ഇറാനില്‍ ഇസ്ലാമതം ചുരുങ്ങുന്നു; ക്രിസ്തുവിശ്വാസം പടരുന്നു

ഇസ്ലാമത പ്രവാചകന്‍ മുഹമ്മദിന്‍റെ മരണശേഷം അടുത്ത ഖലീഫ ആരായിരിക്കണം എന്നതിനെച്ചൊല്ലി വലിയ തര്‍ക്കമുണ്ടായതായി ഇസ്ലാമിക ചരിത്രത്തില്‍ കാണാം. ശക്തമായ രണ്ടു പക്ഷങ്ങള്‍ തര്‍ക്കത്തിന്‍റെ ഇരുവശത്തും നിലയുറപ്പിച്ചതിനാല്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. അലി എന്ന നേതാവിനെ ഒരുകൂട്ടര്‍ അംഗീകരിച്ചു മുന്നോട്ടു പോയി, ഇക്കൂട്ടര്‍ പിന്നീട് “ഷിയാ മുസ്ലിംകള്‍” എന്നറിയപ്പുടുന്നു. മറ്റൊരുകൂട്ടര്‍ അബൂബക്കര്‍ സിദ്ധിഖ് എന്ന നേതാവിനെ അംഗീകരിച്ചു, ഇവര്‍ “സുന്നികള്‍” എന്നും അറിയപ്പെടുന്നു. ആഗോള ഇസ്ലാം മതവിശ്വാസികളില്‍ 15 ശതമാനം ഷിയാ മുസ്ലിംകളാണ്. ഇവരുടെ ശക്തികേന്ദ്രം ഇറാനാണ്, ഇവിടെ 95% വിശ്വാസികളും ഷിയാക്കളാണ്. സൗദി അറേബ്യ സുന്നി ഇസ്ലാമിന്‍റെ കേന്ദ്രമാണ്. ഇവിടെ 90% സുന്നികളാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇറാനിലെ ഷിയാ മുസ്ലിം സമൂഹത്തിനിടയില്‍ അത്യപൂര്‍വ്വമായ ഒരു പ്രതിഭാസം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ആഗോള മുസ്ലിംകളുടെ ഇടയിലും ഇസ്ലാമികേതര ലോകത്തും ഗൗരവമായി ചര്‍ച്ചയാകുന്ന വിഷയമാണ്. അമേരിക്കയിലെ യോര്‍ക്ക്ടൗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (Yorktown Institute) വൈസ്പ്രസിഡന്‍റും ഇറാനിയന്‍ വംശജനുമായ ഷായ് കത്തീരിയുടെ (Shay Khatiri of Johns Hopkins University) പ്രതികരണം ഈ വിഷയത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. “ഇറാനില്‍ ഇസ്ലാം അതിവേഗം ചുരുങ്ങുകയും ക്രിസ്റ്റ്യാനിറ്റി അതിവേഗം വളരുകയും ചെയ്യുന്നു” എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇസ്ലാമതം ഭയാനകമായ വിധത്തില്‍ ഇറാനില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതിന് ഉപോദ്ബലകമായ പല പഠനങ്ങളും റിപ്പോര്‍ട്ടുകളും വിവിധ യൂണിവേഴ്സിറ്റികളും അന്താരാഷ്ട്ര മാധ്യമങ്ങളും നില്‍കിയിട്ടുണ്ട്.

