സാറസ് എന്ന സിനിമ പ്രചരിപ്പിക്കുന്നത് മരണസംസ്കാരമോ?

“2020ൽ അമേരിക്കയിലെ സുപ്രീംകോടതിയിലേക്ക് ഒമ്പതാമത്തെ ജഡ്ജിയായി അന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച വ്യക്തിയാണ് ആമി കോമി ബരറ്റ്. തന്റെ നാമനിർദേശം ട്രംപ് വൈറ്റ് ഹൗസിൽ വച്ച് പ്രഖ്യാപിച്ചപ്പോൾ ആമി അന്നേദിവസം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് തന്റെ ഏഴ് കുട്ടികളുമായാണ്. ഇതിൽ രണ്ടു പേരെ അവർ ദത്തെടുത്തതാണ്.മറുപടി പ്രസംഗത്തിനായി തന്റെ അവസരം എത്തിയപ്പോൾ ഒരു അമ്മ എന്ന നിലയിൽ എന്തൊക്കെയാണ് വീട്ടിൽ മക്കൾക്കുവേണ്ടി ചെയ്യുന്നതെന്ന് അവർ വിശദീകരിച്ചു. അസാധാരണമായ ഒരു സംഭവമായിരുന്നു അത്. അമ്മയാകുന്നത് ഒരു കരിയർ പടുത്തുയർത്തുന്നതിന് തടസ്സമല്ല എന്ന് പറയാതെ പറയുകയായിരുന്നു ആമി കോമി ബരറ്റ്.ഇനി സാറാസ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥയിലേക്ക് വരാം. കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്ന ചിത്രം സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. മറ്റുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ഭ്രൂണഹത്യകളുടെ എണ്ണം വളരെ കൂടുതലായ ഇന്ത്യയിൽ ഇനിയും ആ എണ്ണം കൂട്ടാൻ വേണ്ടി മാത്രമേ ഇങ്ങനെ ഉള്ള ചിത്രങ്ങൾ സഹായിക്കൂ. 2017ൽ ലാൻസന്റ് ആരോഗ്യ മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് ഒരു കോടി 50 ലക്ഷം ഗർഭസ്ഥശിശുക്കൾ അമ്മയുടെ ഉദരത്തിൽ ഇന്ത്യയിൽ ഒരു വർഷം കൊല്ലപ്പെടുന്നുണ്ട്. കേരളത്തിലും നിരവധി ഭ്രൂണഹത്യകൾ നടക്കുന്നുണ്ട്. ഭ്രൂണഹത്യയിലേക്ക് നയിക്കുന്ന കാര്യങ്ങൾ നിരവധിയാണെങ്കിലും ക്യാൻസർ ചികിത്സ വേണ്ടെന്നുവച്ച് ഉദരത്തിൽ ഉണ്ടായിരുന്ന കുട്ടിക്ക് ജന്മം നൽകി പിന്നീട് മരണമടഞ്ഞ സ്ത്രീകളും ഈ നാട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നോർക്കണം.ഭ്രൂണഹത്യ ഒരിക്കൽ ചെയ്ത സ്ത്രീകൾ അതിന്റെ യഥാർത്ഥ വശം മനസ്സിലാക്കി ഇനി അങ്ങനെ ഒന്ന് ഉണ്ടാകില്ല എന്ന് ദൃഢനിശ്ചയം എടുത്താൽ പോലും നേരത്തെ നടത്തിയ ഭ്രൂണഹത്യയുടെ ഓർമ്മകൾ അവരെ വേട്ടയാടും. ഒരുപക്ഷേ ഈ കാര്യമായിരിക്കാം അവരുടെ കരിയറിനെ ഏറ്റവും അധികമായി ബാധിക്കാൻ സാധ്യതയുള്ളത്.