വൈദികനാകാൻ പ്രായം തടസ്സമാണോ? 58-ാം വയസിൽ വൈദികനാകുന്ന തോമസ് സാറിന്റെ വിശേഷങ്ങളിലേക്ക്..

  വർഷങ്ങൾ നീണ്ട തന്റെ കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും ദിവസങ്ങൾക്ക് വിരാമമാവുകയാണ്. അങ്ങനെ തോമസ് സാറും തന്റെ 58 മത്തെ വയസ്സിൽ ഒരു പുരോഹിതനാവുകയാണ്. 2022 ജനുവരി രണ്ടാം തീയതി, (ഇന്ന് ) ഇടവകയായ എറണാകുളം അങ്കമാലി അതിരൂപതക്കു കീഴിലുള്ള തൈക്കാട്ടുശ്ശേരി സെന്റ് ആന്റണിസ് ദൈവാലയത്തിൽ വച്ച് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ പിതാവിന്റെ കൈവയ്പ്പു വഴി തോമസ് സാർ, ഫാ. തോമസ് ആവുകയാണ്.

  പുരോഹിതനാകാൻ പ്രായം തടസ്സമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തോമസ് സാർ എന്ന് ഫാദർ തോമസ്.

  എറണാകുളം അങ്കമാലി അതിരൂപതയിലെ തൈക്കാട്ടുശ്ശേരി ഇടവകാംഗമാണ് തോമസ്. ഹിന്ദി സ്കൂൾ അദ്ധ്യാപകനായ പാപ്പി സാറിന് തന്റെ മകൻ തോമസിനെ പുരോഹിതനാകാൻ അനുവദിക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. വീട്ടമ്മയായ തന്റെ ഭാര്യ ത്രേസ്യാമ്മക്കും ഈ തീരുമാനം സന്തോഷമുള്ളതായിരുന്നു. ഒരു പുരോഹിതനാകണമെന്ന ആഗ്രഹം തോന്നിയപ്പോൾ ആദ്യം തീരുമാനിച്ചത് ഒരു ഇടവക വൈദികനാകാം എന്നു തന്നെയായിരുന്നു.

  1978 -ൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തോമസ് എന്ന ബാലൻ എറണാകുളം അങ്കമാലി അതിരൂപതക്കു വേണ്ടി വൈദികനാകാൻ സെമിനാരിയിൽ പ്രവേശിച്ചു. പക്ഷേ ഒന്നര വർഷം കഴിഞ്ഞപ്പോൾ, തന്റെ പതിനേഴാമത്തെ
  വയസ്സിൽ അദ്ദേഹം തന്റെ വൈദികപഠനം ഉപേക്ഷിച്ച് തിരികെ ഭവനത്തിലേക്കു വന്നു. തിരികെ വന്ന തോമസ് തുടർപഠനത്തിലേക്ക് പ്രവേശിച്ചു. പഠനത്തിനു ശേഷം തന്റെ പിതാവിനെപ്പോലെ തന്നെ ഒരു അദ്ധ്യാപകനായി തോമസ്, വടക്കേ ഇന്ത്യയിൽ
  പല സ്കൂളുകളിലും പഠിപ്പിച്ചു. ഇരുപതു വർഷത്തോളം വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്ത തോമസ് അങ്ങനെ തോമസ് സാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.ഇംഗ്ലീഷും സാമൂഹികശാസ്ത്രവുമായിരുന്നു തോമസ് സാർ അവിടെ പഠിപ്പിച്ചിരുന്ന വിഷയങ്ങൾ. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി ഒട്ടനവധി സംസ്ഥാനങ്ങളിൽ തോമസ് സാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലെ ക്ലാസ്സുകൾക്ക് പുറമെ തോമസ് സാർ കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ചെയ്യുമായിരുന്നു.

  വടക്കേ ഇന്ത്യയിലായിരിക്കുമ്പോൾ ഒരിക്കൽ ജൈനമത വിഭാഗത്തിൽപെട്ട ഒരു ബാലൻ തോമസ് സാറിന്റെ അടുക്കൽ വന്ന് അവന്റെ ഒരു വിഷമം പങ്കുവച്ചു. ക്ലാസ്സിൽ നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു അവൻ. പക്ഷേ, കണക്ക് പരീക്ഷയിൽ പലപ്പോഴും അവൻ പരാജിതനാകുന്നു എന്താണ് തനിക്കിങ്ങനെ സംഭവിക്കുന്നതെന്ന് അവന് മനസിലാകുന്നുമില്ല.