“50,000 മോസ്കുകള്‍ അടച്ചുപൂട്ടി, ഇറാനികള്‍ ഇസ്ലാമിനു വെളിയില്‍ സത്യാന്വേഷണം നടത്തുന്നോ?” അറബ് ന്യൂസ് 2023 ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. (ലിങ്ക് കമൻ്റ് ബോക്സിൽ) രാജ്യത്ത് ആകെ 75,000 മോസ്കുകള്‍ ഉള്ളതില്‍ മൂന്നില്‍ രണ്ടും അടച്ചുപൂട്ടി എന്നത് ഭയാനകമായ കാര്യം തന്നെയാണ്. ഇസ്ലാമിക ലോകത്ത് പൊതുവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ ഭക്തിശോഷണം ഗുരുതരമായി ബാധിച്ചിരിക്കുന്ന രാജ്യമായിട്ടാണ് ഇറാനെ ഇസ്ലാമികലോകം വിശേഷിപ്പിക്കുന്നത്. “അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനികള്‍ യേശുക്രിസ്തുവില്‍ സത്യം അന്വേഷിക്കുന്നു” എന്നൊരു പ്രസ്താവനയും അറബ് ന്യൂസ് പ്രസ്തുത വാര്‍ത്തയോടൊപ്പം ഉൾപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.

ഇക്കൂട്ടത്തില്‍ ഒരു കാര്യം ഇവിടെ വ്യക്തമാക്കട്ടെ, ഇംഗ്ലണ്ടില്‍ ആകെയുള്ള ക്രിസ്റ്റ്യന്‍ ചര്‍ച്ച് ബില്‍ഡിംഗുകളുടെ എണ്ണം 2019ലെ നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് (National Churches Trust) റിപ്പോര്‍ട്ട് പ്രകാരം 50,000 -ആണെന്നതും 2013 മുതല്‍, കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ആകെ അടച്ചുപൂട്ടിയത് 3,500 ചര്‍ച്ചുകള്‍ മാത്രമാണെന്നും ഓര്‍ക്കണം (ദി ഗാര്‍ഡിയന്‍, ജനുവരി 25, 2024).

♦️ചിലരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ

1. ഇംഗ്ലണ്ടില്‍ ബ്രാഡ്ഫോര്‍ഡുള്ള ഒരു പ്രൊട്ടസ്റ്റന്‍റ് ചര്‍ച്ചില്‍ 2017ല്‍ 32 ഇറാനികള്‍ സ്നാനം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമായി എന്ന വാർത്ത കേട്ടു. ഞാനും എന്‍റെയൊരു സുഹൃത്തും അവിടെ പോയി അതില്‍ ഏതാനും പേരെ നേരിട്ട് കണ്ട് സംസാരിക്കുകയുണ്ടായി. അതില്‍ ഒരു വ്യക്തിയുടെ സാക്ഷ്യം വളരെ അത്ഭുതാവഹമായിരുന്നു. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം കഴിഞ്ഞ് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ലൈബ്രറിയില്‍ പാര്‍ട് ടൈം ജോലിയില്‍ ഇയാള്‍ പ്രവേശിച്ചു. വര്‍ഷങ്ങളായി ആരും തിരിഞ്ഞുനോക്കാതിരുന്ന ഒരു മുറിയില്‍ പൊടിപിടിച്ചുകിടന്ന പഴയ പുസ്തകങ്ങളെല്ലാം വൃത്തിയാക്കി അടുക്കിവയ്ക്കുകയായിരുന്നു തുടക്കത്തിൽ അയാളുടെ ജോലി. ഈ ഗ്രന്ഥങ്ങള്‍ക്കിടയില്‍നിന്നും അയാള്‍ക്ക് വിശുദ്ധ ബൈബിളിന്‍റെ ഇറാനിയന്‍ ഭാഷയിലുള്ള ഒരു കോപ്പി ലഭിച്ചു. അദ്ദേഹം ബൈബിള്‍ വീട്ടില്‍ കൊണ്ടുപോയി വിമര്‍ശനാത്മകമായി വായന ആരംഭിച്ചു. ബൈബിള്‍ വായന മുന്നോട്ടു പോകുംതോറും സ്വന്തം മതവിശ്വാസത്തില്‍നിന്ന് താന്‍ അകന്നുപോകുന്നതായി ഇയാള്‍ക്കു മനസ്സിലായി.

