ജനുവരി 17: വിശുദ്ധ അന്തോണീസ്

250-ല്‍ മധ്യ-ഈജിപ്തിലാണ് വിശുദ്ധന്‍ ജനിച്ചത്‌. വളരെ ശ്രേഷ്ഠരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അവരുടെ പെട്ടെന്നുള്ള മരണത്തോടെ വിശുദ്ധന്‍ തന്നെതന്നെ പൂര്‍ണ്ണമായും അനശ്വരതക്കര്‍ഹമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം സമര്‍പ്പിച്ചു.

ഒരിക്കല്‍ ദേവാലയത്തിലായിരിക്കുമ്പോള്‍ അദ്ദേഹം ഒരു സുവിശേഷ വാക്യം ശ്രവിക്കുവാനിടയായി,ഇപ്രകാരമായിരിന്നു അത്, “നീ പൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക.” (മത്തായി 19:21) ഈ വാക്യം ക്രിസ്തു നേരിട്ട് തന്നോട്‌ വ്യക്തിപരമായി ആവശ്യപ്പെടുന്നതായി വിശുദ്ധനു തോന്നി. ഒട്ടും വൈകാതെ തന്നെ വിശുദ്ധന്‍ തന്റെ സ്വത്തെല്ലാം വിറ്റ് ദരിദ്രര്‍ക്ക്‌ കൊടുത്തു. ഏതാണ്ട് 270-ല്‍ ദൈവീക ജീവിതത്തിനായി മരുഭൂമിയിലേക്ക്‌ പോയി. ക്ഷീണമനുഭവിക്കുമ്പോള്‍ അദ്ദേഹം കിടന്നിരുന്ന കിടക്ക ഉറച്ച പാറയായിരുന്നു. അദ്ദേഹം തന്നെതന്നെ കഠിനമായ സഹനങ്ങള്‍ക്ക് വിധേയനാക്കി. വെറും അപ്പവും, ഉപ്പും മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. വെറും വെള്ളം മാത്രം കുടിക്കുകയും ചെയ്തിരുന്നു. സൂര്യാസ്തമനത്തിനു മുന്‍പ്‌ വിശുദ്ധന്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. രാവും പകലും പ്രാര്‍ത്ഥനകളുമായി രണ്ടു ദിവസത്തോളം ഒരു ഭക്ഷണവും കഴിക്കാതെ അദ്ദേഹം കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

നിരന്തരമായി വിശുദ്ധന്‍ പൈശാചിക ആക്രമണങ്ങള്‍ക്ക് വിധേയനായിരുന്നു, പക്ഷേ ഇവയെല്ലാം വിശുദ്ധന്റെ നന്മയും ഭക്തിയും കൂട്ടുവാനേ ഉപകരിച്ചുള്ളു. സ്വയം സ്വീകരിക്കുന്ന ദാരിദ്ര്യം, ക്രിസ്തുവിനോടുള്ള അടിയുറച്ച സ്നേഹം, എളിമ, ഉപവാസം കുരിശടയാളം” എന്നിവ വഴിയായി സാത്താനെ തോല്‍പ്പിക്കാന്‍ അദ്ദേഹം തന്റെ ശിഷ്യരോട് ആഹ്വാനം ചെയ്തു.

356-ല്‍ വിശുദ്ധനു 105 വയസ്സ് പ്രായമായപ്പോള്‍ ചെങ്കടലിന് സമീപമുള്ള കോള്‍സീന്‍ പര്‍വ്വതത്തില്‍ വെച്ച് വിശുദ്ധന്‍ മരണപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ സുഹൃത്തും, നിര്‍ഭയനുമായിരുന്ന മെത്രാന്‍ വിശുദ്ധ അത്തനാസിയൂസ് വിശുദ്ധ അന്തോണിയുടെ ജീവചരിത്രമെഴുതി. ഇത് നൂറ്റാണ്ടുകളോളം സന്യസ്തരുടെ ഇതിഹാസ ഗ്രന്ഥമായി തുടര്‍ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group