ഒരു അബോർഷൻ ക്ലിനിക്കിന്റെ ചുമതല വഹിക്കുകയും, പിന്നീട് അബോർഷന്റെ ക്രൂരത മനസിലാക്കി , അറിയപ്പെടുന്ന ഒരു പ്രോ ലെെഫ് ആക്ടിവിസ്റ്റ് ആയി മാറുകയും ചെയ്ത വ്യക്തിയാണ് അബി ജോണ്‍സണ്‍. അബോർഷൻ ക്ലിനിക്കുകളിലെ മുൻ ജോലിക്കാരുടെ അനുഭവങ്ങൾ ലോകത്തോട് പറയാനായി അബി ജോണ്‍സണ്‍ എഴുതിയ പ്രശസ്തമായ പുസ്തകമാണ് “ദി വാൾസ് ആർ ടോക്കിങ്ങ്:ംഫോർമർ അബോർഷൻ ക്ലിനിക്ക് വർക്കേയസ് ടെൽ ദേയർ സ്റ്റോറീസ്” എന്ന പുസ്തകം. പ്രസ്തുത പുസ്തകത്തിൽ പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത, കുറച്ചു നാളുകൾക്കു മുൻപ് അബോർഷൻ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയുടെ അനുഭവം പങ്കു വയ്‌ക്കുന്നുണ്ട്.പല തവണകളായി ഗര്‍ഭച്ഛിദ്രം നടത്താനായി യുവതികൾ അബോർഷൻ ക്ലിനിക്കിൽ എത്താറുണ്ടായിരുന്നു എങ്കിലും, ഒരിക്കൽ ആംഗി എന്നു പേരുള്ള ഒരു യുവതി തന്റെ ഒൻപതാമത്തെ അബോർഷനായി എത്തിയത് അവരെ എല്ലാം അത്ഭുതപ്പെടുത്തി. അബോർഷൻ ക്ലിനിക്കിന്റെ നിയമാവലി അനുസരിച്ച് യുവതിക്ക് അബോർഷൻ നടത്തി കൊടുക്കാൻ ഒരു പ്രശ്നവും ഇല്ലായിരുന്നുവെങ്കിലും ചില ജോലിക്കാർക്കു പോലും ഒൻപതാമത്തെ ഗര്‍ഭച്ഛിദ്രം നടത്താൻ ചിരിച്ചു കൊണ്ട് എത്തിയ യുവതിയുടെ മാനസിക അവസ്ഥയെ കുറിച്ച് ഒാർത്ത് ദുഃഖം തോന്നിയിരുന്നു. ആംഗി തന്റെ ആദ്യത്തെ അബോർഷൻ തൊട്ട്, എട്ടാമത്തെ അബോർഷൻ വരെ ചിരിച്ചും, രസിച്ചുമാണ് അതിനെ നേരിട്ടത് എന്ന്, സംഭവം വിവരിക്കുന്നയാൾ പുസ്തകത്തിൽ പറയുന്നു.അബോർഷൻ നടത്താൻ ക്ലിനിക്കിൽ എത്തുന്ന മറ്റ് യുവതികളോട്, ഒന്നും പേടിക്കാൻ ഇല്ലെന്നും തനിക്ക് ഒരുപാട് അനുഭവം ഉണ്ടെന്നും ആംഗി പറയുമായിരുന്നു. അബോർഷനായി എത്തുന്ന പല യുവതികളും, കരയുകയും, ബെെബിൾ കെെയിൽ പിടിച്ച് ദെെവത്തോട് മാപ്പ് ചോദിക്കുകയും ചെയ്യുമ്പോൾ ആംഗിയുടെ മുഖത്ത് അൽപ്പം വിഷമം പോലും അവരാരും കണ്ടിരുന്നില്ല. ഒരു മനുഷ്യ ശരീരമായി വളർച്ച പ്രാപിക്കാത്ത കുറച്ചു കോശങ്ങളെ ഉദരത്തിൽ നിന്നും എടുത്തു മാറ്റുന്നതാണ് അബോർഷൻ എന്നാണ് ആംഗി കരുതിയിരുന്നത്, അല്ലെങ്കിൽ മറ്റുളളവരിൽ നിന്നും മനസ്സിലാക്കി വച്ചിരുന്നത്. അങ്ങനെ ഒൻപതാമത്തെ അബോർഷനു ശേഷം ആംഗിക്ക് തന്റെ ഉദരത്തിൽ നിന്നും നീക്കം ചെയ്ത കോശങ്ങൾ ഒന്നു കാണണം എന്നു തോന്നി.അബോർഷൻ ക്ലിനിക്കിലെ ജോലിക്കാർ അതിന് അനുവാദം കൊടുത്തു. പന്ത്രണ്ട്‌ ആഴ്ച ആംഗിയുടെ ഉദരത്തിൽ ആയിരുന്ന ഗർഭസ്ഥ ശിശു ഏതാണ്ട് പൂർണ വളർച്ച എത്തിയിരുന്നു. പല ഭാഗങ്ങളായി വെട്ടിമുറിച്ച ശരീരം ആംഗിയെ കാണിക്കാൻ ജോലിക്കാർ കൂട്ടിചേർത്തു വച്ചു. ഒരു പാത്രത്തിലായി കൊണ്ടു ചെന്ന ആ കുഞ്ഞ് ശരീരം ആംഗി പുഞ്ചിരിയോടെ നന്ദി പറഞ്ഞ് കെെയിൽ സ്വീകരിച്ചു.