ടൂറിസത്തിൽനിന്നും അന്തർദേശീയ വ്യാപാരത്തിൽനിന്നുമുള്ള വിദേശനാണ്യം സ്വപ്നംകണ്ട് ശ്രീലങ്ക ചെന്നുപെട്ടിരിക്കുന്നത് ഊരാക്കുടുക്കിലേക്കാണ്. ഇന്ന് ആ രാജ്യം പൂർണ്ണമായ തകർച്ചയുടെയും ആഭ്യന്തര കലാപത്തിന്റെയും വക്കിലെത്തി നിൽക്കുന്നു. വ്യക്തവും ശാസ്ത്രീയവുമായ പ്ലാനിംഗിന്റെ അഭാവം ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എപ്രകാരം തകർക്കും എന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്ക.
സ്വപ്നതുല്യമായ വികസനവും ആധുനിക സൗകര്യങ്ങളും മുന്നിൽക്കണ്ടുള്ള ചില ബൃഹദ് പദ്ധതികളാണ് ശ്രീലങ്കയ്ക്ക് വിനയായത്. ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് കൈപ്പറ്റിയ ഭീമമായ വായ്പ തുക തിരിച്ചടയ്ക്കാനും, രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനും കഴിയാതായതാണ് ഇപ്പോഴുള്ള പ്രതിസന്ധികളുടെ അടിസ്ഥാന കാരണം. കോവിഡ് മഹാമാരിയാണ് രാജ്യത്തെ ഇപ്രകാരമൊരു കെണിയിൽ അകപ്പെടുത്തിയത് എന്ന വിലയിരുത്തലുകളുണ്ടെങ്കിലും, കൊവിഡ് വ്യാപനത്തിന് മാസങ്ങൾക്ക് മുമ്പുണ്ടായ ഭീകരാക്രമണം ശ്രീലങ്കയുടെ ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതം ഏൽപ്പിച്ചിരുന്നു. പ്രധാനമായും നല്ലരീതിയിൽ വളർന്നുകൊണ്ടിരുന്ന ടൂറിസം രംഗത്തുനിന്നുള്ള ഭാവിവരുമാനം മുന്നിൽ കണ്ടുകൊണ്ടാണ് ചൈന, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ശ്രീലങ്ക വൻതോതിൽ കടമെടുത്ത്.
ഹംപൻടോട്ട, കൊളംബോ തുടങ്ങിയ തുറമുഖ പദ്ധതികൾക്കായി യഥാക്രമം 9000, 25000 കോടി രൂപയാണ് (INR) ശ്രീലങ്ക വായ്പ്പയെടുത്തിരുന്നത്. പക്ഷെ, ഭീകരാക്രമണം മുതൽ കോവിഡ് വ്യാപനം വരെയുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടതായി വന്ന കഴിഞ്ഞ ചില വർഷങ്ങൾക്കൊണ്ട് ഒരുലക്ഷം കോടി രൂപയുടെ നഷ്ടമാണ് ശ്രീലങ്കയ്ക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ആ നഷ്ടമാണ് ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുച്ചൂടും തകർത്തിരിക്കുന്നത്. ഇന്ന് ഒരു കിലോ അരിക്ക് 500 ശ്രീലങ്കൻ രൂപ (130 INR) വരെയാണ് അവിടെ വില. 2018ലെ വിലയുടെ നാലിരട്ടിയിലേറെയാണ് അത്. മറ്റെല്ലാ വസ്തുക്കൾക്കും ആനുപാതികമായ വിലവർദ്ധനവ് മാത്രമല്ല, ലഭ്യതക്കുറവുമുണ്ട്. ഇന്ധന ക്ഷാമം മൂലം മണിക്കൂറുകൾ നീണ്ട കറന്റ് കട്ട്; ലക്ഷക്കണക്കിന് ജനങ്ങൾ ഏതുവിധേനയും രാജ്യംവിടാൻ ആഗ്രഹിക്കുന്നു; അഭയാർത്ഥി പ്രവാഹമുണ്ടായേക്കുമെന്ന അറിവിനെ തുടർന്ന് ഇന്ത്യയും മുൻകരുതൽ എടുത്തിരിക്കുന്നു. ഒരുപക്ഷേ, വരും നാളുകളിൽ പട്ടിണി മരണങ്ങളുടെയും കലാപങ്ങളുടെയും നടുക്കുന്ന ദുരന്തവാർത്തകളാണ് ശ്രീലങ്കയിൽനിന്ന് നാം കേൾക്കാനിരിക്കുന്നത്.