ആ പ്രദേശത്തു ഒരു ഹൗസ് ചര്‍ച്ച് രഹസ്യമായി നടക്കുന്നുണ്ടെന്ന് അയാളറിഞ്ഞു. അവിടെ പതിവായി പോവുകയും ബൈബിള്‍ പഠനത്തിലും പ്രാര്‍ത്ഥനയിലും പങ്കാളിയാവുകയും ചെയ്തു. ഒരിക്കല്‍ ഇദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി വരുമ്പോഴാണ് പ്രാര്‍ത്ഥനാലയം പോലീസ് വളഞ്ഞതായും പലരെയും അറസ്റ്റുചെയ്തു കൊണ്ടുപോയതായും അറിഞ്ഞത്. തന്നെയും പോലീസ് അന്വേഷിക്കുന്നു എന്നറിഞ്ഞ ഇയാള്‍ അവിടെനിന്നു രക്ഷപ്പെട്ട് തുര്‍ക്കി വഴി യൂറോപ്പില്‍ കടന്ന്, ഒടുവില്‍ അഭയാര്‍ത്ഥിയായി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുകയാണ്. ഞങ്ങള്‍ ഇയാളെ കാണാന്‍ ചെല്ലുമ്പോള്‍ ഈ വീട്ടില്‍ ഇറാനികളും അഫ്ഘാനികളുമായ മറ്റ് ആറുപേര്‍കൂടി ഉണ്ടായിരുന്നു. രണ്ടുപേര്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചവരാണ്. ഇവര്‍ മറ്റുള്ളവരെ ബൈബിള്‍ പഠിപ്പിക്കുകയും അവരുടെ സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്യുന്നു എന്നാണ് അറിഞ്ഞത്.

2. ക്രിസ്തുവിശ്വാസം സ്വീകരിച്ച മറ്റൊരു ഇറാനിയെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞത്, തനിക്ക് ഇറാനില്‍വച്ച് സ്വപ്നത്തില്‍ ജീസസിന്‍റെ ദര്‍ശനം ഉണ്ടായെന്നാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ജീസസിനെക്കുറിച്ച് ചിന്തിക്കാതിരുന്ന അദ്ദേഹത്തിന് ഉറക്കത്തിൽ ജീസസിന്‍റെ സ്വപ്നദര്‍ശനം ഉണ്ടാവുകയും ദിവസങ്ങളോളം ഈ ദര്‍ശനത്തിന്‍റെ ആനന്ദാനുഭൂതിയില്‍ ജീവിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു ഹൗസ് ചര്‍ച്ചില്‍ അംഗമാവുകയും ഇറാനില്‍ ഈ വിശ്വാസത്തില്‍ തുടരുന്നത് അപകടമാണ് എന്നറിഞ്ഞ് ഇംഗ്ലണ്ടില്‍ അഭയം തേടുകയും ചെയ്തു. ഇദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്, “ഇറാനില്‍ പലരും ക്രിസ്തുവിശ്വാസത്തിലേക്ക് വരുന്നത് മറ്റ് ക്രൈസ്തവരുടെ സ്വാധീനത്താലോ ബൈബിള്‍ വായിച്ചു മനസ്സിലാക്കിയതുകൊണ്ടോ മാത്രമല്ല, പലര്‍ക്കും വ്യക്തിപരമായി യേശുക്രിസ്തുവിന്‍റെ ദര്‍ശനം ലഭിക്കുന്നു” എന്നതിനാലാണത്രെ. ഈ കാര്യം നിരവധി പേരുടെ സാക്ഷ്യങ്ങളായി ഒരിക്കല്‍ ഒരു ലേഖനത്തിൽ വായിച്ചത് ഓര്‍മ്മവരുന്നു.

