കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ സിപിഐ നേതാവ് ശ്രീ വി.കെ. സുരേഷ് ബാബുവിന്റെ ചില വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ മലയാള ചലച്ചിത്രം “ആവേശ”ത്തിലെ “ഇല്യൂമിനാറ്റി” എന്ന പാട്ടിന്റെ വരികളെ അദ്ദേഹം വിമർശിച്ചു സംസാരിക്കുകയുണ്ടായി. ഈ പാട്ടിലെ മാത്രമല്ല അടുത്തകാലത്ത് ട്രെൻഡ് ആയി മാറിയ മിക്കവാറും സിനിമ പാട്ടുകളിലെയും വരികളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ആശയങ്ങൾ ആറു പിന്തിരിപ്പനും ഭീകരവുമാണ് എന്നാണ് സുരേഷ്ബാബു മാധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായപ്പെട്ടത്. “സിനിമാ പാട്ടിലെ വരികളിലെന്തു കാര്യം പാട്ട് ആസ്വദിച്ചാൽ പോരേ” എന്ന് ഒട്ടേറെ പേർ അദ്ദേഹത്തോട് ചോദിച്ചു. എന്നാൽ ഇതൊക്കെ ഈ കാലഘട്ടത്തിലെ യുവജനങ്ങളെയും കുട്ടികളെയും സ്വാധീനിക്കുന്നുണ്ടെന്ന തന്റെ അഭിപ്രായത്തിൽ ശ്രീ സുരേഷ് ബാബു ഉറച്ചുനിൽക്കുന്നു.
സമീപകാലത്തിറങ്ങിയ സിനിമകളിൽ മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപയോഗം അനാവശ്യമാം വിധം ആദ്യന്തം നിറഞ്ഞു നിൽക്കുന്നതിനെക്കുറിച്ച് ആശങ്ക അറിയിച്ചവരോടും പലരും ചോദിച്ചത് “അതുവെറും സിനിമയല്ലേ?” എന്നാണ്. സ്വവർഗ്ഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും അത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സിനിമകളെ ചോദ്യംചെയ്തപ്പോഴും മേൽപ്പറഞ്ഞ മറുചോദ്യം പലയിടങ്ങളിലും നിന്ന് മുഴങ്ങി. അക്രമങ്ങളും കൊലപാതകങ്ങളും ലൈംഗിക അരാജകത്വവും നിറഞ്ഞ സിനിമകൾ ട്രെൻഡ് ആയി മാറുകയും യുവജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തപ്പോഴും “അതുവെറും സിനിമയല്ലേ, കാര്യമാക്കേണ്ടതില്ല” എന്നായിരുന്നു പലരുടെയും പക്ഷം. മതവിദ്വേഷം പ്രചരിപ്പിക്കുകയും വർഗ്ഗീയ വിഷവിത്തുകൾ വിതയ്ക്കുകയും സന്യാസത്തെയും പൗരോഹിത്യത്തെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുകയും ചെയ്യുന്ന ചലച്ചിത്രങ്ങൾക്കെതിരെ സംസാരിച്ചപ്പോഴും വലിയൊരു വിഭാഗം അതിനെയും നിസാരവൽക്കരിക്കുകയാണുണ്ടായത്.