വിവേകരഹിതമായ വികസന പദ്ധതികൾ
ദീർഘവീക്ഷണമില്ലാത്ത പദ്ധതിനടത്തിപ്പുകളും ഏകപക്ഷീയമായ വികസനചിന്തകളും സ്വാർത്ഥതാൽപ്പര്യങ്ങളുമാണ് ശ്രീലങ്കയെ തകർത്തത്. ഒരു സമ്പദ് വ്യവസ്ഥിതിയെ സംബന്ധിച്ച് അതിന്റെ സുസ്ഥിരമായ നിലനിൽപ്പിനും വളർച്ചയ്ക്കും അത്യാവശ്യമാണ് പശ്ചാത്തല സൗകര്യവികസന പദ്ധതികളും ഒപ്പം മൂലധന നിക്ഷേപങ്ങളും. തൊഴിലവസരങ്ങളും ബിസിനസ് സാധ്യതകളും വർദ്ധിക്കും എന്നതിനാൽ, മൂലധന നിക്ഷേപമാണ് പ്രധാനം. എന്നാൽ പശ്ചാത്തല സൗകര്യങ്ങളുടെ വളർച്ചയും അനുബന്ധമായി ആവശ്യമാണ്. ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടുന്ന പശ്ചാത്തല സൗകര്യങ്ങൾക്ക് മറ്റ് മൂലധന നിക്ഷേപപദ്ധതികളെക്കാൾ കൂടുതൽ ഊന്നൽ കൊടുത്തതാണ് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടിക്ക് കാരണമായത്. ഒരുപക്ഷെ, പരമ്പരാഗതമായ വരുമാന മാർഗ്ഗങ്ങളിൽനിന്ന് ഭാവിയിൽ ലഭിച്ചേക്കാവുന്ന സാമ്പത്തിക സാദ്ധ്യതകളുടെ പരിമിതി മനസിലാക്കിയിരുന്നെങ്കിലും മറ്റു നിക്ഷേപങ്ങൾ നടത്തി കൂടുതൽ വരുമാന സാദ്ധ്യതകൾ വളർത്തിയെടുക്കാൻ ശ്രീലങ്കൻ സർക്കാർ പരിശ്രമിച്ചില്ല. അതേസമയം, ശരിയായ പഠനങ്ങളുടെ പിൻബലമില്ലാതെ കാർഷിക രംഗത്ത് കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് ആ മേഖലയെയും തകർച്ചയിലേക്ക് നയിക്കുകയും ചെയ്തു.
വിവേകപൂർവ്വം വികസനപദ്ധതികൾ നടപ്പാക്കി വിജയം വരിച്ചിട്ടുള്ള രാജ്യങ്ങളെയും ഭരണകൂടങ്ങളെയും നിരീക്ഷിച്ചാൽ, അത്തരം ദേശങ്ങളിൽ രണ്ടുവിധത്തിലുള്ള പദ്ധതികളും സന്തുലിതമായാണ് നടപ്പാക്കപ്പെടുന്നത് എന്ന് കാണാം. ഒരു നാടിന്റെ സമഗ്രമായ വികസനത്തിന് ആവശ്യം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മാത്രമല്ല, പൗരന്മാരുടെ ഉപജീവനത്തിന് അവരെ സഹായിക്കുകയും ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുന്ന പദ്ധതികളുമാണ്. വാസ്തവത്തിൽ രണ്ടാമത്തേതാണ് കൂടുതൽ പ്രധാനപ്പെട്ടത്. മികച്ച തൊഴിൽ സാഹചര്യങ്ങളും വരുമാനവും ഉറപ്പുവരുത്തിക്കൊണ്ടുള്ള മൂലധന നിക്ഷേപങ്ങളും, തൊഴിൽ നൽകുന്നതും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായ മറ്റു പദ്ധതികളുമാണ് ആത്യന്തികമായി ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാനമായിരിക്കേണ്ടത്.