3. 2012ല്‍ ഇറാനില്‍ നടന്ന ഒരു സംഭവം “ചര്‍ച്ച് ടൈംസ്” റിപ്പോര്‍ട്ടു ചെയ്തത് ഓര്‍മ്മിക്കുന്നു. ഇറാനിൽ ക്രിസ്തുവിശ്വാസത്തിൽ വളർന്ന ഒരു പെണ്‍കുട്ടി, അവള്‍ക്ക് ക്രിസ്തുവിൽ ആഴമേറിയ വിശ്വാസമുണ്ടായിരുന്നു. അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി ഒരു യുവാവ് അവളുമായി അടുത്തു. താനും ഒരു ക്രിസ്ത്യാനിയാണെന്ന് അവന്‍ അവളെ ബോധ്യപ്പെടുത്തി. പിരിയാന്‍ കഴിയാത്ത വിധം അവര്‍ പ്രണയബദ്ധരായി. വിവാഹത്തിനുശേഷമാണ് അവന്‍ ക്രിസ്ത്യാനിയല്ലെന്ന യാഥാർത്ഥ്യം അവൾ അറിഞ്ഞത്.

അവളെ മതം മാറ്റുവാനായി അവന്‍ പല മാര്‍ഗ്ഗങ്ങളും അവലംബിച്ചു, ക്രൂരമായി ദേഹോപദ്രവം ചെയ്തു. അവള്‍ ആകെ തളര്‍ന്നുപോയി. ഇതിനോടകം ഗര്‍ഭിണിയായ അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏതാനും മാസം കഴിഞ്ഞപ്പോള്‍ അവളെ ഉപേക്ഷിച്ച് കുട്ടിയെ അവന്‍ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി. ഇടയ്ക്ക് ഫോണ്‍ വിളിച്ച്, ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ കുഞ്ഞിനേ കാണിക്കാം എന്നു പറഞ്ഞ് അവളെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചു. അവളുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു.

ഇറാനിലെ നിയമപ്രകാരം ഒമ്പതു വയസുവരെ പെൺകുഞ്ഞുങ്ങള്‍ മാതാവിന്‍റെ കൂടെ കഴിയണം. കേസ് കോടതിയില്‍ വന്ന ദിവസം മകളുമായി ഭര്‍ത്താവും കുടുംബാംഗങ്ങളും കോടതയിലെത്തി. ജഡ്ജി അവളെ മാറ്റി നിര്‍ത്തി സ്വകാര്യമായി ഒരു കാര്യം പറഞ്ഞു; “ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ കുഞ്ഞിനെ നിന്‍റെ കൂടെ വിടാന്‍ ഞാന്‍ കല്‍പ്പിക്കാ”മെന്ന്! ഇനി അവള്‍ പറഞ്ഞത് കേള്‍ക്കുക “കോടതിയില്‍ രണ്ട് കസേരകള്‍, അതിലൊന്നില്‍ തന്‍റെ മകള്‍ ഇരിക്കുന്നു. തൊട്ടടുത്ത കസേരയില്‍ അദൃശ്യനായി ക്രിസ്തു ഇരിക്കുന്നു. ഇതില്‍ ആരേ തെരഞ്ഞെടുക്കും എന്നൊരു ചോദ്യം മനസ്സില്‍ ഉയര്‍ന്നു. യേശുവിനെ തെരഞ്ഞെടുക്കുമോ മുന്നു വയസായ തന്‍റെ മകളെ തെരഞ്ഞെടുക്കുമോ?” ഒടുവില്‍ അവള്‍ തീരുമാനിച്ചു, അവിടെ അദൃശ്യനായി ഇരിക്കുന്ന യേശുവിനെ തെരഞ്ഞെടുക്കുമെന്ന്. കോടതിയില്‍നിന്നും അവള്‍ ക്രിസ്തുവുമായി വീട്ടിലേക്കു പോയി.