  തോമസ് സാർ ആ മകനു വേണ്ടി കുറച്ചു സമയം പ്രാർത്ഥിച്ചു. എന്നിട്ട് അവനോട് ചോദിച്ചു: “ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം എഴുതുമ്പോൾ നീ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമാണോ ആലോചിക്കുന്നത്.” ആ ബാലൻ താൻ അങ്ങനെയാണ് ചെയ്യുന്നത് എന്നു പറഞ്ഞു. അന്നു മുതൽ ആ ബാലൻ കൂടുതൽ ശ്രദ്ധിച്ച് പരീക്ഷയെഴുതി നല്ല മാർക്ക് വാങ്ങാൻ തുടങ്ങി. ഈ ഒരനുഭവം ആ ബാലനും തോമസ് സാറിനും വലിയ സന്തോഷം നൽകി.

  അദ്ധ്യാപനത്തോടൊപ്പം ചെറിയ രീതിയിലുള്ള സുവിശേഷവേലയും തോമസ് സാർ വടക്കേ ഇന്ത്യയിൽ ചെയ്യുമായിരുന്നു. ‘വചനോത്സവം പോലുള്ള ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ തോമസ് സാർ കുട്ടികൾക്ക് വിതരണം ചെയ്യുക പതിവായിരുന്നു. ഒരിക്കൽ അവിടെയുള്ള ചിലർ ഇതൊരു പ്രശ്നമാക്കുകയും തോമസ് സാറിനോട് ഈ പ്രവൃത്തി ആവർത്തിക്കരുതെന്ന് നിഷ്കർഷിക്കുകയും ചെയ്തു. തോമസ് സാറിന് ഇത് ഒരുപാട് അസ്വസ്ഥത ഉളവാക്കി. അപ്പോഴും പ്രാർത്ഥനയിലും വചനത്തിലുമാണ് അദ്ദേഹം ആശ്വാസം കണ്ടെത്തിയത്.

  ഒരു അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴും തോമസ് സാറിന്റെ മനസ്സിൽ, തനിക്ക് ഒരു പുരോഹിതനാകണം എന്ന ചിന്ത ശക്തമായുണ്ടായിരുന്നു. ധാരാളം പുരോഹിതരും സന്യസ്തരും തോമസ് സാറിന്റെ ഈ ആഗ്രഹത്തെ തിരിച്ചറിഞ്ഞ് വേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നു. ദൈവവിളി എന്നത് മനുഷ്യന്റെ കഴിവിനപ്പുറത്തേക്ക് ദൈവം പ്രവർത്തിക്കുന്ന ഒരു സത്യമാണെന്നത് തോമസ് സാർ തന്റെ ജീവിതത്തിലൂടെ മനസ്സിലാക്കുകയായിരുന്നു. ഒരു അൾത്താര ബാലനായിരിക്കുമ്പോൾ തോമസ് സാറിന്റെ മനസ്സിലുദിച്ച ആഗ്രഹം അപ്പോഴും പച്ചകെടാതെ നിന്നു.

  തോമസ് സാർ ഇൻഡോറിൽ വച്ച്, രക്തസാക്ഷിയായ സി. റാണി മരിയയുടെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. അത് അദ്ദേഹത്തിന് നല്ലൊരനുഭവം സമ്മാനിച്ചു.

  ഒരു പുരോഹിതനാകണമെന്നുള്ള ചിന്ത തോമസ് സാറിൽ
  ശക്തമായിക്കൊണ്ടിരുന്നു. അപ്പോഴൊക്കെ മറ്റു ചിന്തകളും മനസ്സിൽ വരും – എവിടെ പ്രവേശിക്കണം, എപ്പോൾ പ്രവേശിക്കണം – തുടങ്ങിയ ചിന്തകൾ. തന്റെ പ്രായവും ആരോഗ്യസ്ഥിതിയും സെമിനാരി പ്രവേശനത്തിന് തടസ്സമാകുമോ എന്ന ചിന്തയും പലപ്പോഴും മനസ്സിൽ ഉദിച്ചു. അപ്പോഴാണ് എം.എസ്.റ്റി വൈദികനായ ഫാ. എബ്രഹാം പാണ്ടംപാടത്ത്, കാഞ്ഞിരപ്പള്ളി രൂപതക്കു കീഴിൽ നല്ലതണ്ണിയിലുള്ള മാർത്തോമ്മാ ശ്ലീഹ ദയറാ ആശ്രമത്തെക്കുറിച്ച് തോമസ് സാറിനോടു പറയുന്നത്. ഒടുവിൽ മാർത്തോമ്മാ ശ്ലീഹ ദയറാ ആശ്രമത്തിൽ പ്രവേശിക്കാൻ തോമസ് സാർ തീരുമാനിച്ചു.