കേരളത്തിന്റെ നയങ്ങൾ അപകടകരം
തൊഴിൽമേഖലകളെ വളർത്തിക്കൊണ്ടുവരാനുതകുന്ന പദ്ധതികളുടെ അഭാവവും, വ്യവസായ സംരംഭങ്ങളോടുള്ള വിരുദ്ധ മനോഭാവവും, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പ്രതീതി സൃഷ്ടിക്കാൻ കഴിയാത്തതും എക്കാലത്തും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വെല്ലുവിളികളാണ്. വിനോദസഞ്ചാരത്തിന് പരിധികളില്ലാത്ത സാദ്ധ്യതകൾ ഉണ്ടായിട്ടും വളരെ പരിമിതമായി മാത്രമേ അത്തരം സാധ്യതകളെ ഉപയോഗിക്കാൻ ഇന്നോളം കഴിഞ്ഞിട്ടുള്ളൂ. അനന്തസാധ്യതകൾ കണ്ടെത്താൻ കഴിയുമായിരുന്ന കാർഷിക രംഗത്തും അതേ അവസ്ഥ തന്നെയാണ് തുടരുന്നത്. പരമ്പരാഗതമായി തുടർന്നു പോരുന്ന നികുതി വരുമാനത്തിനപ്പുറം, അധികവരുമാനത്തിനായി മദ്യം, പെട്രോളിയം ഉൽപ്പന്നങ്ങൾ, ലോട്ടറി തുടങ്ങിയ നാണംകെട്ട ചില സാധ്യതകളെ മാത്രമാണ് കേരളം ചില വർഷങ്ങളായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അനാരോഗ്യകരമായ ഇത്തരം നയങ്ങളുടെ ബാക്കിപത്രമാണ് തൊഴിലിനായി നാടുവിടേണ്ടിവന്നിട്ടുള്ള ഭൂരിപക്ഷം വരുന്ന യുവജനങ്ങൾ.
തനതായ വരുമാന സാദ്ധ്യതകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, ഭാവി വരുമാനം പ്രതീക്ഷിച്ചുകൊണ്ട് വലിയ ലോണുകൾ എടുത്തുകൂട്ടുക എന്ന വിവേകരഹിതമായ നയമാണ് കേരളവും കാലങ്ങളായി തുടർന്നുപോരുന്നത്. മൂന്നുലക്ഷം കോടിയില്പരം വരുന്ന പൊതുക്കടം ഇന്ന് കേരളത്തിനുണ്ടാകാനുള്ള പ്രധാന കാരണവും അതാണ്. നിലനിൽക്കുമെന്ന് ഉറപ്പില്ലാത്ത വരുമാനസാധ്യതകൾ കണ്ടുകൊണ്ട് പതിനായിരക്കണക്കിന് കോടി രൂപ കടബാധ്യത വരുത്തിവയ്ക്കുന്ന ഈ പ്രവണത അത്യന്തം അപകടകരമാണ്. വിവിധ റിപ്പോർട്ടുകളിൽ സി.എ.ജി അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ കേരളസർക്കാരിന്റെ കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി രൂക്ഷ വിമർശനങ്ങൾ നടത്തുകയുണ്ടായിരുന്നു.