ഇന്ന് ഈ സമൂഹത്തിലും വിശിഷ്യാ യുവജനങ്ങൾക്കിടയിലും എന്തുസംഭവിക്കുന്നു എന്ന് നിരീക്ഷിച്ചാൽ സിനിമകൾക്ക് സ്വാധീനശേഷിയുണ്ടോ എന്ന് വ്യക്തമാകും. ഇത്തരം നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് വേൾഡ് ചിൽഡ്രൻസ് ഡേയോടനുബന്ധിച്ച് ഒരു കൂട്ടം കുട്ടികളോട് സംവദിച്ച, കൊച്ചി രൂപത മുൻ അധ്യക്ഷൻ ഡോ. ജോസഫ് കരിയിൽ പിതാവിന്റെ വാക്കുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൊച്ചുകുട്ടികളുടെ ഇഷ്ട സിനിമകളുടെ പട്ടികയിൽ ഇടംപിടിക്കുന്ന ചിത്രങ്ങൾ കുട്ടികൾക്ക് നൽകുന്ന സന്ദേശം യഥാർത്ഥത്തിൽ എന്താണ് എന്ന പിതാവിന്റെ ചോദ്യം അനേകായിരങ്ങൾ ഏറ്റെടുത്തു. കൂലിത്തല്ലും കൊലപാതകങ്ങളും മദ്യപാനവുമായി രണ്ടരമണിക്കൂർ നിറഞ്ഞുനിൽക്കുന്ന നായകകഥാപാത്രങ്ങൾ കാഴ്ചക്കാർക്ക് പ്രത്യേകിച്ച് ഇളംതലമുറകൾക്ക് വില്ലന്മാരാണ് എന്നാണ് പിതാവ് പറഞ്ഞവസാനിപ്പിച്ചത്.
അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവിന്റേയും ശ്രീ വി.കെ. സുരേഷ് ബാബുവിന്റെയും വാക്കുകൾ അടിസ്ഥാനമില്ലാത്തതല്ല. ധാർമ്മികബോധം നഷ്ടപ്പെട്ടിരിക്കുന്ന, ലക്ഷ്യബോധം നഷ്ടപ്പെട്ടിരിക്കുന്ന, മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ, നൈമിഷിക സുഖങ്ങൾക്ക് പിന്നാലെ പരക്കംപായുന്ന, എന്തിനും മടിക്കാത്ത ഒരു വലിയ വിഭാഗം നമുക്കിടയിൽ വളർന്നുവരുന്നുണ്ട്. റീൽസുകൾ മുതൽ സിനിമകൾവരെ അവർക്ക് മുമ്പേ സഞ്ചരിക്കുന്ന കാഴ്ചകളും ആശയങ്ങളും വേറേതോ ലോകത്തേക്കാണ് അവരെ നയിച്ചുകൊണ്ടിരിക്കുന്നത്. മൂല്യങ്ങൾക്ക് വിലകല്പിക്കാത്ത, കുടുംബ ബന്ധങ്ങളെ മാനിക്കാത്ത ഒരാൾക്കൂട്ടത്തെ ആരൊക്കെയോ ചേർന്ന് ഇവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിന് സിനിമകളും സോഷ്യൽമീഡിയയും ഉപകാരണങ്ങളാകുന്നു. അറിഞ്ഞോ അറിയാതെയോ കലാകാരന്മാരും ചലച്ചിത്ര പ്രവർത്തകരും അതിന് വഴിയൊരുക്കുന്നു.
ആവിഷ്കാരസ്വാതന്ത്ര്യമെന്ന പേരിൽ എന്തും ആർക്കെതിരെയും പറയാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ധാർഷ്ട്യത്തോടെ ആവർത്തിച്ചിരുന്ന ഒരുകൂട്ടർ, ആർക്കൊക്കെയോ വേണ്ടിയാണ് തങ്ങൾ സംസാരിക്കുന്നതെന്നും അവർക്കൊപ്പമാണ് തങ്ങൾ എന്നും വാദിച്ചിരുന്ന ഒരുകൂട്ടർ ഇന്ന് ശബ്ദിക്കാനാകാതെ ഇരുളിൽ കഴിയുന്നത് മറ്റൊരു വിരോധാഭാസം. തങ്ങളുടെ പ്രവർത്തനമേഖലകളിൽ സ്ത്രീകൾ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതും വേട്ടക്കാരെന്നറിഞ്ഞുകൊണ്ട് ചിലരുടെ തോളിൽ കയ്യിട്ടു നടന്നതും ലഹരി ഒഴുകുന്നതിന് മുന്നിൽ കണ്ണടച്ചതും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു. നല്ല മരം നല്ല ഫലങ്ങൾ നൽകുന്നു, നല്ല ഫലങ്ങൾ നന്മയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
“അത് വെറും സിനിമയല്ലേ?” എന്ന് ഇനി ചോദിക്കരുത്
കടപ്പാട് :KCBC ജാഗ്രത കമ്മീഷൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group