ജനുവരി 05: വിശുദ്ധ ജോണ്‍ ന്യുമാന്‍.

1811 മാര്‍ച്ച് 28ന് കാലുറ നെയ്ത്തുകാരന്റെ ആറു മക്കളില്‍ ഒരാളായാണ് വിശുദ്ധ ജോണ്‍ ന്യുമാന്‍ ജനിച്ചത്. തന്റെ അമ്മയില്‍ നിന്നുമാണ് വിശുദ്ധന്‍ ദൈവഭക്തി ശീലിച്ചത്. അവളുടെ പ്രേരണയാല്‍ ജോണ്‍ ബഡ് വെയിസിലെ സെമിനാരിയില്‍ ചേര്‍ന്നു.

സെമിനാരി ജീവിതത്തിനിടക്ക് ഒരു സുവിശേഷകനായി അമേരിക്കയില്‍ പോകണമെന്നായിരുന്നു ജോണ്‍ ആഗ്രഹിച്ചിരുന്നത്. അങ്ങിനെ അദ്ദേഹം തന്റെ ജന്മദേശം വിടുകയും, 1836-ല്‍ ന്യൂയോര്‍ക്കിലെ മെത്രാനായിരുന്ന ജോണ്‍ ഡുബോയിസില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. ദേവാലയങ്ങള്‍ പണിയുകയും, സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഏതാണ്ട് നാലു വര്‍ഷത്തോളം അദ്ദേഹം ബുഫാലോയിലും, പരിസര പ്രദേശങ്ങളിലുമായി ചിലവഴിച്ചു.

1840-ല്‍ വിശുദ്ധന്‍ ‘ഹോളി റെഡീമര്‍’ സഭയില്‍ അംഗമായി. എട്ടു വര്‍ഷത്തിനു ശേഷം അദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. പിയൂസ്‌ ഒമ്പതാമന്‍ പാപ്പായുടെ ഉത്തരവ്‌ പ്രകാരം വിശുദ്ധന്‍ ഫിലാഡെല്‍ഫിയായിലെ നാലാമത്തെ മെത്രാനായി വാഴിക്കപ്പെട്ടു. എട്ടോളം ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം തന്റെ സുവിശേഷ വേലകളില്‍ അദ്ദേഹത്തിന് തുണയായി. പൊതു വിഷയങ്ങള്‍ക്ക്‌ പുറമേ മതപരമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സഭാ സ്കൂളുകള്‍ക്ക് (the Parochial School System in America) വേണ്ടി പ്രവര്‍ത്തിച്ചവരില്‍ ഒരു പ്രഥമ സ്ഥാനം വിശുദ്ധനുണ്ട്.

വിശുദ്ധന്റെ ജീവിതത്തില്‍ പ്രത്യേകമായി എടുത്ത് പറയേണ്ട ഒരു കാര്യമാണ് റോമില്‍ വെച്ച് പരിശുദ്ധ മാതാവിന്റെ അമലോല്‍ഭവ പ്രമാണ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ് നാല്‍പ്പതു മണി ആരാധനാരീതി ഫിലാഡെല്‍ഫിയാ രൂപതയില്‍ ആരംഭിച്ചത്‌. ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കായി അമേരിക്കയിലെ ആദ്യത്തെ ദേവാലയം ഇദ്ദേഹമാണ് നിര്‍മ്മിച്ചത്‌. വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയിലെ ഗ്ലെന്‍ റിഡിള്‍ സന്യാസിനീ വിഭാഗത്തിന്റെ സ്ഥാപകനും വിശുദ്ധ ജോണ്‍ ന്യുമാനാണ്.

1860 ജനുവരി 5ന്, തന്റെ 48-മത്തെ വയസ്സില്‍ വിശുദ്ധന്‍ തെരുവില്‍ തളര്‍ന്ന്‍ വീഴുകയും, തന്റെ സുവിശേഷ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിച്ച് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുകയും ചെയ്തു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group