കിഫ്‌ബിയുമായി ബന്ധപ്പെട്ട ആശങ്കകൾ
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 203 (2) ന്റെ ഗുരുതരമായ ലംഘനമാണ് കിഫ്ബിയുടെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ എന്നാണ് സി.എ.ജി റിപ്പോർട്ടിലെ പരാമർശം. 2016 ലെ സർക്കാർ ഓർഡിനൻസിലൂടെ രീതികൾ പരിഷ്കരിക്കപ്പെട്ട കിഫ്ബിയുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ നിയമസഭയ്ക്ക് അതീതമാണ്. 1999 ലെ കിഫ്‌ബി നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കിഫ്ബിയുടെ എല്ലാ പദ്ധതികൾക്കും നിയമസഭയുടെ അംഗീകാരം ആവശ്യമാണ്. ഈ നിയമം 2016 ൽ പൂർണ്ണമായി നീക്കം ചെയ്യുകയും അതിന്റെ സംഘടനാ രൂപവും പ്രവർത്തന രീതിയും പരിഷ്കരിക്കുകയും ചെയ്തു. അതിനുശേഷം കിഫ്ബിയുടെ പദ്ധതികൾ ബജറ്റിൽ പോലും ഉൾപ്പെടുത്തപ്പെടുകയോ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമസഭാ സാമാജികർക്ക് മുന്നിൽ എത്തുകയോ ചെയ്യുന്നില്ല.
ഒരു പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവിധ പ്രതിബന്ധങ്ങളെയും ഒറ്റയടിക്ക് നീക്കാനുള്ള തന്ത്രപരമായ നീക്കമാണ് കിഫ്‌ബിയുമായി ബന്ധപ്പെട്ട നിയമ പരിഷ്കരണത്തിലൂടെ സംഭവിച്ചത്. തൽഫലമായി കേരളത്തിന്റെ ബാധ്യതകൾ കഴിഞ്ഞ ആറുവർഷത്തിനിടെ കണക്കിൽപ്പെടാതെതന്നെ കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷം വരെ 64338 കോടി രൂപയുടെ 918 പദ്ധതികൾക്കാണ് കിഫ്‌ബി അംഗീകാരം നൽകിയത്. സംസ്ഥാന സർക്കാർ ബജറ്റിന് വെളിയിൽനിന്ന് എടുക്കുന്ന വായ്പയാണ് കിഫ്ബിയുടെ പ്രധാന വരുമാനം എന്ന് സി.എ.ജി റിപ്പോർട്ട് പറയുന്നു. വായ്പയുടെ തിരിച്ചടവ് മോട്ടോർവാഹന സെസ്സിൽനിന്നും പെട്രോളിയം സെസ്സിൽനിന്നും ആണെങ്കിലും സംസ്ഥാനത്തിന്റെ ധനകാര്യ രേഖകളിൽ ഈ കണക്കുകൾ ഉൾപ്പെടുകയുമില്ല. ഒരു സമാന്തര സംവിധാനമായി കിഫ്ബിയെ മാറ്റിയെടുത്തിരിക്കുന്നെങ്കിലും സംസ്ഥാനത്തിന്റെ പൊതു വരുമാനത്തിൽനിന്നാണ് തിരിച്ചടവുകളും മറ്റ് ചെലവുകളും.
ഫലത്തിൽ കേരളത്തിന്റെ പൊതു വരുമാനത്തിന്റെ നല്ലൊരു വിഹിതം ഇത്തരത്തിൽ ആരുമറിയാതെ വഴിമാറിപ്പോകുന്ന സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല, വർഷം കഴിയുംതോറും സെസ്സിൽനിന്നുള്ള വിഹിതം വർദ്ധിപ്പിക്കാനുള്ള പ്രൊവിഷനുമുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അപകടകരമാണ് എന്ന മുന്നറിയിപ്പ് ഇത്തരം നീക്കങ്ങളുടെ വെളിച്ചത്തിൽ സി.എ.ജിയും സാമ്പത്തിക വിദഗ്ധരും പലപ്പോഴായി നൽകിയിട്ടുണ്ട്. കടം വീട്ടാനായി പോലും വായ്പ്പയെടുക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്നത്തെ കേരളത്തിന്റേത്. അതിനു പുറമെയാണ് ഇപ്പോൾ കെ റെയിൽ സംബന്ധിച്ച ചൂടുപിടിച്ച ചർച്ചകളും പ്രാരംഭ നടപടികളും പുരോഗമിക്കുന്നത്. ഇപ്പോഴുള്ള സാമ്പത്തിക ബാധ്യതകൾക്ക് പുറമെ കെ റെയിൽ സംബന്ധിച്ച ഭീമമായ ബാധ്യതകൂടി ചുമക്കേണ്ടിവന്നാൽ കേരളത്തിന് അത് താങ്ങാനാവില്ല എന്ന് ഉറപ്പാണ്.