♦️ “മുസ്ളിം ബാക്ഗ്രൗണ്ട് ബിലീവർ”
അഥവാ MBB

1979-ല്‍ ഇറാന്‍ ഒരു ഇസ്ലാമിക മതരാഷ്ട്രമായി മാറിയതു മുതല്‍ ക്രിസ്തുവിശ്വാസം ഇവിടെ വ്യാപിക്കുന്നു എന്നാണ് JewishPress.com റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയത്തുള്ള ഖുമേനിയുടെ നേതൃത്വത്തിൽ രാജ്യത്തു കടുത്ത ഇസ്ളാമിക നിയമങ്ങൾ അടിച്ചേൽപ്പിച്ചതിൻ്റെ ഫലമായി ജനങ്ങൾ ഇസ്ളാമത വിശ്വാസംതന്നെ ഉപേക്ഷിക്കുന്നതിനു കാരണമായി. ഇറാനില്‍ ക്രൈസ്തവവിശ്വാസം പ്രചരിക്കുന്നതിന് കാരണക്കാരനായത് വാസ്തവത്തിൽ ആയത്തുള്ള ഖുമേനിയാണെന്നാണ് ഇറാൻ ഇവാഞ്ചലിസ്റ്റുകൾ വിശ്വസിക്കുന്നത്. “ഖുമേനി ഇറാനില്‍ യേശുവിന്‍റെ ഏറ്റവും നല്ല ഇവാഞ്ചലിസ്റ്റാണെന്നു” ഇസ്ലാമതം ഉപേക്ഷിച്ച് ഇപ്പോള്‍ ഒരു ക്രിസ്തുവിശ്വാസിയും ഒരു ഹൗസ് ചര്‍ച്ചിന്‍റെ ലീഡറുമായ വ്യക്തി വിശേഷിപ്പിച്ചതായി Jewish Press പറയുന്നു.

“ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് വെറുമൊരു പരിവര്‍ത്തനം മാത്രമല്ല നടക്കുന്നത്, ഇസ്ലാമില്‍നിന്ന് ക്രിസ്റ്റ്യാനിറ്റിയിലേക്കു കൂട്ടപ്പലായനമാണു സംഭവിക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞുവെന്നും Jewish Press റിപ്പോർട്ടു ചെയ്യുന്നു. ഇറാനില്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ച മുസ്ലിംകള്‍ തങ്ങളെ വിളിക്കുന്നത് Muslim-Background Believer (MBB) എന്ന ചുരുക്കപ്പേരിലാണ്.

2013-ല്‍ 3,70,000 MBB-കളാണ് ഇറാനില്‍ ഉണ്ടായിരുന്നതെങ്കില്‍ 2020-ഓടെ ഇത് പത്തുലക്ഷമായും 2024-ഓടെ ഈ സംഖ്യ പലമടങ്ങ് വര്‍ദ്ധിച്ചുവെന്നുമാണ് കാണക്കാക്കുന്നത്. രാജ്യത്തെ എട്ടരക്കോടി ജനങ്ങളില്‍ ഇതത്ര വലിയ സംഖ്യയല്ലെങ്കിലും ഒരു ദശകത്തിനുള്ളില്‍ ഇത്രയധികം ക്രൈസ്തവര്‍ വിദേശ സുവിശേഷകരുടെയൊന്നും സഹായമില്ലാതെ ക്രിസ്ത്യാനികളായി എന്നത് അത്ഭുതകരമായ കാര്യംതന്നെയാണ്.

മതപോലീസിന്‍റെയും മതനിയമങ്ങളുടെയും ഇടപെടലുകള്‍ ഒഴിവാക്കാന്‍ പത്തില്‍ താഴെ അംഗങ്ങള്‍ മാത്രമുള്ള “ഹൗസ് ചര്‍ച്ചു”കളായിട്ടാണ് (House Churches)
ഇവിടെയുള്ള ക്രൈസ്തവ കൂട്ടായ്മകൾ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ആയിരക്കണക്കിന് ചര്‍ച്ചുകള്‍ ഇപ്പോള്‍ ഇറാനിലുണ്ട് എന്നു കണക്കാക്കുന്നു.