  തോമസ് സാർ തന്റെ 50 -ാമത്തെ വയസ്സിൽ നല്ലതണ്ണിയിലെ മാർത്തോമാ ശ്ലീഹ ദയറാ ആശ്രമത്തിൽ വൈദിക പരിശീലനത്തിനായി പ്രവേശിച്ചു. രണ്ടു വർഷം ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം പ്രാർത്ഥനയിലും ധ്യാനത്തിലും ജോലികളിലും മുഴുകി ജീവിച്ചു.

  ആശ്രമജീവിതത്തിന്റെ ഒന്നാം വർഷം അദ്ദേഹം ആശ്രമജീവിതത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചു. രണ്ടാം വർഷം നോവിഷ്യറ്റ് ആയിരുന്നു. ഈ രണ്ടു വർഷവും ആശ്രമം വിട്ടുപോരണം എന്ന് ഇടയ്ക്കൊക്കെ തോന്നിയിരുന്നു. എന്നാൽ തനിക്ക് ദൈവവിളി ഉണ്ടെന്ന് അദ്ദേത്തിന് ഉറപ്പായിരുന്നു.

  ഒടുവിൽ തന്റെ 52 -ാമത്തെ വയസ്സിൽ 2016 – ൽ, തോമസ് ബ്രദർ വൈദിക പരിശീലനത്തിനായി സെമിനാരിയിൽ പ്രവേശിച്ചു; കോട്ടയത്തെ വടവാതൂർ സെമിനാരിയിൽ. അത്ഭുതവും ആനന്ദവും ഒരുപോലെ ഉണ്ടായ നിമിഷങ്ങളായിരുന്നു അതെന്ന് തോമസ് ബ്രദർ വെളിപ്പെടുത്തുന്നു. കൂടെയുള്ള വൈദികാർത്ഥികൾ തോമസ് ബ്രദറിനെക്കാൾ ഒരുപ്പാട് ചെറുപ്പമായിരുന്നു. പക്ഷേ, അതിലുമൊക്കെ ഉപരി തന്നെ അമ്പരപ്പിച്ചത് റെക്ടർ അച്ചനായിരുന്നു. വർഷങ്ങൾക്കു മുൻപ് തന്റെ സഹപാഠിയായിരുന്ന ഫാ. ജോയ് ഐനിയാടൻ ആയിരുന്നു അന്നത്തെ റെക്ടർ!

  സെമിനാരിയിലെ തന്റെ ആദ്യത്തെ വർഷങ്ങൾ ഫിലോസഫി പഠനമായിരുന്നു. ഫിലോസഫി പഠിക്കാൻ തങ്ങൾ 40 പേർ ഉണ്ടായിരുന്നുവെന്ന് തോമസ് ബ്രദർ ഓർമ്മിക്കുന്നു.

  സെമിനാരിയിൽ ക്ലാസ്സുകൾ എടുക്കാൻ വന്ന ഫാ. പോൾ വെള്ളറയ്ക്കനും തോമസ് ബ്രദറിന്റെ സഹപാഠികളിൽ ഒരാളായിരുന്നു. പക്ഷേ, അവരുടെ ക്ലാസ്സിലിരിക്കുന്നതിലോ, സംസാരിക്കുന്നതിലോ തോമസ് ബ്രദറിന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. ക്ലാസ്സിനു പുറത്ത് അവർ പഴയതു പോലെ സൗഹൃദസംഭാഷണവും നടത്തിയിരുന്നു.

  ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള സഹപാഠികൾ
  സെമിനാരിയിൽ തോമസ് ബ്രദറിനൊപ്പം ഉണ്ടായിരുന്നു. അവിടെ വച്ച് തൽക്കാലം നിർത്തിയ അദ്ധ്യാപനജോലി തോമസ് ബ്രദർ വീണ്ടും തുടങ്ങി. അദ്ധ്യാപനത്തിലും മിടുക്കനായിരുന്ന തോമസ് ബ്രദർ അങ്ങനെ സഹപാഠികളുടെ ഇംഗ്ലീഷ് അധ്യാപകനായി.

  ഒടുവിൽ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചു കൊണ്ട് തോമസ് സാർ ഇന്ന് ഫാദർ തോമസ് ആവുകയാണ്.ദൈവത്തിന്റെ അനന്തമായ പദ്ധതിയുടെ ഉത്തരമാണ് തോമസ് സാർ എന്ന ഫാദർ തോമസ്..


  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsAppgroup

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group