ചൂരല്‍മലയുടെ ഞെട്ടിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ; ഒലിച്ചുപോയത് 86000 ചതുരശ്ര മീറ്റര്‍ പ്രദേശം

വയനാട് ദുരന്തത്തിൻ്റെ ആഴം വ്യക്തമാക്കി ഉരുള്‍പൊട്ടലിൻ്റെ ഞെട്ടിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍. ഐഎസ്‌ആർഒയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ടിംഗ്‌ സെന്‍സിംഗ് സെന്ററാണ് ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

2023 മെയ് 22ന് കാര്‍ടോസാറ്റ് മൂന്ന് പകര്‍ത്തിയ ചിത്രങ്ങളും ഉരുള്‍പൊട്ടലിന് ശേഷം ബുധനാഴ്‌ച റിസാറ്റ് പകര്‍ത്തിയ ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളെല്ലാം ഒലിച്ചുപോയതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ദുരന്തത്തില്‍ 86000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചുപോയി. പാറക്കല്ലുകളും അവശിഷ്ടങ്ങളും എട്ട് കിലോമീറ്ററോളം താഴേക്ക് ഒഴുകി.

40 വർഷം മുമ്ബ് മുണ്ടക്കൈയില്‍ നാശം വിതച്ച ഉരുള്‍പൊട്ടലിൻ്റെ പ്രഭവകേന്ദ്രത്തിന് അടുത്തുതന്നെയാണ് ഇത്തവണത്തെ ദുരന്തത്തിൻ്റെയും പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സമുദ്രനിരപ്പില്‍ നിന്നും 1,550 മീറ്റർ ഉയരത്തിലാണെന്നും ഐഎസ്‌ആർഒയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

വയനാട് ദുരന്തത്തില്‍ ഇതുവരെ 326 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിതിട്ടുള്ളത്. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. വീടുകളടക്കം നാനൂറ് കെട്ടിടങ്ങള്‍ നിലംപൊത്തി. 1984 ജൂലായ് ഒന്നിന് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 18 പേർ മരിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group