സംസ്ഥാനം എങ്ങോട്ട്?
കേരളം ഒരു സംസ്ഥാനം മാത്രമായതിനാൽ ആശങ്കകൾക്ക് പരിധിയുണ്ട് എങ്കിലും, നിരവധി പ്രതിസന്ധികൾ സമീപഭാവിയിൽ കേരളം നേരിട്ടേക്കുമെന്ന് സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നു. കുടിയേറ്റ തൊഴിലാളികളിൽനിന്നുള്ള വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലാണ് കേരളം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നിർണ്ണായക ഘടകവും അതുതന്നെയാണ്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ സാമ്പത്തിക ഇടപാടുകളുടെ നിലനിൽപ്പ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ഈ പണത്തെയാണ്. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെ ഉയർത്തി നിർത്തിയിരിക്കുന്നതും അതുതന്നെ. ഈ ജി.ഡി.പിയുടെ അടിസ്ഥാനത്തിലാണ് വലിയ പദ്ധതികൾക്കുള്ള ഭീമമായ വായ്‌പകൾ സർക്കാർ എടുത്തിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ ചില വർഷങ്ങളായി കേരളത്തിൽനിന്നുള്ള മൈഗ്രേഷൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എന്നതിനേക്കാൾ മറ്റു വിദേശ രാജ്യങ്ങളിലേക്ക് വർദ്ധിച്ചു വരികയും, ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖലകൾ മലയാളികൾക്ക് മുന്നിൽ ശുഷ്കിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലേയ്ക്ക് എത്തുന്ന ധനം കുറഞ്ഞുകൊണ്ടിരിക്കും എന്ന് ഉറപ്പാണ്. കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അപ്രകാരം സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. ഗൾഫ് ഇതര രാജ്യങ്ങളിലേക്ക് തൊഴിൽ ആവശ്യങ്ങൾക്കായി ചേക്കേറുന്നവരിൽ ബഹുഭൂരിപക്ഷവും അവിടെ താമസമുറപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്നതാണ് കാരണം.
കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം വിശേഷിച്ചുള്ള സർക്കാർ ഇടപെടലുകൾ കൂടാതെ മുന്നോട്ടുപോവുകയും ചെറുതും വലുതുമായ വിൽക്കൽ വാങ്ങലുകൾ സ്വാഭാവികമെന്നോണം നടക്കുകയും, സർക്കാരിന് നികുതിവരുമാനം ലഭിക്കുന്നത് തുടരുകയും ചെയ്യുകയും ജി.ഡി.പി മെച്ചെപ്പെട്ടു തന്നെ നിലനിൽക്കുകയും ചെയ്യുന്ന കാലത്തോളം വലിയ കേടുപാടുകൾ കൂടാതെ മുന്നോട്ടു പോകാമെങ്കിലും, വർഷങ്ങൾക്ക് ശേഷം വായ്‌പ തിരിച്ചടവുകൾ പൂർത്തിയാക്കേണ്ടതായി വരികയും വരുമാന സാധ്യതകളിൽ ഇടിവ് സംഭവിക്കുകയും ചെയ്യുന്ന പക്ഷം വളരെ പെട്ടെന്നുതന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ദൃശ്യമാകും. പ്രവാസി മലയാളികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണം, മദ്യത്തിൽനിന്നും, പെട്രോളിയത്തിൽനിന്നും, ലോട്ടറിയിൽ നിന്നുമുള്ള വരുമാനം തുടങ്ങിയവയിൽ ഏതിലെങ്കിലും ഇടിവ് നേരിട്ടാൽ വലിയ സാമ്പത്തിക തകർച്ചയായിരിക്കും ഫലം. ഈ മേഖലകളിൽ നിന്നെല്ലാമുള്ള വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. പുതിയ തലമുറകൾ വളർന്നുവരുന്നതിനനുസരിച്ച് മദ്യത്തിന്റെയും ലോട്ടറിയുടെയും വിൽപ്പന കുറയുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലാകുന്നതോടെ പെട്രോൾ, ഡീസൽ വിൽപ്പനയും ഗണ്യമായി കുറയും. വരുന്ന അഞ്ച് വർഷങ്ങൾക്കുള്ളിൽ അത് സംഭവിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇക്കാര്യങ്ങൾ പരിഗണിച്ചില്ലെങ്കിൽത്തന്നെയും ഇതമാത്രം ബാധ്യതകൾ അടച്ചുതീർക്കാൻ ശരിയായൊരു മാർഗ്ഗം ഇനിയും മുന്നിലില്ലാത്ത പക്ഷം സമീപഭാവിയിൽ ഏതെങ്കിലും ഒരുഘട്ടത്തിൽ അത് വലിയ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് തീർച്ച.
