ജനുവരി 02- വിശുദ്ധ ഗ്രിഗറി നസിയാൻസെൻ

കപ്പദോക്കിയായിലെ നസിയാനുസിൽ 329-നോടടുത്തായിരുന്നു ഗ്രിഗറിയുടെ ജനനം. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൗരസ്ത്യ സഭാപിതാക്കന്മാരിൽ പ്രമുഖനായിരുന്നു വിശുദ്ധൻ. കപ്പദോക്കിയായിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നിയമപഠനത്തിനായി പാലസ്തീനായിലേയ്ക്കും അനന്തരം ആതൻസിലേയ്ക്കും പോയി.

നിയമത്തിൽ ഉപരിപഠനം പൂർത്തിയാക്കിയ ഗ്രിഗോറിയോസ്, മുപ്പതാമത്തെ വയസ്സിൽ നസിയാൻസിലേയ്ക്കു മടങ്ങി. ഈ സമയത്താണ് പോണ്ടസിലെ ഐറിസ് നദീതടത്തിൽ ഏകാകിയായി ധ്യാനജീവിതം നയിച്ചിരുന്ന ആത്മസുഹൃത്ത് ബാസിൽ, ഗ്രിഗറിയെ തന്നോടൊപ്പം ധ്യാനജീവിതം നയിക്കുവാൻ ക്ഷണിക്കുന്നത്. ആ ക്ഷണം സ്വീകരിച്ച അദ്ദേഹം രണ്ടു വർഷം അവിടെ സന്യാസജീവിതം നയിച്ചു. പിന്നീട് അദ്ദേഹം നസിയാൻസിലെ മെത്രാനായിരുന്ന വി. ഗ്രിഗോറിയോസിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു.

സഭാവിശ്വാസികൾ ആര്യനിസം എന്ന പാഷണ്ഡസിദ്ധാന്തത്തിന്റെ പ്രതിസന്ധി അനുഭവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ഈ ഘട്ടത്തിൽ ഗ്രിഗറിയുടെ സാന്നിധ്യവും നേതൃത്വവും സഭാതനയർക്ക് ഏറെ ആശ്വാസം നൽകി. അദ്ദേഹത്തിന്റെ ഉജജ്വലമായ പ്രസംഗങ്ങൾ അബദ്ധസിദ്ധാന്തങ്ങളിലേയ്ക്കുള്ള കുത്തൊഴുക്കിനെ ഒരു പരിധിവരെ എങ്കിലും തടഞ്ഞു.

370-ൽ ഗ്രിഗറിയുടെ ആത്മസുഹൃത്തായിരുന്ന ബാസിൽ, കേസറിയായുടെ മെത്രാപ്പോലീത്താ ആയി നിയമിക്കപ്പെട്ടു. വാലെൻസ് ചക്രവർത്തിയുടെ നേതൃത്വത്തിൽ ആര്യൻ വിശ്വാസം അടിച്ചേൽപ്പിക്കുവാനുള്ള കഠിനപ്രയത്‌നങ്ങൾ നടന്നുകൊണ്ടിരുന്ന അവസരമായിരുന്നു അത്. ഈ ശ്രമങ്ങളെ തടയാൻ പ്രാപ്തനായ ഒരു സഭാനേതാവിനെ തനിക്ക് ലഭിക്കണമെന്ന് ബാസിൽ ആഗ്രഹിച്ചു. ഗ്രിഗറി തന്നെയാണ് അതിന് ഏറ്റവും യോഗ്യനെന്നു മനസ്സിലാക്കിയ ബാസിൽ, അദ്ദേഹത്തെ നസിയാനിലെ മെത്രാനായി അഭിഷേകം ചെയ്തു.

381-ൽ ഗ്രിഗറി കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കായി തെരഞ്ഞെടുക്കെപ്പട്ടു. അദ്ദേഹത്തിന്റെ തീക്ഷ്ണമായ പ്രവർത്തനത്തിന്റെ ഫലമായി ആര്യൻ പാഷളണ്ഡതയെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചു. ഇതിൽ അസൂയ പൂണ്ട ശത്രുക്കൾ അദ്ദേഹത്തെ വധിക്കുവാൻ ശ്രമിച്ചു. എന്നാൽ, അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് നസിയാൻസെനിലേയ്ക്കു മടങ്ങിയ ഗ്രിഗറി, ഏതാനും വർഷം അവിടെ ഭരണം നടത്തിയശേഷം സ്വദേശത്തേയ്ക്കു മടങ്ങി. പിന്നീടുള്ള കാലം ധ്യാനത്തിലും പ്രാർത്ഥനയിലും സാഹിത്യപരിശ്രമത്തിലുമായി കഴിച്ചുകൂട്ടി. 389-ൽ അദ്ദേഹം മരണമടഞ്ഞു.

അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവനും ഏകാന്ത ജീവിതത്തിനും, ഊർജ്ജിതമായ സുവിശേഷ പ്രവർത്തനത്തിനുമിടക്ക്‌ ചലിച്ചു കൊണ്ടിരിന്നുവെന്ന് പറയാം. ഏകാന്ത ജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു വിശുദ്ധ ഗ്രിഗറി, പക്ഷെ വിവിധ സാഹചര്യങ്ങളുടെ സമ്മർദ്ദമനുസരിച്ചു വിശുദ്ധന് സുവിശേഷ വേലകളിലും, സഭാസംബന്ധിയായ പ്രവർത്തനങ്ങളിലും തുടരെ തുടരെ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്. ക്രിസ്തീയ പൂർവ്വികതയുടെ ശക്തനായ പ്രാസംഗികനായിരുന്ന വിശുദ്ധൻ എന്നു കൂടി വിശുദ്ധ ഗ്രിഗറിയെ വിശേഷിപ്പിക്കാം; അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണപാടവത്തോടു കടപ്പെട്ടിരിക്കുന്നു. വിശുദ്ധൻറെ വ്യത്യസ്തമായ രചനകൾ അദ്ദേഹത്തിന് ‘തിരുസഭയുടെ വേദപാരംഗതൻ’ എന്ന പേര് നേടികൊടുക്കുകയും ചെയ്തു.

വിചിന്തനം: എന്റെ ദൈവമേ, ഓരോ നിമിഷവും ഞാൻ അങ്ങയെ സ്‌നേഹിക്കുന്നുവെന്ന് എന്റെ നാവിനു പറയാൻ സാധിച്ചില്ലെങ്കിൽ, ഞാൻ ശ്വാസമെടുക്കുന്നയത്രയും പ്രാവശ്യം അത് ആവർത്തിച്ചുപറയാൻ ഇടയാകട്ടെ – വി. ജോൺ മരിയ വിയാനി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group