അതിനു ശേഷം ആംഗി പാത്രത്തിലേയ്ക്ക് നോക്കി അല്പ സമയം നിശബ്ദയായി നിന്നു. ഉടനെ തന്നെ ആംഗിയുടെ മുഖ ഭാവം മാറി, ആംഗിയുടെ ശരീരം വിറയ്‌ക്കാനായി തുടങ്ങി. കുഞ്ഞിന്റെ ശരീരത്തിൽ സ്പർശിക്കാൻ ആംഗി കെെ നീട്ടിയതും, അവിടെ ഉണ്ടായിരുന്ന ജോലിക്കാർ ആംഗിയെ അതിൽ നിന്നും പിന്തിരിപ്പിച്ചു. എന്നാൽ പാത്രത്തിൽ മുറുകെ പിടിച്ചു കൊണ്ട് ആംഗി പറഞ്ഞു, “അത് ഒരു കുഞ്ഞായിരുന്നു , അത് എന്റെ കുഞ്ഞായിരുന്നു”. ആംഗിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വീഴാൻ തുടങ്ങി. അബോർഷൻ നടത്താൻ എത്തിയിരുന്ന മറ്റു യുവതികളും ശബ്ദം കേട്ട് അവിടെ എത്തി. അവരിൽ പലരും ആംഗിയുടെ അവസ്ഥ കണ്ട് കരയുവാൻ തുടങ്ങി. വളരെ പ്രയാസപ്പെട്ട് ജോലിക്കാർ ആംഗിയുടെ കെെയിൽ നിന്നും പാത്രം മേടിച്ചെടുത്തു. ആംഗിയെ ആശ്വാസിപ്പിക്കാൻ ജോലിക്കാർ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. പല കഷണങ്ങളായി മുറിച്ച കുഞ്ഞിന്റെ ശരീര ഭാഗങ്ങൾ തനിക്ക് തന്നു വിടണം എന്ന് ആംഗി ജോലിക്കാരോട് കേണപേക്ഷിച്ചു. മരിച്ചെങ്കിലും അവളുടെ കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ ആംഗിയ്ക്കു മനസ്സു വന്നില്ല. ഉടനെ തന്നെ അബോർഷൻ ക്ലിനിക്കിലെ ജോലിക്കാർ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനിടയിൽ ആംഗിക്ക് എതെങ്കിലും അത്യാഹിതം സംഭവിച്ചാൽ അറിയിക്കാനുളള ഒരു ഫോണ്‍ നമ്പർ തന്നിരുന്നതിൽ വിളിച്ചു.ആംഗിയുടെ ആണ്‍ സുഹൃത്തിന്റെ നമ്പർ ആയിരുന്നു അത്. ഉടനെ തന്നെ സുഹൃത്ത് ക്ലിനിക്കിലെത്തി. ഏതാണ്ട് ഒരുമണിക്കൂറോളം ശ്രമിച്ചിട്ട് ആംഗിയേ സുഹൃത്ത് പുറത്തേയ്ക്ക് കൊണ്ടു പോയി. ആംഗി പിന്നീട് ക്ലിനിക്കിലേയ്ക്ക് തിരിച്ചു വന്നിട്ടില്ല. ഒൻപതു കുഞ്ഞുങ്ങളെ കൊലയ്ക്ക് നൽകിയതിന്റെ വേദന ഒരുപക്ഷേ ഇപ്പോഴും അവളെ വേട്ടയാടുന്നുണ്ടായിരിക്കും. പ്രസ്തുത സംഭവം പുസ്തകത്തിൽ വിവരിക്കുന്ന വ്യക്തി പിന്നീട് അബോർഷൻ ക്ലിനിക്കിലെ തന്റെ ജോലി ഉപേക്ഷിച്ചു.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കേ ആളുകളുടെ ഇടയിൽ പ്രത്യേകിച്ച് പെൺകുട്ടികളുടെ ഇടയിൽ വലിയ തെറ്റിദ്ധാരണ പടരാൻ സാറാസ് എന്ന ചിത്രം പോലുള്ളവ കാരണമാകും. ഉദാഹരണങ്ങൾ നിരവധി ഉണ്ടായിട്ടും യാഥാർത്ഥ്യങ്ങളോട് ബന്ധമില്ലാത്ത സന്ദേശങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. അമ്മയാകുക എന്നതാണ് ഏറ്റവും വലിയ കരിയർ എന്നതും വലിയൊരു സത്യമാണ്. പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ ആയ സിഎസ് ലൂയിസ് പറയുന്നതുപോലെ:”The homemaker has the ultimate career. All other careers exist for one purpose only – and that is to support the ultimate career.”

  • C.S. Lewis. –

സച്ചിൻ എട്ടിയിൽ ✍️


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group