അഞ്ചുലക്ഷത്തിലേറെ വരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും സർക്കാർ സ്ഥാപനങ്ങൾ, ഉദ്യമങ്ങൾ, വിവിധ പദ്ധതികൾ, അവയുടെ ഗുണഭോക്താക്കൾ തുടങ്ങിയവയെയും അത്തരമൊരു സാമ്പത്തിക തകർച്ച നേരിട്ട് ബാധിക്കും. ധനവ്യയം കുറയുന്നതുവഴി മറ്റെല്ലാവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും പരോക്ഷമായി, എന്നാൽ രൂക്ഷമായി ബാധിക്കും. ജിഡിപി കുത്തനെ താഴുകയും തിരിച്ചു കയറാനാവാത്ത വിധം സംസ്ഥാനം തകരുകയും ചെയ്യും. ഇന്നത്തെ ശ്രീലങ്കയിൽ നാം കാണുന്നതുപോലെയല്ലെങ്കിലും മറ്റൊരു വിധത്തിലുള്ള വലിയ അപകടാവസ്ഥയാണ് കേരളത്തിന് മുന്നിൽ ഭീഷണിയായി നിൽക്കുന്നത്.
കേരളവുമായി എല്ലാവിധത്തിലും വലിയ സാമ്യങ്ങളുള്ള പ്രദേശമാണ് ശ്രീലങ്ക. കാർഷിക സാധ്യതകൾ, വിനോദസഞ്ചാര സാധ്യതകൾ തുടങ്ങിയവ മുതൽ വിവിധ പ്രതിസന്ധികൾക്കുള്ള സാധ്യതകൾക്ക് വരെ വലിയ സാമ്യമുണ്ട്. മനുഷ്യ വിഭവശേഷിയുടെ സമ്പന്നതയും വൈവിധ്യവുമാണ് കേരളവുമായുള്ള മറ്റൊരു സമാനത. അത് സ്വന്തം ദേശത്തിന് ഉപയോഗിക്കാൻ കഴിയുന്നില്ല, മറിച്ച്, അന്യ രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുകയാണ് എന്നുള്ളതും കേരളത്തിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള സാമ്യങ്ങളിൽ പ്രധാനമാണ്. ചുരുക്കിപ്പറഞ്ഞാൽ, കേരളം സഞ്ചരിച്ച അതേ വഴിയിലൂടെ സഞ്ചരിച്ച് തോറ്റുപോയ ഒരു രാജ്യമാണ് ശ്രീലങ്ക. മറ്റൊന്നുള്ളത്, വിവിധ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലും ഭീകര പ്രവർത്തകരുടെ സജീവ സാന്നിധ്യവും അതിന്റെ തുടർച്ചയായി അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കാവുന്ന സാധ്യതകളുമുണ്ട് എന്നുള്ളതാണ്. ബുദ്ധിപൂർവ്വം ചിന്തിക്കുകയും ഇനിയെങ്കിലും വിവേകത്തോടെ തീരുമാനങ്ങളെടുക്കുകയും മാത്രമാണ് നമുക്ക് മുന്നിലുള്ള പോംവഴി.
കടപ്പാട്: ദീപിക
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group