ഐഎസ്‌ആര്‍ഒ വീണ്ടും വിജയാകാശത്ത്; ഭാരതത്തിന്റെ ‘ടാക്സി റോക്കറ്റ്’ ആര്‍എല്‍വിയുടെ അവസാന ലാൻഡിങ് പരീക്ഷണവും വിജയം

ബെംഗളൂരു: ബഹിരാകാശത്ത് പോയി വരാനുള്ള ഭാരതത്തിന്റെ ‘ടാക്സി റോക്കറ്റ്’ ആർഎല്‍വിയുടെ അവസാന ലാൻഡിങ് പരീക്ഷണം വിജയം.

പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ മൂന്നാം പരീക്ഷണമാണ്
ഇന്ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ രാവിലെ 7.10ന് നടന്നത്.

അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓർബിറ്റല്‍ റീ എൻട്രി വെഹിക്കിള്‍ – ഒആർവി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിർത്തി, ആദ്യതവണ മുതല്‍ ഒരേ വാഹനം തന്നെയാണ് ലാൻഡിങ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.

വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിലാണ് ‘പുഷ്പക്’ എന്നു പേരിട്ടിരിക്കുന്ന ആർഎല്‍വിയെ ലാൻഡിങ് പരീക്ഷണം തുടങ്ങുന്ന അന്തരീക്ഷത്തിലേക്കു കൊണ്ടു പോയത്. തുടർന്ന് തറനിരപ്പില്‍ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റണ്‍വേയില്‍ നിന്ന് 4 കിലോമീറ്റർ ദൂരത്തിലും ആർഎല്‍വിയെ ഹെലികോപ്റ്റർ വിട്ടയച്ചു. അവിടെ നിന്ന് 500 മീറ്റർ ദൂരം മാറി സഞ്ചരിച്ച്‌ ആർഎല്‍വി റണ്‍വേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്കെത്തി. ദിശ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ ദിശാ സൂചക (ഗൈഡൻസ്) ആല്‍ഗരിതം വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ചിട്ടുണ്ട്.

ജെ.മുത്തു പാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. വെഹിക്കിള്‍ ഡയറക്ടർ ബി.കാർത്തിക്. ഐഎസ്‌ആർഒ ചെയർമാൻ എസ്.സോമനാഥ്, വിഎസ്‌എസ്‌സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ എന്നിവർ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group