ഇസ്ലാമതത്തില്‍ ജനിച്ച ഒരു വ്യക്തി മതം ഉപേക്ഷിച്ച് മറ്റൊരു മതവിശ്വാസം സ്വീകരിച്ചാല്‍ അയാളെ കൊന്നുകളയാനുള്ള നിയമങ്ങള്‍ ഇറാനിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇതിനോടകം നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ ഇപ്പോള്‍ ഇറാന്‍ ജയിലില്‍ ശിക്ഷകാത്ത് കഴിയുന്നുമുണ്ട്. ഇസ്ലാമതം ഉപേക്ഷിച്ച് ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്‍റെ പേരില്‍ പാസ്റ്റര്‍ യൂസഫ് നാദര്‍ക്കാനിക്കു (Youcef Nadarkhani) ഉണ്ടായത് സമാനതകളില്ലാത്ത പീഡനങ്ങളായിരുന്നു. ഇത്രമേല്‍ ഗുരുതരമായ സാഹചര്യത്തിലും അനേകായിരങ്ങളാണ് ഇസ്ലാമതത്തില്‍നിന്നും ക്രിസ്തുവിശ്വാസത്തിലേക്കും മറ്റ് മതങ്ങളിലേക്കും അനിയന്ത്രിതമായി പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇറാനില്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് അനേകായിരങ്ങൾ കടന്നുവരുന്നതോടൊപ്പം നിരീശ്വരവാദത്തിലേക്കും വലിയ ഒഴുക്കുണ്ടെന്നു “ജോര്‍ണല്‍ ഓഫ് ഡെമോക്രസി ” (Hi Journal of Democracy) റിപ്പോര്‍ട്ടു ചെയ്യുന്നു. 2019-ല്‍ ഇറാനിയന്‍ Atheist and Agnostic ഗ്രൂപ്പിന് രണ്ടു ലക്ഷത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ സൂഫിസത്തിലേക്കും ബഹായി മതത്തിലേക്കും, പൗരാണിക പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ മതമായിരുന്ന സൗരാഷ്ട്രമതത്തിലേക്കും ഇസ്ലാമിക വിശ്വാസത്തില്‍നിന്ന് ജനങ്ങള്‍ വലിയതോതില്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നാണ് ജോര്‍ണല്‍ ഓഫ് ഡെമോക്രസിയുടെ 2020 ജനുവരിയിലെ റിപ്പോർട്ടിൽ കാണുന്നത്.

ക്രിസ്തുവിനോടും ക്രൈസ്തവ വിശ്വാസത്തോടുമുള്ള ഇറാനിയന്‍ ക്രൈസ്തവരുടെ അടുപ്പം ഇസ്രായോലിനോടുമുണ്ട്. ജനങ്ങളുടെ ഇസ്രായേല്‍ സ്നേഹം ഇറാന്‍ ഭരണാധികാരികളുടെ തലവേദനയായി മാറുന്നു എന്നാണ് Jewish Press ലേഖകനായ ഡാനിയേല്‍ പൈപ്സ് (Daniel Pipes) റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇറാനില്‍ എന്തുകൊണ്ടാണ് ഇസ്ലാം ചുരുങ്ങുകയും ക്രൈസ്തവ വിശ്വാസം വളരുകയും ചെയ്യുന്നത് എന്നത് പഠനവിധേയമാക്കിയ പല അന്താരാഷ്ട്ര ഏജൻസികളുടെയും യൂണിവേർസിറ്റികളുടെയും റിപ്പോര്‍ട്ടുകളും ഇന്നു ലഭ്യമാണ്. ഇറാനിലെ മത, രാഷ്ട്രീയ നേതൃത്വം പിന്തുണയ്ക്കുന്ന തീവ്രവാദം ലോകത്ത് വ്യാപിക്കുന്നതും ഇറാനികള്‍ ഇസ്ലാമതവിശ്വാസം ഉപേക്ഷിക്കുന്നതും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. അതേക്കുറിച്ച് അടുത്ത ലേഖനത്തില്‍.

കടപ്പാട് : മാത്യൂ ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group