് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഹൃദയപൂർവ്വകമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group